സ്വന്തം ലേഖകൻ

കൊച്ചി: കെപിസിസി വർക്കിംഗ് പ്രസിഡന്റും തൃക്കാക്കര എം എൽ എയുമായ പിടി തോമസ് (71) നിര്യാതനായി., തമിഴ്‌നാട്ടിലെ വെല്ലൂർ ആശുപത്രിയിൽ വച്ച് രാവിലെ 10.10നായിരുന്നു പി ടി തോമസിന്റെ വിടവാങ്ങൽ. അർബുദരോഗബാധിതനായി പിടി തോമസ് ദീർഘകാലമായി ചികിത്സയിലായിരുന്നു. ചികിത്സയുടെ ഭാഗമായി വെല്ലൂരിലെ ആശുപത്രിയിൽ തുടരുന്നതിനിടെയാണ് മരണം. ഭാര്യ: ഉമ തോമസ്, മക്കൾ: വിഷ്ണു തോമസ്, വിവേക് തോമസ്. നാല് തവണ എംഎൽഎയും ഒരു തവണ ഇടുക്കിയുടെ എംപിയുമായിരുന്നു.

കോൺഗ്രസ് നേതൃനിരയിൽ എല്ലാം കൊണ്ട് വേറിട്ട നേതാവായിരുന്നു പിടി തോമസ്. തൊടുപുഴയിൽ കർഷക കുടുംബത്തിൽ ജനിച്ച് കോൺഗ്രസ് പാർട്ടിയുടെ നേതൃനിരയിലേക്ക് ഉയർന്നു വന്ന പിടി കോൺഗ്രസിലെ ഒറ്റയാനായിരുന്നു. ആദ്യവസാനം കോൺഗ്രസ് പ്രവർത്തകരുടെ നേതാവായിരുന്നു പി ടി. താഴെത്തട്ടിലെ പ്രവർത്തകരുമായി സാധാരണക്കാരുമായും അടുത്ത ബന്ധം പുലർത്തി. ഏത് നേരത്തും അണികളുടെ ഏത് ആവശ്യത്തിനും സമീപിക്കാൻ സാധിക്കുന്ന പ്രിയങ്കരനായ നേതാവ് എന്ന നിലയിലാണ് പിടിയെ അണികൾ ചേർത്തു പിടിച്ചത്.

എറണാകുളം മഹാരാജാസ് കോളേജിലെ കെ എസ്.യുവിന്റെ നേതാവായി ഉയർന്നുവന്ന പിടി തോമസ് ക്യാംപസ് കാലം മുതൽ തന്നെ ഒരു പോരാളിയായിരുന്നു. ഇടുക്കി എംപിയായിരുന്ന കാലത്ത് കസ്തൂരിരംഗൻ റിപ്പോർട്ടിന്റെ പേരിൽ സഭയുമായി പിടി തോമസ് നേരിട്ട് ഏറ്റുമുട്ടി. ക്രൈസ്തവസഭകളിൽ നിന്നും കടുത്ത പ്രതിഷേധം അദ്ദേഹത്തിന് നേരെയുണ്ടായതോടെ ഇടുക്കി സീറ്റിൽ നിന്നും പാർട്ടി നേതൃത്വത്തിന് അദ്ദേഹത്തെ മാറ്റി നിർത്തേണ്ടി വന്നു. തുടർന്ന് 2016-ൽ എറണാകുളത്തെ തൃക്കാക്കര സീറ്റിൽ മത്സരിച്ച പി ടി 2021-ലും അവിടെ വിജയം ആവർത്തിച്ചു.

നിയമസഭയിൽ മുഖ്യമന്ത്രി പിണറായി വിജയനുമായി പി.ടിയെ പോലെ ഏറ്റുമുട്ടിയ മറ്റൊരു നേതാവില്ല. സർക്കാരിനും മുഖ്യമന്ത്രിക്കുമെതിരെ വിവിധ ആരോപണങ്ങളുമായി പിടി എത്തിയപ്പോൾ പിണറായി വിജയനും പിടിയും തമ്മിലുള്ള കടുത്ത വാക്ക്‌പ്പോരുകൾക്ക് പലവട്ടം സഭ സാക്ഷിയായിട്ടുണ്ട്.

പിടി തോമസിന് അർബുദമായിരുന്നുവെന്ന കാര്യം പാർട്ടിയിലെ സഹപ്രവർത്തകർക്കെല്ലാം അറിയാമായിരുന്നു. എന്നാൽ അദ്ദേഹം തിരിച്ചു വരും എന്നായിരുന്നു എല്ലാവരുടേയും ധാരണ. അദ്ദേഹവും ആ ആത്മവിശ്വാസമാണ് എല്ലാവരുമായി പങ്കുവച്ചതും. ആരോഗ്യപരമായ ചില പ്രശ്‌നങ്ങളാൽ അദ്ദേഹത്തിന് കീമോതെറാപ്പി നടത്താൻ ചില ബുദ്ധിമുട്ടുകളുണ്ടായിരുന്നു. ഇതല്ലാതെ ഗുരുതരമായ ആരോഗ്യപ്രശ്‌നങ്ങൾ പിടിക്ക് ഉണ്ടായിരുന്നതായി സഹപ്രവർത്തകർക്കും അറിയില്ല. പാർട്ടി തന്നെ ഇടപെട്ട് അദ്ദേഹത്തിന്റെ തുടർചികിത്സയിൽ അമേരിക്കയിൽ നിന്നുള്ള ഡോക്ടർമാരിൽ നിന്നടക്കം വിവരങ്ങൾ തേടിയിരുന്നു. ഇതിനിടെയാണ് തീർത്തും അപ്രതീക്ഷിതമായുള്ള പിടിയുടെ വിയോഗം. 41 വർഷത്തിലേറെയായി കോൺഗ്രസ് രാഷ്ട്രീയത്തിൽ സജീവമായിരുന്ന പിടിയുടെ അപ്രതീക്ഷിത വിയോഗം സൃഷ്ടിച്ച ഞെട്ടലിലാണ് നേതാക്കളും പ്രവർത്തകരും.
വെല്ലൂരിൽ നിന്നും മൃതദേഹം നാളെ രാവിലെ ഇടുക്കിയിലെ ജന്മനാടായ ഉപ്പുതോട്ടിൽ എത്തിക്കും. തുടർന്ന് പാലാരിവട്ടത്തെ വീട്ടിലെത്തിക്കുന്ന മൃതദേഹം എറണാകുളം ടൗൺഹാളിൽ പൊതു ദർശനത്തിനു വെക്കും. വൈകിട്ട് രവിപുരം പൊതു ശ്മശാനത്തിൽ ദഹിപ്പിക്കും.
മതാചാര പ്രകാരമുള്ള സംസ്‌കാരം വേണ്ടെന്നും, കണ്ണുകൾ ദാനം ചെയ്യണമെന്നും പി ടി തോമസ് സുഹൃത്തുക്കളോട് ആഗ്രഹം പ്രകടിപ്പിച്ചിരുന്നു, പി ടിയുടെ അന്തിമാഭാലാഷ പ്രകാരമാണ് രവിപുരം പൊതു ശ്മശാനത്തിൽ മൃതദേഹം ദഹിപ്പിക്കുന്നത്
. മൃതദേഹത്തിൽ റീത്ത് സമർപ്പിക്കരുതെന്നും , വയലാറിന്റെ ചന്ദ്രകളഭം എന്നു തുടങ്ങുന്ന ഗാനം കേൾപ്പിച്ചുകൊണ്ട് വിട നൽകണമെന്നും അദ്ദേഹം ആഗ്രഹം പ്രകടിപ്പിച്ചിരുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here