കോട്ടയം : പാലാ നഗരസഭയിലെ കോൺഗ്രസ് കൗൺസിലർമാർക്കെതിരെ നടപടിക്കൊരുങ്ങി കോട്ടയം ഡിസിസി. കെ റെയിൽ സമരം കത്തിനിൽക്കെ സിപിഎം കൗൺസിലർമാർക്കൊപ്പം കോൺഗ്രസ് അംഗങ്ങൾ ഉല്ലാസയാത്ര പോയതാണ് പാർട്ടി നേതൃത്വത്തെ ചൊടിപ്പിച്ചിരിക്കുന്നത്. ഇത്തരം പ്രവർത്തി അംഗീകരിക്കാൻ കഴിയില്ലെന്നും സി പി എം ക്രൂരതയെ നേരിടുന്ന സാധാരണ പ്രവർത്തകരുടെ വികാരത്തെ പാലായിലെ കൗൺസിലർമാർ വ്രണപ്പെടുത്തിയെന്നും ഡിസിസി അധ്യക്ഷൻ നാട്ടകം സുരേഷ് മാധ്യമങ്ങളോട് പറ്ഞ്ഞു.

കഴിഞ്ഞമാസം 20 നായിരുന്നു എൽഡിഎഫ് ഭരിക്കുന്ന പാലാ നഗരസഭയിലെ കൗൺസിലർമാരുടെ ഉല്ലാസയാത്ര. സി പി എം, കോൺഗ്രസ്, ജോസഫ് വിഭാഗം അംഗങ്ങളാണ് ഞായറാഴ്ച വാഗമണ്ണിൽ ചുറ്റിയടിച്ചത്. അതേസമയം, ഭരണം ഒരുമിച്ചെങ്കിലും നഗരസഭയിലെ കയ്യാങ്കളിക്ക് ശേഷം സിപിഎമ്മുമായി പടലപ്പിണക്കം തുടരുന്ന മാണിവിഭാഗം വിട്ടുനിൽക്കുകയും ചെയ്തു. കെ റെയിൽ സമരത്തിൽ സിപിഎം കോൺഗ്രസ് നേർക്കുനേർ പോരാട്ടത്തിനിടെയുള്ള ഉല്ലാസത്തെ ഗൗരവമായി കാണുകയാണ് ഡിസിസി.

സിപിഎം പാർട്ടി കോൺഗ്രസ് വേദിയിൽ നിന്ന് തരൂരിനേയും കെ.വി.തോമസിനേയും കോൺഗ്രസ് വിലക്കിയ പശ്ചാത്തലത്തിൽ കൂടിയാണ് കോട്ടയം ഡിസിസി വടിയെടുക്കുന്നത്. അംഗീകരിക്കാൻ കഴിയാത്ത പ്രവർത്തിയെന്നും വിശദീകരണം ചോദിക്കുമെന്നും നാട്ടകം സുരേഷ് പറഞ്ഞു

വിഷയം കെപിസിസിയുടെ മുന്നിലേക്കെത്തിക്കാൻ തന്നെയാണ് ഡിസിസി അധ്യക്ഷൻ ഒരുങ്ങുന്നത്. പാലാ നഗരസഭയിൽ സിപിഎമ്മുമായി ചേർന്ന് കോൺഗ്രസ് അംഗങ്ങൾ കുറുമുന്നണിയായി പ്രവർത്തിക്കുന്നുവെന്ന പരാതിയും ഡിസിസിക്ക് മുന്നിൽ നേരത്തെ തന്നെയുണ്ട്.

 
 

LEAVE A REPLY

Please enter your comment!
Please enter your name here