കൊച്ചി: കിഴക്കമ്പലത്ത്  കിറ്റക്‌സിലെ   അതിഥി തൊഴിലാളികൾ സംഘർഷം സൃഷ്ടിക്കുകയും പൊലീസ് വാഹനം കത്തിക്കുകയും ചെയ്ത സംഭവത്തിൽ പൊലീസ് കുറ്റപത്രം  സമർപ്പിച്ചു. രണ്ട് കേസുകളിൽ ആണ് രണ്ട് കുറ്റപത്രം നൽകിയത്. ഉദ്യോഗസ്ഥരെ കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ 51 പേർക്കെതിരെയാണ് കുറ്റപത്രം. പൊലീസ് വാഹനങ്ങൾ കത്തിക്കുകയും തകർക്കുകയും ചെയ്ത കേസിൽ 175 പേർക്കെതിരെയും കുറ്റപത്രം സമർപ്പിച്ചു. കോലഞ്ചേരി ജുഡീഷ്യൽ മജിസ്‌ട്രേറ്റ് കോടതിയിലാണ് കുറ്റപത്രം നൽകിയത്.

ഡിസംബറിലായിരുന്നു കേസിന് ആസ്പദമായ സംഭവം നടന്നത്. തൊഴിലാളികൾക്ക് ലഹരി വസ്തുക്കൾ എത്തുന്നത് എങ്ങനെയാണെന്നതിലും പൊലീസ് അന്വേഷണം നടക്കുന്നുണ്ട്. അതിനിടെ കിഴക്കമ്പലത്ത് പൊലീസിനെതിരെ ഇതര സംസ്ഥാന തൊഴിലാളികളിൽ നിന്നുമുണ്ടായ ആക്രമണം പ്രത്യേക സംഭവമാണെന്നും പൊലീസിനെ കരുതികൂട്ടി ആക്രമിച്ചതാണെന്ന് ഇതുവരെ അന്വേഷണത്തിൽ തെളിഞ്ഞിട്ടില്ലെന്നും എ ഡി ജി പി വിജയ് സാഖറെ പറഞ്ഞു. സംഘടിത കുറ്റകൃത്യങ്ങൾ തടയാൻ തുടർച്ചയായ പരിശോധന ശക്തമാക്കുമെന്നും അദ്ദേഹം വിശദീകരിച്ചു.

റിമാൻഡ് കാലാവധി കഴിഞ്ഞിട്ടും പ്രതികൾ ജയിലിൽ തന്നെ കഴിയുകയായിരുന്നു. ഗുരുതരമല്ലാത്ത വകുപ്പുകൾ ചുമത്തിയ പ്രതികൾക്ക് പോലും നിയമസഹായം ലഭിക്കാത്തതിനാൽ പുറത്തിറങ്ങാനാകുന്നില്ലെന്ന് ഈ മാസമാദ്യം റിപ്പോർട്ടുകൾ പുറത്തുവന്നിരുന്നു. ജാമ്യവ്യവസ്ഥ നടപ്പാക്കാൻ തൊഴിലുടമയോ ലീഗൽ സർവീസ് സൊസൈറ്റിയോ സഹായിക്കുന്നില്ലെന്ന് അറസ്റ്റിലായ തൊഴിലാളികളുടെ ബന്ധുക്കൾ പറയുന്നു. പ്രതികളുടെ ഉത്തരവാദിത്തം ഏറ്റെടുക്കാൻ കഴിയില്ലെന്ന് കിറ്റെക്സ് എം ഡി സാബു എം ജേക്കബ് പ്രതികരിച്ചിരുന്നു.

കഴിഞ്ഞ ഡിസംബർ രാത്രി പൊലീസിനെ ആക്രമിച്ച കേസിൽ കിറ്റെക്സ് കമ്പനിയിൽ തൊഴിലെടുക്കുന്ന 174 പേരാണ് അറസ്റ്റിലായത്. ഇതിൽ 51 പ്രതികൾക്കെതിരെയാണ് ഗുരുതര വകുപ്പുകൾ ചുമത്തിയത്. എന്നാൽ നിസാര വകുപ്പുകൾ ചുമത്തിയ 120 പ്രതികൾ പോലും റിമാൻഡ് കാലാവധി പൂർത്തിയാക്കിയിട്ടും ജയിലിൽ തുടരുന്നു. ലീഗൽ സർവീസ് സൊസൈറ്റിയുടെ ഇടപെടൽ കാര്യക്ഷമമല്ല. സ്വാഭാവിക ജാമ്യം കിട്ടുന്നവർ പോലും ആൾജാമ്യവും 7000 രൂപ ബോണ്ടും ഹാജരാക്കാൻ ഇല്ലാത്തതിനാൽ ജയിലിൽ തന്നെ തുടരുന്നു.

തൊഴിലാളികളിൽ വലിയൊരു വിഭാഗം ഉത്തരേന്ത്യയിലെ ആദിവാസി വിഭാഗങ്ങളിൽ നിന്നുള്ളവരാണ്. ചുരുക്കം ചിലരുടെ ബന്ധുക്കൾ എറണാകുളത്ത് എത്തിയെങ്കിലും പണമില്ലാത്തതിനാൽ നിയമനടപടി തുടരാനാകുന്നില്ല. വിഷയത്തിൽ സർക്കാരാണ് തീരുമാനമെടുക്കേണ്ടതെന്നും പ്രതികളുടെ ഉത്തരവാദിത്തം ഏറ്റെടുക്കാനില്ലെന്നുമാണ് കിറ്റെക്സ് കമ്പനിയുടെ നിലപാട്. തൊഴിലാളികളുടെ ബന്ധുക്കളെ വിവരം അറിയിച്ച് നിയമനടപടി തുടരാനുള്ള ശ്രമത്തിലാണ് പ്രോഗസ്റ്റീവ് വർക്കേഴ്സ് ഓർഗനൈസേഷൻ അടക്കമുള്ള സന്നദ്ധ സംഘടനകൾ.

LEAVE A REPLY

Please enter your comment!
Please enter your name here