കണ്ണൂർ: എൽ ഡി എഫിന്റെ രാജ്യസഭാ സീറ്റുകളിലൊന്ന് സി പി ഐക്ക് ലഭിച്ചപ്പോൾ സ്ഥാനാർഥിയായത് കണ്ണൂർ ജില്ലാ സെക്രട്ടറി അഡ്വ. പി സന്തോഷ്‌കുമാർ. ഇതോടെ എം പിമാരുടെ ജില്ലയായി കണ്ണൂർ അറിയപ്പെടും. ലോക്‌സഭയിലും രാജ്യസഭയിലും കൂടി കണ്ണൂർക്കാരായ എംപിമാരുടെ എണ്ണം ഏഴാകും. ഇതിൽ അഞ്ചുപേരും രാജ്യസഭാംഗങ്ങളാണ്. സിപി.ഐ. കണ്ണൂർ ജില്ലാ സെക്രട്ടറി പി. സന്തോഷ്‌കുമാറിനെ കൂടാതെ കഴിഞ്ഞതവണ തിരഞ്ഞെടുക്കപ്പെട്ട സി.പി.എമ്മിന്റെ രണ്ട് രാജ്യസഭാംഗങ്ങളും കണ്ണൂരിൽനിന്നായിരുന്നു. ഡോ. വി. ശിവദാസനും ജോൺ ബ്രിട്ടാസും.

ശിവദാസൻ ഇരിട്ടി സ്വദേശിയും ജോൺ ബ്രിട്ടാസ് നടുവിൽ സ്വദേശിയുമാണ്. കെ.സുധാകരൻ കണ്ണൂരിന്റെ എം പിയാണെങ്കിൽ  പയ്യന്നൂർ സ്വദേശിയായ എം കെ രാഘവൻ കോഴിക്കോടിന്റെ എം പിയാണ്. കേരളത്തിന് പുറത്തുനിന്ന് രാജ്യസഭയിലെത്തിയ  എ ഐ സി സി ജനറൽ സെക്രട്ടറി കെ സി വേണുഗോപാൽ കൈതപ്രത്തിനടുക്ക കണ്ടോന്താർ സ്വദേശിയാണ്,  രാജസ്ഥാനിൽനിന്നുമാണ് കെ സി രാജ്യസഭയിൽ എത്തിയത്.  ബിജെപി നേതാവും കേന്ദ്രമന്ത്രിയുമായ വി. മുരളീധരൻ മഹാരാഷ്ട്രയിൽനിന്നുമാണ്. തലശ്ശേരി സ്വദേശിയാണ് വി മുരളീധരൻ.

ഇതോടെ സിപിഐ, സിപിഎം., കോൺഗ്രസ്, ബി.ജെ.പി. എന്നിങ്ങനെ പ്രധാന പാർട്ടികൾക്കെല്ലാം കണ്ണൂരിൽനിന്ന് പ്രാതിനിധ്യമായി. കർണാടകയിൽ നിന്നുള്ള രാജ്യസഭാ എം പിയും കേന്ദ്രമന്ത്രിയുമായ രാജീവ് ചന്ദ്രശേഖർ കണ്ണൂരിന്റെ മരുമകൻകൂടിയാണ്. നിലവിൽ കേരളത്തിലെ യുഡിഎഫിന്റെ രാജ്യസഭാ സ്ഥാനാർഥികളിൽ കണ്ണൂർ സ്വദേശി സതീശൻ പാച്ചേനിയുടെ പേരുമുണ്ട്.

LEAVE A REPLY

Please enter your comment!
Please enter your name here