എറണാകുളം: തൃക്കാക്കര ഉപതെരഞ്ഞെടുപ്പിലെ സ്ഥാനാര്‍ത്ഥിത്വം തള്ളാതെ അന്തരിച്ച കോണ്‍ഗ്രസ് നേതാവ് പിടി തോമസിന്റെ ഭാര്യയും മുന്‍ കെഎസ്‌യു നേതാവുമായ ഉമ തോമസ്. തൃക്കാക്കര തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്ന കാര്യത്തില്‍ തീരുമാനം എടുക്കേണ്ടത് പാര്‍ട്ടിയാണെന്നാണ് ഉമ തോമസിന്റെ പ്രതികരണം.
നടിയെ ആക്രമിച്ച കേസില്‍ അന്വേഷണം അട്ടിമറിക്കപ്പെടുന്നുവെന്നുവെന്നാരോപിച്ച് ഫ്രണ്ട്‌സ് ഓഫ് പി ടി ആന്റ് നേച്ചര്‍ നടത്തുന്ന ഉപവാസ സമരത്തിന് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് സംസാരിച്ച ശേഷമായിരുന്നു ഉമ തോമസിന്റെ പ്രതികരണം.
തെരഞ്ഞെടുപ്പില്‍ മത്സരിക്കേണ്ട വിഷയത്തില്‍ ഹൈക്കമാന്റാണ് തീരുമാനം എടുക്കേണ്ടത്. ഇക്കാര്യത്തില്‍ എല്ലാവരുമായി ആലോചിച്ച് തീരുമാനമെടുക്കും. ആദ്യം തീരുമാനമെടുക്കേണ്ടത് പാര്‍ട്ടിയാണ് എന്നും ഉമ തോമസ് പ്രതികരിച്ചു. എന്നാല്‍ സ്ഥാനാര്‍ത്ഥിത്വത്തെ സംബന്ധിച്ച വാര്‍ത്തകള്‍ ഉമ തോമസ് തള്ളിയില്ലെന്നതും വളരെ ശ്രദ്ധേയമാണ്.
പിടി തോമസിന്റെ മരണത്തോടെയാണ് തൃക്കാക്കരയില്‍ ഉപതെരഞ്ഞെടുപ്പിന് കളമൊരുങ്ങിയത്. അതിനാല്‍ തന്നെ കോണ്‍ഗ്രസിന്റെ സാധ്യതാ പട്ടികയില്‍ ഒന്നാമത് എത്തിയിരിക്കുന്നത് പിടിയുടെ സഹധര്‍മ്മിണി ഉമ തോമസിന്റെ പേരാണ്. മണ്ഡലത്തില്‍ പി ടിയെ പോലെ തന്നെ ജനങ്ങള്‍ക്ക് പരിചിതമായ മുഖമാണ് ഉമ എന്നതാണ് ഇതിന്റെ പ്രധാന കാരണം. മണ്ഡലത്തില്‍ വൈകാരികമായി നില്‍ക്കുന്ന വോട്ടുകള്‍ക്ക് അപ്പുറം മാറ്റമുണ്ടാക്കാന്‍ ഉമയ്ക്ക് കഴിയുകയും ചെയ്യുമെന്നാണ് പാര്‍ട്ടിയുടെ പ്രതീക്ഷ.
എന്നാല്‍ സംസ്ഥാന സര്‍ക്കാറിനെ വിവിധ വിഷയത്തില്‍ സമര രംഗത്തുള്ള പ്രതിപക്ഷത്തിന് അഭിമാന പോരാട്ടം കൂടിയാണ് ഉപതെരഞ്ഞെടുപ്പ്. തൃക്കാക്കരയില്‍ ശക്തമായ സാന്നിധ്യമുള്ള നേതാവായിരുന്നു പി ടി തോമസ്. എന്നാല്‍ അദ്ദേഹത്തിന്റെ വ്യക്തി പ്രഭാവത്തിന് അപ്പുറമാണ് മണ്ഡലത്തില്‍ ജനപിന്തുണയെന്ന് തെളിയിക്കുക എന്നതും കോണ്‍ഗ്രസിന് മുന്നിലുള്ള വെല്ലുവിളിയാണ്. ഉമ തോമസിന് പുറമെ ഡൊമ്‌നിക് പ്രസന്റേഷന്‍, ഡിസിസി പ്രസിഡന്റ് മുഹമ്മദ് ഷിയാസ്, ദീപ്തി മേരി വര്‍ഗീസ്, ടോണി ചെമ്മണി തുടങ്ങിയവരാണ് പട്ടികയിലെ മറ്റു പേരുകള്‍. മുന്‍ഗണന പട്ടികയിലുള്ളവരെ കൂടാതെ യുവരക്തമെന്ന നിലയില്‍ മുന്‍ എംഎല്‍എ വിടി ബല്‍റാമിനെയും കെപിസിസി പരിഗണിക്കുന്നുണ്ട്.

LEAVE A REPLY

Please enter your comment!
Please enter your name here