Lata Mangeshkar

ലതാമങ്കേഷ്‌കർ വിടവാങ്ങുമ്പോൾ അത് മലയാളികളുടെ മനസിൽ മാറാത്തൊരുനോവാണ്. ‘കദളീ കൺകദളി ചെങ്കദളീ പൂവേണോ..കവിളിൽ പൂമദമുള്ളൊരു പെൺപൂ വേണോ പൂക്കാരാ..’- കാലങ്ങൾക്കിപ്പുറവും മലയാളികൾ ഇന്നും ഹൃദയത്തിലേറ്റുന്ന പ്രിയ ഗാനങ്ങളിലൊന്നാണ് ഈ പാട്ട്. എത്ര കേട്ടാലും മതിവരാത്ത ആസ്വാദകരുടെ ഹൃദയതാളങ്ങൾ പോലും കീഴടക്കിയ നിത്യ സുന്ദരഗാനം. ഒരുപക്ഷെ ഒരിക്കലെങ്കിലും ഈ പാട്ട് മൂളിനോക്കാത്തവർ വിരളമായിരിക്കും. ഗാനം പാടിയതാകട്ടെ, ബോളിവുഡ് സിനിമയുടെ ഏഴു പതിറ്റാണ്ട് കാലം നായികമാരുടെ സംഗീത ശബ്ദമായി മാറിയ ലതാ മങ്കേഷ്‌കറും.
1974ൽ പുറത്തിറങ്ങിയ ‘നെല്ല്’ എന്ന ചിത്രത്തിനു വേണ്ടിയാണ് ലതാ മങ്കേഷ്‌കർ ‘കദളീ കൺകദളി’ ആലപിച്ചത്. ഇത് തന്നെയായിരുന്നു പ്രിയഗായികയുടെ ആദ്യ മലയാള ഗാനവും. രാമു കാര്യാടിന്റെ സംവിധാനത്തിൽ ഇറങ്ങിയ ചിത്രത്തിലെ ഗാത്തിന് ഈണം നൽകിയത് സലിൽ ചൗധരിയാണ്. വയലാർ രാമവർമ്മയാണ് എഴുതിയത്. ജയഭാരതിയായിരുന്നു ചിത്രത്തിലെ നായിക.

1957ൽ ‘ശ്രീ രാമുലു നായിഡു’ തന്റെ തന്നെ ‘മലൈകള്ളൻ’ എന്ന തമിഴ് ചിത്രം മലയാളത്തിലേക്ക് ‘തസ്‌കരരവീരൻ ‘ എന്ന പേരിൽ സംവിധാനം ചെയ്തപ്പോൾ, കഭീ ഖാമോഷ് രഹ്‌തേ ഹേ (‘ആസാദ്’ എന്ന ചിത്രത്തിൽ നിന്നു പുനരാലാപനം) എന്ന ഒരു ഹിന്ദി ഗാനം ഉണ്ടായിരുന്നു. അത് പാടിയത് ലതാജി ആണ്. 1974 ൽ ഹരിഹരൻ സംവിധാനം ചെയ്ത ‘അയലത്തെ സുന്ദരി’എന്ന ചിത്രത്തിലും’കോര കഗാസ്’എന്ന് തുടങ്ങുന്ന ഒരു ഹിന്ദി ഗാനമുണ്ടായിരുന്നു. ഈ യുഗ്മ ഗാനത്തിലെ സ്ത്രീ ശബ്ദവും ലതാജി തന്നെ ആയിരുന്നു.

1942ൽ ‘കിടി ഹസാൽ’ എന്ന മറാത്തി ചിത്രത്തിൽ ‘നാചു യാ ഗാഥേ, ഖേലു നാ മണി ഹാസ് ബാരി’ എന്ന ഗാനമാണ് ആദ്യമായി ലതാജി ആലപിച്ചത്. 1943-ൽ ഗജാബാഹു എന്ന ചിത്രത്തിലെ ‘മാതാ ഏക് സപൂത് കി ദുനിയാ ബദൽ ദേ തൂ’ എന്നതാണ് ലതയുടെ ആദ്യ ഹിന്ദി ഗാനം. മജ്ബൂർ (1948) എന്ന ചിത്രത്തിലെ ഗുലാം ഹൈദർ സംഗീതസംവിധാനം ചെയ്ത ‘മേരാ ദിൽ തോഡാ’ എന്ന ഗാനമാണ് ലതാ മങ്കേഷ്‌കറെ ഗായികയെന്ന നിലയിൽ ശ്രദ്ധേയയാക്കിയത്. പിന്നീടിങ്ങോട്ട് ഇന്ത്യയിലെ വാനമ്പാടി എന്ന നിലയിലേക്കുള്ള ലതാജിയുടെ വളർച്ചയായിരുന്നു സിനിമാ ലോകം കണ്ടത്.

കദളീ’ എന്ന് തുടങ്ങുന്ന ഒരേയൊരു ഗാനം മാത്രമാണ് മലയാളത്തിൽ പാടിയതെങ്കിലും കേരളം ഹൃദയത്താൽ ഏറ്റെടുത്ത പാട്ടുകൾ നിരവധിയുണ്ട്. ലതാ മങ്കേഷ്‌കറുടെ ശബ്ദം അത്രമേൽ പ്രിയങ്കരമാണ് മലയാളത്തിനും. പ്രണയമായാലും വിരഹമായാലും മലയാളികൾ കൂട്ടുപിടിക്കുന്ന ഗാനങ്ങളിൽ ലതാ മങ്കേഷ്‌കർക്ക് പ്രഥമപരിഗണനയാണ്. ലതാ മങ്കേഷ്‌കർ പാടിയ ഒരു പാട്ടെങ്കിലും കേൾക്കാത്ത ഒരു ദിവസം പോലും ഇന്ത്യക്കാരുടെ ജീവിതത്തിലുണ്ടാകില്ല. ‘

പ്രണയിക്കാൻ തമിഴകം എന്നും ചേർത്തുപിടിക്കുന്ന ഒരു ഗാനമായിരിക്കും ‘വളയോസൈ’. ‘സത്യ’ എന്ന ചിത്രത്തിന് വേണ്ടി ‘വളയോസൈ’ എസ് പി ബാലസുബ്രഹ്‌മണ്യനൊപ്പം ചേർന്നാണ് ലതാ മങ്കേഷ്‌കർ ആലപിച്ചത്. ‘ആജ്നബീ’ എന്ന ചിത്രത്തിലെ ‘ഹം ദോനോ ദൊ പ്രേമി’, ‘ദിൽ തൊ പാഗൽ ഹെ’യിലെ ‘പ്യാർ കർ’, ‘വീർ- സറ’ ചിത്രത്തിലെ ‘തേരേ ലിയേ’, ‘ഗൈഡ്’ എന്ന ചിത്രത്തിലെ ‘ഗാത രഹേ മേരാ ദിൽ’ തുടങ്ങിയെത്ര ഗാനങ്ങളാണ് പ്രണയത്തിനൊത്തൊപ്പം ചേർത്ത് ലതാ മങ്കേഷ്‌കർ  പാടിയിരിക്കുന്നത്.

ഭാരതരത്‌ന ലതാ മങ്കേഷ്‌കറുടേതായി ദേശഭക്തി തുളുമ്പുന്ന ഗാനങ്ങൾ ഒട്ടേറെയാണ് ഉള്ളത്.  ‘ഏ മേരെ വതൻ കെ ലോഗോ’ എന്ന് തുടങ്ങുന്ന ഗാനമാണ് അതിൽ പ്രധാനം. സി രാമചന്ദ്രയുടെ സംഗീതത്തിലായിരുന്നു ലതാ മങ്കേഷ്‌കറുടെ ആലാപനം. ‘മേരെ രംഗ ദേ ബസന്തി ചോല എന്ന ഗാനവും പ്രശസ്തമാണ്. ഷഹീദ് എന്ന ചിത്രത്തിന് വേണ്ടിയായിരുന്നു ആലാപനം. എന്നും ദേശസ്‌നേഹികൾ കേൾക്കാൻ ആഗ്രഹിക്കുന്ന ഗാനങ്ങളാണ് ഇവ.

ലതാ മങ്കേഷ്‌കർ ദു:ഖാർദ്രമായ ഗാനങ്ങളും ഒട്ടേറെ പാടിയിട്ടുണ്ട്. ‘തൂം മുജ്‌സെ ദൂർ ചലെ ഗന’, ‘മേഘാ ഛായെ ആധി രാത്’, ‘യേ കൈസ ന്യായ് തേരാ’, ‘ദൊ ദിൽ ടൂടെ ദൊ ദിൽ ഹാരെ’, ‘റോടെ റോടെ ഗുസാർ ഗയി രാത്’ തുടങ്ങിയ നിരവധി ഗാനങ്ങളാണ് ആ ഗണത്തിലുള്ളത്.

മെലഡിയുടെ രാഞ്ജി എന്ന് അറിയപ്പെട്ടിരുന്നു ലതാ മങ്കേഷ്‌കറുടെ ക്ലാസ്സിക്കൽ ഹിറ്റുകൾ നിരവധിയാണ്. ‘ലൗ ലഗാതി ഗീത് ഗാതി’, ‘മേരെ പിയാ സെ കോയി യേ’, ‘തും ചാന്ദ കെ സാത് ചലേ ആവോ’, ‘മേരെ ഖരാറ് ലേജാ’, ‘മുഖ് മോദ് ന ലേന സജന’, ‘മുഷ്‌കിൽ ഹെ ബഹൊത്’, ‘ജാ രേ ജാ രേ ഉദ് ജാ രെ’ തുടങ്ങിയ ഗാനങ്ങൾ ഇന്ത്യക്കാർ എന്നും കേൾക്കാൻ ആഗ്രഹിക്കുന്നവയാണ്.

LEAVE A REPLY

Please enter your comment!
Please enter your name here