കൊച്ചി: എൽ.ഡി.എഫിന് നൂറ് സീറ്റ് തികയ്ക്കാനാകില്ലെന്നും 99 സീറ്റിൽ തന്നെ ഒതുക്കി നിർത്തുമെന്നും തൃക്കാക്കരയിലെ യു.ഡി.എഫ് സ്ഥാനാർഥി ഉമ തോമസ്. എതിരാളി ആരായാലും രാഷ്ട്രീയമായി തന്നെ നേരിടും. പി.ടി. തോമസിനെ ഹൃദയത്തിലേറ്റിയവരാണ് തൃക്കാക്കരയിലെ ജനങ്ങൾ. അദ്ദേഹത്തിനായി ഒരു വോട്ട് ജനങ്ങൾ എനിക്ക് തരാതിരിക്കില്ല- ഉമ തോമസ് പറഞ്ഞു. തൃക്കാക്കരയിൽ വിജയം നേടി എൽ.ഡി.എഫ് സീറ്റുകളുടെ എണ്ണം നൂറ് തികയ്ക്കുമെന്ന് എൽ.ഡി.എഫ് കൺവീനർ ഇ.പി. ജയരാജൻ കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. ഇത് ചൂണ്ടിക്കാട്ടിയപ്പോഴായിരുന്നു ഉമ തോമസിന്‍റെ മറുപടി.

പി.ടി. തോമസിന്‍റെ നിലപാടുകൾക്കുള്ള അംഗീകാരമാണ് തൃക്കാക്കര ഉപതെരഞ്ഞെടുപ്പിലെ തന്‍റെ സ്ഥാനാർഥിത്വമെന്ന് ഉമ തോമസ് പറഞ്ഞു. ഈ ചുമതല പി.ടി. തോമസ് ഏത് രീതിയിൽ നടപ്പാക്കിയിരുന്നോ അതേ രീതിയിൽ താനും ഏറ്റെടുത്ത് തുടരും.

ഏകകണ്ഠമായി പാർട്ടിയെടുത്ത തീരുമാനമാണ് തന്‍റെ സ്ഥാനാർഥിത്വം. പി.ടി. തോമസ് എന്നും കോൺഗ്രസിന്‍റെ അനുസരണയുള്ള നേതാവായിരുന്നു. അതേ പാത തുടരും.

ഡൊമിനിക് പ്രസന്‍റേഷൻ പി.ടി. തോമസിന്‍റെ ഏറ്റവുമടുത്ത സുഹൃത്താണ്. അദ്ദേഹത്തിന് ഒരിക്കലും തന്നെ തള്ളിപ്പറയാനാകില്ല. സ്ഥാനാർഥിത്വത്തിൽ അദ്ദേഹത്തിന് അതൃപ്തിയുണ്ടെന്ന് കരുതുന്നില്ല. കെ.വി. തോമസിനെ പോലെ തലമൂത്ത ഒരു നേതാവ് കോൺഗ്രസിനെതിരായി നിൽക്കുമെന്ന് കരുതുന്നില്ല. അദ്ദേഹത്തെ കണ്ട് അനുഗ്രഹം വാങ്ങുമെന്നും ഉമ തോമസ് പറഞ്ഞു.

പി.ടി. തോമസിന്‍റെ നിര്യാണത്തെ തുടർന്നാണ് തൃക്കാക്കരയിൽ ഉപതെരഞ്ഞെടുപ്പ് വേണ്ടിവന്നത്. അദ്ദേഹത്തിന്‍റെ ഭാര്യയെ തന്നെ സ്ഥാനാർഥിയാക്കുന്നതിലൂടെ പി.ടി. തോമസിനുണ്ടായിരുന്ന ജനപിന്തുണ സ്ഥാനാർഥിക്ക് ഉറപ്പിക്കാമെന്നാണ് യു.ഡി.എഫ് കണക്കുകൂട്ടൽ.

മേയ് 31നാണ് തൃക്കാക്കര നിയമസഭ മണ്ഡലം ഉപതെരഞ്ഞെടുപ്പ് നടക്കുക. മേയ് നാലിന് തെരഞ്ഞെടുപ്പ് വിജ്ഞാനം പുറപ്പെടുവിക്കും. മേയ് 11 വരെ നാമനിർദേശപത്രിക സമർപ്പിക്കാം. മേയ് 16 വരെ നാമനിർദേശ പത്രിക പിൻവലിക്കാം. ജൂൺ മൂന്നിനാണ് വോട്ടെണ്ണൽ.

മണ്ഡലത്തിൽ എൽ.ഡി.എഫ് സ്ഥാനാർഥിയെ പ്രഖ്യാപിച്ചിട്ടില്ല. എൽ.ഡി.എഫ് കൺവീനർ ഇ.പി. ജയരാജൻ, സി.പി.എം സംസ്ഥാന സെക്രട്ടറിയേറ്റ് അംഗം എം. സ്വരാജ് എന്നിവ​രെ മണ്ഡലത്തിന്‍റെ ചുമതലയേൽപ്പിച്ച് മുന്നണി തെരഞ്ഞെടുപ്പിന് ഒരുങ്ങിയിട്ടുണ്ട്. 2021 നിയമസഭ തെരഞ്ഞെടുപ്പിൽ കേരളത്തിൽ എൽ.ഡി.എഫ് തരംഗം ആഞ്ഞടിച്ചപ്പോഴും തൃക്കാക്കര യു.ഡി.എഫിനെ കൈവിട്ടിരുന്നില്ല. പി.ടി. തോമസ് 14,329 വോട്ടിന്‍റെ ഭൂരിപക്ഷത്തിലായിരുന്നു വിജയിച്ചത്. യു.ഡി.എഫിന് 43.82 ഉം എല്‍.ഡി.എഫിന് 33.32 ഉം ആയിരുന്നു വോട്ട് ശതമാനം.

കൊച്ചി നഗരസഭയിലെ 23 ഡിവിഷനുകളും തൃക്കാക്കര നഗരസഭയും ഉൾപ്പെടുന്നതാണ് മണ്ഡലം. മണ്ഡലത്തിൽ ആം ആദ്മിയും ട്വന്റി 20യും സഹകരണം പ്രഖ്യാപിച്ചിട്ടുണ്ട്.

LEAVE A REPLY

Please enter your comment!
Please enter your name here