തിരുവനന്തപുരം: രാഷ്ട്രീയ കൊലപാതകങ്ങളെ പറ്റി നിയമസഭയില്‍ സംസാരിച്ച മുഖ്യമന്ത്രി സഭയെ തെറ്റിദ്ധരിപ്പിച്ചെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷന്‍ കെ.സുരേന്ദ്രന്‍. സിപിഎമ്മുകാര്‍ പ്രതികളായ കൊലപാതകങ്ങള്‍ വാക്കുതര്‍ക്കമായി സഭയില്‍ അവതരിപ്പിക്കുന്ന മുഖ്യമന്ത്രി ലോക്കല്‍ സെക്രട്ടറിയുടെ നിലവാരത്തിലേക്ക് അധഃപതിച്ചിരിക്കുകയാണെന്ന് സുരേന്ദ്രന്‍ വിമര്‍ശിച്ചു.

കിഴക്കമ്പലത്ത് ട്വന്റി ട്വന്റി പ്രവര്‍ത്തകനെയും ഹരിപ്പാട് ആര്‍എസ്എസ് പ്രവര്‍ത്തകനെയും കൊല ചെയ്തത് സിപിഎമ്മുകാരാണെന്നത് പിണറായി വിജയന്‍ മറച്ചുവെക്കുകയാണ്. കണ്ണൂരില്‍ വിവാഹഘോഷയാത്രയ്ക്കിടെ ബോംബെറിഞ്ഞ് യുവാവിനെ കൊന്നതും സിപിഎമ്മുകാരാണ്. എന്നാല്‍ പാര്‍ട്ടി പത്രം പ്രസിദ്ധീകരിച്ച കല്ലുവെച്ച നുണ അതേപോലെ നിയമസഭയില്‍ അവതരിപ്പിക്കുകയാണ് മുഖ്യമന്ത്രിയെന്നും സുരേന്ദ്രന്‍ പറഞ്ഞു.

ആലപ്പുഴയില്‍ നാല് സിപിഎമ്മുകാരെ ആര്‍എസ്എസ്സുകാര്‍ കൊലപ്പെടുത്തിയെന്നാണ് സിപിഎമ്മുകാര്‍ പറയുന്നത്. ജില്ലയിലെ സിപിഎം പ്രവര്‍ത്തകര്‍ക്ക് പോലും ആ രക്തസാക്ഷികള്‍ ആരെന്ന് അറിയില്ല. തിരുവല്ലയിലെ സിപിഎം പ്രവര്‍ത്തകനായ സന്ദീപിനെ ആര്‍എസ്എസ്സുകാര്‍ കൊല ചെയ്ത ലിസ്റ്റിലാണ് മുഖ്യമന്ത്രി പെടുത്തിയത്. എന്നാല്‍ പ്രതികളെല്ലാം സിപിഎമ്മുകാരാണ്. ഇത്രയും വസ്തുതാവിരുദ്ധമായി ഒരു മുഖ്യമന്ത്രിയും ഇതുവരെ നിയമസഭയില്‍ സംസാരിച്ചിട്ടില്ലെന്നും സുരേന്ദ്രന്‍ പറഞ്ഞു.

 

ഈ നാല് മാസം കൊണ്ട് നാല് ആര്‍എസ്എസ് പ്രവര്‍ത്തകരാണ് കൊല്ലപ്പെട്ടത്. മൂന്ന് പേരെ വധിച്ചത് പോപ്പുലര്‍ ഫ്രണ്ടും ഒരാളെ വധിച്ചത് സിപിഎമ്മുമാണ്. പിണറായി വിജയന്‍ അധികാരത്തിലേറിയത് മുതല്‍ 25 സംഘപരിവാര്‍ പ്രവര്‍ത്തകരാണ് കേരളത്തില്‍ കൊല്ലപ്പെട്ടത്. മതതീവ്രവാദികള്‍ക്ക് വെള്ളവും വളവും നല്‍കുന്ന സമീപനമാണ് സംസ്ഥാന സര്‍ക്കാരിനുള്ളത്. കേരളത്തിലെ തീവ്രവാദികളുടെ പല കേന്ദ്രങ്ങളിലും പോലീസിന് പ്രവേശനം പോലുമില്ലെന്നും സുരേന്ദ്രന്‍ പറഞ്ഞു.

LEAVE A REPLY

Please enter your comment!
Please enter your name here