പാലക്കാട്: മലമ്പുഴയിലെ മലയിടുക്കിൽ കുടുങ്ങിയ ചേറാട് സ്വദേശി ബാബുവിനെ(23) സൈന്യം രക്ഷിച്ച് മുകളിലേക്ക് എത്തിച്ചു. ദൗത്യസംഘം ബാബുവിനെ സുരക്ഷാ ബെൽറ്റ് ധരിപ്പിച്ച് 400 മീറ്റർ മുകളിലേക്ക് ഉയർത്തുകയായിരുന്നു. കരസേനയുടെ രണ്ട് യൂണിറ്റുകളാണ് സ്ഥലത്തുള്ളത്.

ഭക്ഷണവും വെള്ളവും നൽകിയ ശേഷമാണ് ബാബുവിനെ ദൗത്യസംഘം മുകളിലേക്ക് ഉയർത്തിയത്. യുവാവിന്റെ കാലിൽ ചെറിയ പരിക്കുണ്ട്. യുവാവിനെ കാഞ്ചിക്കോട് ഹെലിപാഡിൽ എത്തിക്കും. തുടർന്ന് ആശുപത്രിയിലേക്ക് മാറ്റും. സൂലൂരില്‍ നിന്നും ബംഗളൂരുവില്‍നിന്നുമുള്ള കരസേനാംഗങ്ങള്‍ ഇന്നലെ രാത്രിതന്നെ സ്ഥലത്തെത്തിയിരുന്നു. നാൽപത്തിയാറ് മണിക്കൂറാണ് യുവാവ് മലയിടുക്കിൽ കുടുങ്ങിക്കിടന്നത്.

ബാബുവും രണ്ട് സുഹൃത്തുക്കളും ചേർന്നാണ് തിങ്കളാഴ്ച രാവിലെ മലകയറിയത്. കുത്തനെയുള്ള മല കയറാൻ കഴിയാത്തതിനാൽ സുഹൃത്തുക്കൾ പാതിയിൽ തിരിച്ചിറങ്ങുകയായിരുന്നു. ബാബു മുകളിലേക്ക് കയറുകയും ചെയ്തു. ഉച്ചയോടെ തിരിച്ചിറങ്ങവേയാണ് കാൽവഴുതി മലയിടുക്കിലേക്ക് വീണത്. ചെങ്കുത്തായ മലയിൽ നിന്ന് വീണ യുവാവ് കഷ്ടിച്ച് മൂന്നടി വലിപ്പമുള്ള മടക്കിലാണ് കുടുങ്ങിയത്.

ബാബു ഫോൺ ചെയ്ത് പറഞ്ഞതനുസരിച്ച് സുഹൃത്തുക്കൾ എത്തി വള്ളിയും മരക്കൊമ്പും ഇട്ടുകൊടുത്ത് രക്ഷിക്കാൻ ശ്രമിച്ചെങ്കിലും സാധിച്ചില്ല. തുടർന്ന് ഇവർ മലയിറങ്ങി നാട്ടുകാരെ വിവരം അറിയിക്കുകയായിരുന്നു. ബാബു തന്നെയാണ് വിവരം പൊലീസിനെ വിളിച്ച് അറിയിച്ചത്.

LEAVE A REPLY

Please enter your comment!
Please enter your name here