കൊല്ലം: സിൽവർലൈൻ പദ്ധതിയിലടക്കം ഇടതു സർക്കാരിനെ പിന്തുണച്ച് പ്രസ്താവന ഇറക്കി വിവാദത്തിലായ കോൺഗ്രസ് എം പി ശശി തരൂരിനെ പിന്തുണച്ച് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ . സിൽവർ ലൈനിൽ ശശി തരൂർ യു ഡിഎഫ് നിലപാടിനൊപ്പമാണെന്ന് സതീശൻ പറഞ്ഞു. പദ്ധതി സംബന്ധിച്ച് യുഡിഎഫ് ഉന്നയിച്ച ചോദ്യങ്ങൾ പ്രസക്തമാണെന്ന് തരൂർ തനിക്ക് മറുപടി നൽകിയെന്നും അദ്ദേഹം പറഞ്ഞു.

ഇതിനിടെ തരൂരിനെ നിയന്ത്രിക്കണമെന്ന് മുൻ കെ പി സി സി അധ്യക്ഷൻ മുല്ലപ്പള്ളി രാമചന്ദ്രൻ പറഞ്ഞു. ശശി തരൂരിനെ നിയന്ത്രിക്കേണ്ടത് അഖിലേന്ത്യ കോൺഗ്രസ് നേതൃത്വം ആണ്. ഇക്കാര്യത്തിൽ നേതൃത്വം ഇടപെടണം. സാധാരണ കോൺഗ്രസ് പ്രവർത്തകർ രാവും പകലും കഷ്ടപ്പെട്ടാണ് ശശി തരൂരിനെ വിജയിപ്പിച്ചത്. ശശി തരൂർ പാർട്ടിയെ മറന്നു കൊണ്ട് അഭിപ്രായം പറയാൻ പാടില്ലെന്നും മുല്ലപ്പള്ളി രാമചന്ദ്രൻ പറഞ്ഞു.

ശശി തരൂരിന്റെ കാര്യത്തിൽ കെ പി സി സി തീരുമാനമെടുക്കട്ടെയെന്നാണ് കെ.സി വേണുഗോപാലിന്റെ നിലപാട് . തരൂരിനെതിരെ കെ പി സി സി പരാതി നൽകിയിട്ടില്ലെന്നും കെ സി വേണുഗോപാൽ പറഞ്ഞു

ശശി തരൂരിന്റെ ഇടത് അനുകൂല നിലപാടുകൾക്കെതിരെ കർശന നടപടി എടുക്കുമെന്ന മുന്നറിയിപ്പ് കെ പി സി സി അധ്യക്ഷൻ കെ സുധാകരൻ നൽകിയിരുന്നു. തരൂർ കോൺഗ്രസ് പാർട്ടിയിലെ ഒരു എം.പി മാത്രമാണെന്നും പാർട്ടി നിലപാട് അംഗീകരിച്ചില്ലെങ്കിൽ തരൂരിന് പുറത്തു പോകേണ്ടി വരുമെന്നും സുധാകരൻ പറഞ്ഞിരുന്നു. ഇക്കാര്യത്തിൽ കർശന നിലപാട് പാർട്ടിക്കുണ്ടെന്നും സുധാകരൻ വ്യക്തമാക്കി.

കെ റെയിൽ വിഷയത്തിൽ പാർട്ടിയുടേയും മുന്നണിയുടേയും നിലപാടിന് വിരുദ്ധമായ നിലയിൽ ശശി തരൂർ പ്രതികരണം തുടരുകയും പിണറായി വിജയനെ പൊതുവേദികളിൽ പ്രശംസിച്ചു സംസാരിക്കുകയും ചെയ്ത സാഹചര്യത്തിലാണ് കെ സുധാകരൻ നിലപാട് വ്യക്തമാക്കിയത്.

 

LEAVE A REPLY

Please enter your comment!
Please enter your name here