കണ്ണൂര്‍: കെ വി തോമസിനെ സിപിഎമ്മിലേക്ക് സ്വാഗതം ചെയ്ത് എം എ ബേബി. ധീരമായ നിലപാട് കെവി തോമസ് സ്വീകരിച്ചാല്‍ സ്വാഗതം. നെഹ്റുവിയന്‍ പാരമ്പര്യമുള്ള നേതാവാണ് തോമസ്. പ്രഗത്ഭരായ നേതാക്കളെ പാര്‍ട്ടി ഒപ്പം കൂട്ടിയിട്ടുണ്ടെന്നും എംഎ ബേബി പറഞ്ഞു. ടി കെ ഹംസയും കെ ടി ജലീലും വന്നതും എം എ ബേബി ഓര്‍മ്മിച്ചു. സുധാകരന്റെ സ്വേച്ഛാധിപത്യപരമായ, കോണ്‍ഗ്രസിന്റെ നല്ല മൂല്യങ്ങള്‍ക്ക് എതിരായ നിലപാടിനെ കെ വി തോമസ് എങ്ങനെ നോക്കികാണുമെന്നത് ഗൗരവമുള്ള കാര്യമാണെന്നും എം എ ബേബി പറഞ്ഞു.

സെമിനാറില്‍ പങ്കെടുക്കുന്നതില്‍ നിന്നും കെ വി തോമസിനെ വിലക്കിയ കോണ്‍ഗ്രസ് നിലപാടിനെതിരെയും കെ സുധാകരനെതിരെയും രൂക്ഷവിമര്‍ശനമുന്നയിച്ച് കൂടുതല്‍ സിപിഎം നേതാക്കള്‍ രംഗത്തെത്തിയിട്ടുണ്ട്. തന്നെ വെടിവെച്ച് കൊല്ലാന്‍ ആളെ കൂട്ടിപ്പോയവനാണ് തോമസിനെ വിലക്കിയതെന്ന് കെപിസിസി പ്രസിഡന്റ് സുധാകരനെ കുറിച്ച് മുതിര്‍ന്ന സിപിഎം നേതാവ് ഇപി ജയരാജന്‍ പറഞ്ഞു. മറ്റ് പാര്‍ട്ടികളിലെ പല നേതാക്കളും സിപിഎമ്മിലേക്ക് വരുന്ന കാലമാണിത്. പാര്‍ട്ടി കോണ്‍ഗ്രസ് സെമിനാറില്‍ തോമസ് പങ്കെടുക്കുമോയെന്നത് കാത്തിരുന്ന് കാണാമെന്നും ജയരാജന്‍ പറഞ്ഞു.

വിഷയത്തില്‍ കെ വി തോമസ് നല്ല സമീപനം സ്വീകരിക്കുമെന്നാണ് പ്രതീക്ഷിക്കുന്നതെന്ന് എ കെ ബാലനും പ്രതികരിച്ചു. കെപിസിസി പ്രസിഡന്റ് സുധാകരന്‍ പറയുന്നത് പടു വിഡ്ഢിത്തമാണ്. സി പി എമ്മിന്റെ സെമിനാറില്‍ പങ്കെടുക്കാന്‍ കോണ്‍ഗ്രസുകാര്‍ അര്‍ഹരല്ലെന്ന സന്ദേശമാണത് നല്‍കുന്നത്. ആര്‍ എസ് എസിനെയും ബി ജെ പിയേക്കാളും എതിര്‍ക്കപ്പെടേണ്ട പാര്‍ട്ടിയായാണോ സിപിഎമ്മിനെ കോണ്‍ഗ്രസ് കാണുന്നതെന്നും ബാലന്‍ ചോദിച്ചു. കെ വി തോമസിനെ കോണ്‍ഗ്രസ് പുറത്താക്കിയാല്‍ സ്വീകരിക്കുമോയെന്നത് അപ്പോഴത്തെ കാര്യമാണെന്നും ബാലന്‍ പ്രതികരിച്ചു.

പാര്‍ട്ടി കോണ്‍ഗ്രസില്‍ പങ്കെടുത്തുവെന്നത് കൊണ്ട് കോണ്‍ഗ്രസില്‍ നിന്നും പുറത്താക്കപ്പെട്ടാല്‍ കെ വി തോമസ് വഴിയാധാരമാവില്ലെന്ന് സി പി എം കണ്ണൂര്‍ ജില്ലാ സെക്രട്ടറി എം വി ജയരാജനും വ്യക്തമാക്കി. പാര്‍ട്ടി കോണ്‍ഗ്രസിന്റെ സെമിനാറിലേക്കാണ് അദ്ദേഹത്തെ ക്ഷണിച്ചത്. സെമിനാര്‍ വിലക്ക് കോണ്‍ഗ്രസിന്റെ തിരുമണ്ടന്‍ തീരുമാനമാണെന്നും ആര്‍ എസ് എസ് മനസുള്ളവരാണ് കെവി തോമസിനെ വിലക്കുന്നതെന്നും ജയരാജന്‍ ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു. കേന്ദ്ര- സംസ്ഥാന ബന്ധങ്ങള്‍ സംബന്ധിച്ച സെമിനാറിലേക്കാണ് കെ വി തോമസിനെ ക്ഷണിച്ചിട്ടുള്ളത്. കോണ്‍ഗ്രസിന്റെ നിലപാട് പറയാനുള്ള വേദിയായി അതിനെ ഉപയോഗിക്കാവുന്നതാണ്. നെഹ്റുവിന്റെ പാരമ്പര്യം ഉയര്‍ത്തിപ്പിടിക്കുന്ന കോണ്‍ഗ്രസുകാര്‍ കെ വി തോമസ് സെമിനാറില്‍ പങ്കെടുക്കണമെന്നാണ് ആഗ്രഹിക്കുന്നതെന്ന് അഭിപ്രായപ്പെട്ട അദ്ദേഹം വാസന്തിയും ലക്ഷമിയും പിന്നെ ഞാനും എന്നതാണ് ദേശീയ കോണ്‍ഗ്രസിന്റെ ഇന്നത്തെ അവസ്ഥയെന്നും പരിഹസിച്ചു.

 

LEAVE A REPLY

Please enter your comment!
Please enter your name here