രാജേഷ് തില്ലങ്കേരി


കേരളം ദൈവത്തിന്റെ നാടാണെന്നാണ് അഭിമാന പൂർവ്വം നമ്മൾ പറയാറ്. എന്നാൽ കേരളം കുറച്ചുകാലമായി ഗുണ്ടകളുടെയും കൊലപാതകികളുടെയും നാടായി മാറിയിരിക്കയാണ്. തിരുവനന്തപുരത്തും, കൊച്ചിയിലും കോഴിക്കോടും കോട്ടയത്തും ആലപ്പുഴയിലുമായി നിരവധി ഗുണ്ടാ അക്രമസംഭവങ്ങളാണ് അരങ്ങേറിയത്. നിരവധി ജീവനുകൾ ഗുണ്ടാ അക്രമണങ്ങളിൽ പൊലിഞ്ഞു. ഏറ്റവും ഒടുവിൽ കോട്ടയത്തുനിന്നാണ് ആരെയും ഭയപ്പെടുത്തുന്നതരത്തിലുള്ള കൊലപാതകം റിപ്പോർട്ട് ചെയ്യപ്പെട്ടിരിക്കുന്നത്. കൊച്ചി കടവന്ത്രയിൽ നടന്നാ ഗുണ്ടാ അക്രമത്തിൽ തമിഴ് നാട് സ്വദേശിയാണ് കൊല്ലപ്പെട്ടത്.
 


ഗുണ്ടാ സംഘങ്ങൾ ചേരിതിരിഞ്ഞ് നടത്തുന്ന കൊലപാതകങ്ങൾ സ്വര്യജീവിതം തകർക്കുകയാണ്. കോട്ടയത്ത് ഗുണ്ടാ നേതാവ് പിടിച്ചുകൊണ്ടുപോയ യുവാവിനെ കൊലപ്പെടുത്തി പൊലീസ് സ്റ്റേഷനിൽ കൊണ്ടിടുകയായിരുന്നു.
ആലപ്പുഴിയിൽ അരങ്ങേറിയ ഇരട്ടക്കൊലപാതകം സംസ്ഥാനത്തിന്റെ തന്നെ സമാധാനാന്തരീക്ഷം തകർത്തിരുന്നു.

തിരുവനന്തപുരത്ത് ഗുണ്ടാ സംഘം യുവാവിനെ കൊലപ്പെടുത്തി കാല് വെട്ടിയെടുത്ത് വഴിയിലെറിഞ്ഞ സംഭവം ഏറെ ഭീതിയുയർത്തി. തുടരെ തുടരെ തിരുവനന്തപുരത്ത് ഗുണ്ടാ വിളയാട്ടം അരങ്ങേറിയതോടെ സംസ്ഥാന മന്ത്രിസഭയിലെ അംഗമായ അനിൽകുമാർ പൊലീസിനെതിരെ തിരിഞ്ഞതും നാം കണ്ടതാണ്. പൊലീസ് നിഷ്‌ക്രിയമായതാണ് എല്ലാ അക്രമ, കൊലപാതക സംഭവങ്ങൾക്കും പ്രധാന കാരണം, കേരളത്തിൽ വളർന്നു കൊണ്ടിരിക്കുന്ന മയക്കുമരുന്ന് മാഫിയയാണ്. 
 
കോടികളുടെ മയക്കുമരുന്നാണ് കേരളത്തിലേക്ക് എത്തുന്നതെന്നാണ് എക്‌സൈസ് വകുപ്പിന്റെ കണക്കുകൾ പറയുന്നത്. എന്നാൽ ഗുണ്ടകളെ അമർച്ച ചെയ്യാനോ, മയക്കുമരുന്ന് മാഫിയകളെ പിടികൂടാനോ പൊലീസിന് കഴിയാത്തസ്ഥിതി കൂടുതൽ ഗുരുതരമാക്കുകയാണ്. അഭ്യന്തര വകുപ്പ് ഇത്രയേറെ പരാജയപ്പെട്ട ഒരു കാലം ഇതിന് മുൻപ് ഉണ്ടായിട്ടില്ലെന്നാണ് സ്വന്തം പാർട്ടിക്കാർ പോലും ആരോപിക്കുന്നത്.

ഗുണ്ടകളെ അമർച്ച ചെയ്യാനായി ഓപ്പറേഷൻ കാവൽ എന്ന പരിപാടിയുമായി പൊലീസ് രംഗത്തെത്തുമെന്നാണ് ഇപ്പോൾ പ്രഖ്യാപിച്ചിരിക്കുന്നത്. എന്നാൽ ഗുണ്ടാ ആക്റ്റും മറ്റും ഇവിടെ നിലവിലുണ്ടായിട്ടും പ്രത്യേകിച്ച് ഒന്നും നടക്കാറില്ല. രാഷ്ട്രീയ പാർട്ടികളാണ് ഗുണ്ടാ സംഘത്തിന്റെ കാവൽക്കാർ. ആദ്യം പാർട്ടിയുടെ ഗുണ്ടയായും പിന്നീട് സ്വന്തം നിലയിലുള്ള ക്വട്ടേഷൻ പരിപാടികളും ഏറ്റെടുക്കുകയാണ് ഗുണ്ടകളുടെ രീതി.

എന്ത് ന്യായീകരണവുമായി അഭ്യന്തര വകുപ്പും പൊലീസ് ഉന്നതരും വന്നാലും കേരളത്തിന് ഗുണ്ടാ വിളയാട്ടം വലിയ നാണക്കേടാണ്. ഇത് ചെകുത്താൻമാരുടെ നാടായി കേരളം മാറാതിരിക്കാൻ അടിയന്തിര ഇടപെടലുകളാണ് ആവശ്യം.

ദിലീപ് കൂടുതൽ കുരുക്കിലേക്ക്

നടിയെ അക്രമിച്ച് അപകീർത്തികരമായ ദൃശ്യങ്ങൾ പകർത്തിയ കേസിൽ നടൻ ദിലീപ് കൂടുതൽ പ്രതിരോധത്തിലാവുകയാണ്. പുതുതായി എട്ട് സാക്ഷികളെ കൂടി വിസ്തരിക്കാനുള്ള പ്രോസിക്യൂഷന്റെ ആവശ്യം ഹൈക്കോടതി അംഗീകരിച്ചിരിക്കയാണ്. കേസിൽ 20 സാക്ഷികളാണ് നേരത്തെ കൂറുമാറിയത്.
 
 
വിചാരണ കോടതി മാറ്റണമെന്ന ആവശ്യവുമായി നേരത്തെ പ്രോസിക്യൂഷൻ കോടതിയെ സമീപിച്ചിരുന്നു, എന്നാൽ ആവശ്യം കോടതി തള്ളി.

ഹൈക്കോടതിയുടെ പുതിയ ഉത്തരവോടെ കൂടുതൽ സാക്ഷികളെ വിസ്തരിക്കാൻ കഴിയും. ഇത് കേസിൽ വഴിത്തിരിവുണ്ടാക്കുമെന്നാണ് പ്രോസിക്യൂഷൻ പ്രതീക്ഷിക്കുന്നത്. ഇതിനിടയിൽ സംവിധായകനായ ബാലചന്ദ്രകുമാറിന്റെ വെളിപ്പെടുത്തലിന്റെ പിന്നാലെ ദിലീപിനെ ചോദ്യം ചെയ്യാനുള്ള നീക്കത്തിലാണ് ക്രൈംബ്രാഞ്ച്.

സിൽവർലൈനിൽ സർക്കാറിന്റെ കടുംപിടുത്തത്തിന് അയവ് വരുന്നു


സിൽവർ ലൈൻ പദ്ധതിക്കെതിരെ ജനരോഷം വർദ്ധിക്കുന്നതിനിടയിലാണ് ഡി പി ആർ പുറത്തുവരുന്നത്. വെള്ളപ്പൊക്ക സാധ്യതയും മലയിടിച്ചൽ സാധ്യതയും ഉണ്ടെന്നാണ് ഡി പി ആറിൽ പറയുന്നത്. പദ്ധതി പ്രദേശത്ത് സ്വാഭാവിക നീരൊഴുക്കിന് തടസമുണ്ടാവുമെന്നും ഡി പി ആർ വ്യക്തമാക്കുന്നു. ഡി പി ആർ ഒരു രഹസ്യ രേഖയാണെന്നായിരുന്നു ആദ്യ ഘട്ടത്തിൽ മുഖ്യമന്ത്രിയുടെ നിലപാട്. പ്രതിപക്ഷത്തിന്റെ ശക്തമായ നിലപാടിനെ തുടർന്നാണ് ഡി പി ആർ പുറത്തുവിട്ടത്.

കെ റെയിൽ പദ്ധതിയിൽ ആരും കണ്ണീർ കുടിക്കേണ്ടിവരില്ലെന്നാണ് മന്ത്രിമാർ പറയുന്നത്. നഷ്ടപരിഹാരം കാലതാമസം കൂടാതെ നൽകും, തുടങ്ങിയ വാഗ്ദാനങ്ങളാണ് മന്ത്രിമാർ പറഞ്ഞുകൊണ്ടിരുന്നത്. കെ റെയിൽ പദ്ധതിയുടെ രൂപ രേഖമാത്രമാണിപ്പോൾ തയ്യാറാക്കിയിരിക്കുന്നതെന്നും അന്തിമ മായി ലൈൻ കടന്നുപോവുന്ന സ്ഥലങ്ങളിൽ തീരുമാനമായിട്ടില്ലെന്നാണ് സിൽവർലൈൻ കോർപ്പറേഷൻ എം ഡി പറയുന്നത്. മന്ത്രി എം വി ഗോവിന്ദനും സർക്കാർ നീക്കുപോക്കിന് തയ്യാറാണെന്ന നിലപാട് വ്യക്തമാക്കിയിരിക്കയാണ്.

കെ റെയിൽ പദ്ധതി നടപ്പാക്കിയാൽ കേരളത്തിലുണ്ടാവാൻ പോവുന്ന പ്രകൃതി ദുരന്തത്തെക്കുറിച്ചല്ല ആരും സംസാരിക്കുന്നത്. നഷ്ടപരിഹാരത്തെകുറിച്ചു മാത്രമാണ്. 2018 ൽ സംസ്ഥാനത്തുണ്ടായ വെള്ളപ്പൊക്കത്തിൽനിന്നും കരയകയറാൻ വിവിധ രാജ്യങ്ങളിൽ പിച്ചച്ചട്ടിയുമായി തെണ്ടി നടന്നത് ഇത്ര പെട്ടെന്ന് കേരളം മറന്നുവോ എന്ന സംശയംമാത്രം ബാക്കി.


 
സി പി എമ്മിനിത് തിരുവാതിരക്കാലം


മാർക്‌സും തിരുവാതിരയും തമ്മിൽ എന്തെങ്കിലും ബന്ധമുണ്ടോ ? ഒറ്റ നോട്ടത്തിൽ ഇല്ലെന്നാണ് തോന്നുക, എന്നാൽ കഠിനമായ ബന്ധമാണ് മാർക്‌സിസവും തിരുവാതിരയും തമ്മിലെന്നാണ് സി പി എം പൊളിറ്റ് ബ്യൂറോ അംഗവും മുൻ  സാംസ്‌കാരിക മന്ത്രിയുമായ എം എ ബേബി പറയുന്നത്. വനതി കൂട്ടായ്മ വളർത്തിയെടുക്കാനും, വനിതകൾക്കിടയിൽ മാർക്‌സിറ്റുപാർട്ടിയെകുറിച്ചുള്ള അവബോധം വർദ്ധിപ്പിക്കാനുമായി ലോകത്താകമാനം ഉപയോഗിക്കാവുന്ന ഒരു കലയാണ് തിരുവാതിരയെന്ന് അടുത്ത പാർട്ടി കോൺഗ്രസിൽ തീരുമാനം ഉണ്ടാവുമെന്ന് പ്രതീക്ഷിക്കാം.

തിരുവനന്തപുരത്ത് മെഗാ തിരുവാതിര അരങ്ങേറുമ്പോൾ, ഇടുക്കിയിൽ കൊല്ലപ്പെട്ട എസ് എഫ് ഐ പ്രവർത്തകൻ ധീരജിന്റെ മൃതദേഹം വഹിച്ചുള്ള വിലാപയാത്ര അങ്ങ് വിപ്ലവ ഭുമിയായ കണ്ണൂരിലേക്ക് പോവുന്നുണ്ടായിരുന്നു. ഇതേസമയം പാർട്ടിയുടെ ഉന്നതനായ നേതാവ് എം എ ബേബി മലയാളി മങ്കയുടെ തിരുവാതിരയാട്ടത്തിൽ താളം പിടിക്കുകയായിരുന്നു.

മെഗാതിരുവാതിര തിരുവനന്തപുരത്ത് മാത്രമല്ല അരങ്ങേറിയത്. സാംസ്‌കാരിക കേരളത്തിന്റെ തലസ്ഥാനമായ തൃശ്ശൂരിലും അരങ്ങേറി മെഗാ തിരുവാതിര. കൊവിഡ് വ്യാപനം രൂക്ഷമായതോടെ ആൾക്കൂട്ടങ്ങൾ പാടില്ലെന്ന നിയമം നിലനിൽക്കെയാണ് തിരുവനന്തപുരത്ത് പാർട്ടി സമ്മേളനത്തിൽ ഗാനമേള അരങ്ങേറിയത്. തിരുവനന്തപുരത്ത് തിരുവാതിരയാണെങ്കിൽ പാലക്കാട് കാളപൂട്ടാണ് പാർട്ടി പരിപാടി. കോൺഗ്രസ് നേതാക്കളെ മരണത്തിന്റെ വ്യാപാരികളെന്ന് വിളിച്ച സി പി എമ്മാണ് കൊവിഡ് വ്യാപനത്തിൽ ആൾക്കൂട്ടവുമായി സമ്മേളനം ആഘോഷിക്കുന്നത്.


പിണറായി മഹാരാജാവിനെ സ്തുതിച്ചുകൊണ്ടുള്ള ഗാനമായിരുന്നല്ലോ തിരുവാതിരയിൽ ആലപിച്ചിരുന്നത്. വ്യക്തി പൂജ പാടില്ലെന്നുള്ള പാർട്ടി നിലപാടിനെ ആകെ കാറ്റിൽ പരത്തിയാണ് പിണറായി സ്തുതി ഗീതം ആലപിച്ചത്. കണ്ണൂരിലെ ചെന്താരകം പാവം പി ജയരാജൻ ഇതൊക്കെ അറിഞ്ഞോ ആവോ. ഗാന്ധിമാർഗത്തിലായ ജയരാജൻ ഇപ്പോ കണ്ണൂരിലെ ചെന്താരമല്ലല്ലോ…
 

സി പി ഐ എന്ന ചെണ്ട


ഒരു പഞ്ചായത്ത് വാർഡിൽ പോലും സ്വന്തം നിലയിൽ സ്ഥാനാർത്ഥിയെ നിർത്തി ജയിപ്പിക്കാൻ കെൽപ്പില്ലാത്ത പാർട്ടിയാണ് സി പി ഐ എന്നാണ് വല്യേട്ടന്റെ കണ്ടെത്തൽ. കോട്ടയം, ഇടുക്കി, തിരുവനന്തപുരം ജില്ലാ സമ്മേളനങ്ങളിലാണ് സി പി ഐയെ പ്രതിനിധികൾ കൊട്ടിയത്. സി പി ഐ ഇടതുമുന്നണിയിലെ രണ്ടാമത്തെ പാർട്ടിയാണ്. മൂന്ന് മന്ത്രിമാരുള്ള ചെറിയേട്ടനെ വല്യേട്ടൻ എന്തിനാണ് ഇങ്ങനെ അധിക്ഷേപിക്കുന്നതെന്ന് ആരെങ്കിലും സംശയിച്ചാൽ അവർക്കുള്ള മറുപടിയാണ് ഇനി പറയുന്നത്.

സി പി എം വിടുന്നവരെ സി പി ഐ സ്വീകരിക്കുമെന്നും, അപ്പോൾ തന്നെ പാർട്ടി അംഗത്വം ന്ൽകുമെന്നും സി പി ഐ തീരുമാനമെടുത്തിരുന്നു. സി പി എം നടപടിയെടുത്ത് പുറത്താക്കുന്നവരെ സി പി ഐ സ്വീകരിക്കുന്നത് പുതിയ സംഭവമൊന്നുമല്ല, ടി ജെ ആഞ്ചലോസിനെ പോലുള്ള വരെ സി പി എം പുറത്താക്കിയപ്പോൾ സി പി ഐ അഭയം നൽകിയതൊക്കെ വലിയ ചർച്ചകൾക്ക് വഴിവച്ചതാണ്. ഇടുക്കിയിൽ നടപടിക്ക് വിധേയനായ മുൻ എം എൽ എ എസ് രാജേന്ദ്രനാണ് ഇനി സി പി ഐയുടെ ലക്ഷ്യം. ഇതാണ് സി പി എമ്മിനെ ചൊടിപ്പിച്ചത്. കണ്ണൂർ തളിപ്പറമ്പിൽ ഒരു സംഘം പാർട്ടി വിട്ട് സി പി ഐ യിൽ ചേർന്നതിൽ സി പി എം സംസ്ഥാന നേതാക്കൾ അമർഷം പരസ്യമായി പ്രകടിപ്പിച്ചിരുന്നു.

സി പി ഐ ഇപ്പോൾ നിലനിൽക്കുന്നത് സി പി എമ്മിന്റെ കാരുണ്യത്താലാണെന്നും, കുറേ എം എൽ എ മാരും മൂന്ന് മന്ത്രിമാരുമൊക്കെ വെറുതെ ഉണ്ടായതല്ലെന്നും , സ്വന്തം ശക്തി എന്താണെന്ന് തിരിച്ചറിയണമെന്നുമാണ് വല്യേട്ടന്റെ നിലപാട്. സി പി ഐ നേതാക്കൾ ഇതൊക്കെ കേട്ട് മൗനത്തിലാണ്. ഭരണത്തിന്റെ ശീതളച്ഛായയിൽ അഭിരമിക്കുന്ന കാനം രാജേന്ദ്രൻ എന്ന പാർട്ടി സെക്രട്ടറി ഇപ്പോൾ എവിടെയാണാവോ …?


വാൽകഷണം : 
 
കോൺഗ്രസിൽ ന്യൂനപക്ഷങ്ങൾ ഭാരവാഹിയായി എത്തുന്നില്ലെന്ന് സി പി എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ. പിണറായി വിജയനും കോടിയേരി ബാലകൃഷ്ണനും മതമില്ലാത്തതിനാൽ സി പി എമ്മിൽ അങ്ങിനെയൊരു ചർച്ചയ്ക്ക് കാര്യമില്ലല്ലോ….

LEAVE A REPLY

Please enter your comment!
Please enter your name here