ഇടുക്കി: മൂന്നാർ പഞ്ചായത്ത്  ഭരണം ഇടതുമുന്നണി പിടിച്ചെടുത്തു. കൂറുമാറിയ അംഗങ്ങൾ എൽഡിഎഫിനൊപ്പം നിന്നതോടെയാണ് 11 വർഷമായി കോൺഗ്രസിനൊപ്പം നിലകൊണ്ടിരുന്ന പഞ്ചായത്ത് എൽഡിഎഫിനൊപ്പം എത്തിയത്. പ്രസിഡന്റ് തെരഞ്ഞെടുപ്പിൽ യുഡിഎഫ് സ്ഥാനാർത്ഥി ദീപയെ പരാജയപ്പെടുത്തി എൽഡിഎഫിന്റ പ്രവീണ രവികുമാർ പ്രസിഡന്റായി ചുമതലയേറ്റു. ഒമ്പതിനെതിരെ 12 വോട്ടുകൾ നേടിയാണ് പ്രവീണയുടെ ജയം.

കോൺഗ്രസ് അംഗമായിരുന്ന പ്രവീണ കൂറുമാറി എൽഡിഎഫിനൊപ്പം ചേർന്നതോടെയായിരുന്നു യുഡിഎഫിന് പഞ്ചായത്ത് ഭരണം നഷ്ടമായത്. രാവിലെ പൊലീസിന്റ വലിയ സുരക്ഷാവലയത്തിലാണ് മൂന്നാർ പഞ്ചായത്തിലെ പ്രസിഡന്റ് തെരഞ്ഞെടുപ്പ് നടന്നത്. അവിശ്വാസ പ്രമേയ ദിവസം പ്രവർത്തകർ തമ്മിൽ ചേരിതിരിഞ്ഞ് ചില പ്രശ്‌നങ്ങൾ സൃഷ്ടിച്ചിരുന്നു. ഇത് ഒഴിവാക്കാൻ ഇന്ന് പ്രവർത്തകരെ കവാടത്തിന് പുറത്താണ് നിർത്തിയത്. പഞ്ചായത്ത് ഓഫീസിന് അകത്ത് പഞ്ചായത്ത് അംഗങ്ങൾക്ക് മാത്രമാണ് പ്രവേശനം നൽകിയത്. തുടർന്ന് 11 മണിയോടെ ഭരണാധികാരി ഫറൂക്കിന്റെ നേതൃത്വത്തിൽ പ്രസിഡന്റ് തിരഞ്ഞെടുപ്പ് ആരംഭിച്ചു. യുഡിഎഫിന്റ ദീപ രാജ്മാറും കോൺഗ്രസിൽ നിന്നും എൽഡിഎഫിലേക്ക് ചേക്കേറിയ പ്രവീണ രവികുമാറും തമ്മിലായിരുന്നു മത്സരം.

ദീപ രാജ്കുമാറിന് ഒമ്പത് വോട്ടും പ്രവീണക്ക് 12 വോട്ടും ലഭിച്ചു. തുടർന്ന് പ്രവീണ രവികുമാറിനെ വിജയിയായി ഭരണാധികാരി പ്രഖ്യാപിക്കുകയും പ്രവീണ സത്യപ്രതിജ്ഞ ചെയ്ത് അധികാരമേൽക്കുകയും ചെയ്തു.  സർക്കാരിന്റ് ലൈഫ് പദ്ധതി നടപ്പിലാക്കുമെന്ന് അവർ പറഞ്ഞു. കോൺഗ്രസ് അംഗങ്ങൾ പുറത്തിറങ്ങി കൂറുമാറിയ അംഗങ്ങൾക്കെതിരെ മുദ്രാവാക്യങ്ങൾ മുഴക്കി. അല്പനേരം കഴിഞ്ഞ് പിരിഞ്ഞു പോയി. ഉച്ചയ്ക്ക് ശേഷം വൈസ് പ്രസിഡന്റ് തെരഞ്ഞെടുപ്പ് നടക്കും. സംഘർഷ സാധ്യത കണക്കിലെടുത്ത് കനത്ത പൊലീസ് വലയത്തിലാണ് തെരഞ്ഞെടുപ്പ് നടക്കുന്നത്.

LEAVE A REPLY

Please enter your comment!
Please enter your name here