രാജേഷ് തില്ലങ്കേരി

പത്ത് വർഷം മുൻപ് ഉണ്ടായ കേസാണ് സോളാർ പീഡനകേസ്. ടീം സോളാർ കമ്പനിയുടെ പാർട്ട്ണറായിരുന്ന സരിതാ നായർ വിവിധ വ്യവസായികളെയും ഇടപാടുകാരെയും സാമ്പത്തികമായി വഞ്ചിച്ച കേസ്. മുഖ്യമന്ത്രിയും ചില യു ഡി എഫ് നേതാക്കളും ആരോപണ വിധേയരായ സാമ്പത്തിക തട്ടിപ്പ്. മുഖ്യമന്ത്രിയുടെ ഓഫീസ് പ്രതിരോധത്തിലായ കേസ്.  സോളാർ കേസ് പിന്നീട് കേരള രാഷ്ട്രീയത്തെ അപ്പാടെ പിടിച്ചുകുലുക്കുന്ന ലൈംഗിക പീഡന കേസായി മാറി.   അന്നത്തെ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയും വിവിധ മന്ത്രിമാരും എം എൽ എമാരും പ്രതികളായ കേസ് കേരളത്തിൽ ഭരണ കക്ഷിയെ ആകെ ഉലച്ചുകളഞ്ഞു. കേരളത്തിൽ യു ഡി എഫ് ഭരണത്തിന്റെ അന്ത്യംകുറിക്കാൻ ഈ ആരോപണങ്ങൾ കാരണമായി.


 സി പി എമ്മിന് കേരളത്തിൽ ഭരണത്തിലേക്കുള്ള ചവിട്ടുപടിയുമായി സോളാർ കേസ്. ഒട്ടേറെ നിറം പിടിപ്പിച്ച ആരോപണങ്ങൾ ഉയർന്നു. ജോസ് കെ മാണിയടക്കമുള്ളവർ ആരോപണ വിധേയരായി.  കേരളാ കോൺഗ്രസ് എം നേതാവ് എൽ ഡി എഫിൽ എത്തിയതോടെ കേസിൽ നിന്നും ഒഴിവാക്കപ്പെട്ടു. സോളാർ കേസിൽ ജുഡീഷ്യൽ അന്വേഷണം നടത്താൻ ഒരു റിട്ട. ജഡ്ജിയെ കമ്മീഷനായി നിയമിച്ചു. കോടികൾ മുടക്കി അന്വേഷണം പൂർത്തിയാക്കി ശിവരാജൻ കമ്മീഷൻ റിപ്പോർട്ട് സർക്കാരിന് സമർപ്പിച്ചു. അത് അവിടെ അവസാനിച്ചു. പിന്നീട് സോളാർ കേസ് പുറത്തുവരുന്നത് ലോക്‌സഭാ തെരഞ്ഞെടുപ്പിലായിരുന്നു.

 സോളാർ കേസിൽ മുൻമുഖ്യമന്ത്രി ഉമ്മൻ ചാണ്ടിക്കെതിരായ  അന്വേഷണത്തിൻറെ ഭാഗമായി  സിബിഐ സംഘം ക്ലിഫ്  ഹൗസിൽ അന്വേഷണവും തെളിവെടുപ്പും നടത്തിയിരിക്കയാണ്.  പരാതിക്കാരിക്കൊപ്പമാണ് തെളിവെടുപ്പ്. ക്ലിഫ് ഹൗസിൽ വച്ച് മുഖ്യമന്ത്രിയായിരിക്കെ ഉമ്മൻ ചാണ്ടി ലൈംഗികമായി പീഡിപ്പിച്ചുവെന്നാണ് കേസ്. 2012 ലാണ് കേസിനാസ്പദമായ സംഭവം നടന്നത്. പത്തുവർഷമായി നടക്കുന്ന കേസന്വേഷണമാണിത്.


  ക്ലിഫ് ഹൗസിൽ വച്ച് ഉമ്മൻചാണ്ടി പീഡിപ്പിച്ചുവെന്നായിരുന്നു പരാതിക്കാരിയുടെ മൊഴി.  ലൈംഗിക പീഡനത്തിൽ തെളിവുകൾ കണ്ടെത്താൻ ക്രൈംബ്രാഞ്ചിന് കഴിഞ്ഞിരുന്നില്ല. എ പി അബ്ദുല്ലക്കുട്ടി പീഡിപ്പിച്ചെന്ന് പറയപ്പെടുന്ന മസ്‌ക്കറ്റ് ഹോട്ടലിലും സി ബി ഐ തെളിവെടുപ്പ് നടത്തി. സി ബി ഐ അന്വേഷണവും ചിലപ്പോൾ ഒരു അറസ്റ്റും നടക്കും. സോളാർ കേസ് എന്നും ഒരു തുറുപ്പു ചീട്ടാണ്. അങ്ങിനെ തുടർന്നും പ്രകാശിക്കുന്ന ഒരു രാഷ്ട്രീയ ബോംബാണ് സോളാർ കേസ്.
തൃക്കാക്കരയിൽ പി.ടിയുടെ സ്വപ്നങ്ങൾ പിന്തുടരാൻ പി.ടിയുടെ സ്വന്തം ഉമാ


ഉപതെരഞ്ഞെടുപ്പിൽ യു ഡി എഫ് സ്ഥാനാർത്ഥിയായി ഉമ തോമസിനെ ഹൈക്കമാന്റ് പ്രഖ്യാപിച്ചു. അന്തരിച്ച കോൺഗ്രസ് നേതാവും എം എൽ എയുമായിരുന്ന പി ടി തോമസിന്റെ ഭാര്യയാണ് ഉമ തോമസ്. മഹാരാജാസ് കോളജ് ചെയർമാനും കെ എസ് യു നേതാവുമായിരുന്നു. ബി എസ് സി ബിരുദധാരിയാണ് ഉമ തോമസ്. പി ടി തോമസുമായുള്ള വിവാഹ ശേഷം പൊതു പ്രവർത്തന രംഗത്ത് സജീവമായിരുന്നില്ല. ആസ്റ്റർ മെഡിസിറ്റിയിൽ അസി. ഫിനാൻസ് മാനേജരായി ജോലി ചെയ്തുവരികയാണ്.

 
 പി ടി തോമസിന്റെ അകാല ചരമത്തെ തുടർന്നാണ് തൃക്കാക്കരയിൽ ഉപതെരഞ്ഞെടുപ്പ് ആവശ്യമായി വന്നത്. ആദ്യം മുതൽ ഉമാ തോമസിന്റെ പേരിനാണ് കോൺഗ്രസ് നേതൃത്വം മുൻതൂക്കം നൽകിയിരുന്നത്.

യു ഡി എഫിന്റെ ഏറ്റവും ശക്തമായ മണ്ഡലമാണ് തൃക്കാക്കര. തൃക്കാക്കരയിൽ വിജയിച്ച് കയറേണ്ടത് കോൺഗ്രസിന് രാഷ്ട്രീയമായി ഏറെ അനിവാര്യമാണ്. അതിനാലാണ് പി ടി യുടെ ഭാര്യയായ ഉമ തോമസിനെ സ്ഥാനാർത്ഥിയാക്കാൻ കോൺഗ്രസ് നേതൃത്വം ഏകകണ്ഠേന തീരുമാനമെടുത്തത്. കെ വി തോമസ് ഇടഞ്ഞു നിൽക്കുന്നതും മറ്റു രാഷ്ട്രീയ വിഷയങ്ങളും കോൺഗ്രസിന്റെ വിജയം അത്ര സുഖമമാക്കിയേക്കില്ലെന്ന തോന്നലും ഉമയെന്ന ഒറ്റ സ്ഥാനാർത്ഥിയിലേക്ക് വരാൻ കോൺഗ്രസിനെ പ്രേരിപ്പിച്ചു. ഇനി വൻ ഭൂരിപക്ഷത്തോടെ വിജയിക്കുകയെന്നതാണ് കോൺഗ്രസിന്റെ മുന്നിലുള്ളത്. സി പി എം ഉറപ്പാണ് 100 സീറ്റെന്നും, ഉറപ്പാണ് തൃക്കാക്കരയെന്നുമുള്ള പ്രഖ്യാപനം നടത്തിയതോടെ തീപ്പാറുന്ന പോരാട്ടമായിരിക്കും നടക്കുക.

ഗുജറാത്ത് വികസനം പഠിക്കാൻ പോയ പിണറായിയും വെട്ടിലായ യെച്ചൂരിയും


ഗുജറാത്ത് വികസമാതൃക പഠിക്കാനായി മുഖ്യമന്ത്രി പിണറായി വിജയന് അവിടം വരെ ഒന്നു പോവണമെന്ന് വലിയ പൂതിയുണ്ടായിരുന്നു. എന്നാൽ ബി ജെ പി ശത്രവാണെന്നും, ഗുജറാത്ത് വളരെ അവികസിതമായ സംസ്ഥാനമാണെന്നുമാണല്ലോ സി പി എം സ്ഥിരമായി പറഞ്ഞു കൊണ്ടിരിക്കുന്നത്. പലപ്പോഴും ബി ജെ പിക്കാരോട് നിങ്ങളുടെ അപ്പൂതി മനസിൽ വച്ചാമതിയെന്നാണല്ലോ പിണറായി പറയാറ്. അതിനാൽ അമേരിക്കയിൽ പോയി തിരികെ എത്തുമ്പോഴേക്കും ഗുജറാത്തിൽ പോയി കാര്യങ്ങൾ പഠിച്ചുവരാനായിരുന്നു മുഖ്യമന്ത്രിയുടെ നിർദ്ദേശം. അങ്ങിനെ ചീഫ് സെക്രട്ടറിയും പരിവാരങ്ങളും ഗുജറാത്തിലെത്തി. കാര്യങ്ങൾ വ്യക്തമായി പഠിച്ചു. ഗുജറാത്തിലെ വികസനം പഠിക്കാൻ കേരളത്തിൽ നിന്നും ഉന്നതരെത്തിയത് അവിടെ വലിയ വാർത്തയായി. കേരളമാണ് വികസനത്തിൽ മുന്നിലെന്ന് ബഡായി പറഞ്ഞിരുന്നവരാണല്ലോ യച്ചൂരിയും സംഘവും. വാർത്ത പുറത്തു വന്നതോടെ നാണക്കേടിലായ തോടെയാണ് സി പി എമ്മിന്റെ സമുന്നതനായ നേതാവ് യച്ചൂരി ന്യായീകരണവുമായി രംഗത്തെത്തിയത്.


ഗുജറാത്ത് മോഡൽ പഠിക്കാനായല്ല ചീഫ് സെക്രട്ടറിയും ഉദ്യോഗസ്ഥരും ഗുജറാത്തിൽ  സന്ദർശനം നടത്തിയതെന്ന് സിപിഎം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി  . ഡാഷ്  ബോർഡിനെ കുറിച്ച് പഠിക്കാനായാണ് ഉദ്യോഗസ്ഥർ പോയത്. ഇത് എല്ലാ സർക്കാരുകളും സാധാരണ ചെയ്യാറുള്ളതാണെന്നും യെച്ചൂരി പറഞ്ഞു. വിഷയത്തെ കുറിച്ച് സംസ്ഥാന  സർക്കാർ മറുപടി പറയുമെന്നും യെച്ചൂരി അങ്ങ് ദില്ലിയിൽ പറഞ്ഞു.

വിവിധ വകുപ്പുകളുടെ പ്രവർത്തനം തത്സമയം ഓരോ ദിവസവും മുഖ്യമന്ത്രിക്ക് വിലയിരുത്തൻ കഴിയുന്ന സി എം ഡാഷ് ബോർഡ് സംവിധാനം പഠിച്ച് ഞായറാഴ്ച്ചയാണ് ചീഫ് സെക്രട്ടറി തിരികെ എത്തിയത്. ഒപ്പം അര ലക്ഷത്തോളം സർക്കാർ സ്‌കൂളുകളെ ഒരു കേന്ദ്രത്തിൽ നിരീക്ഷിക്കുന്ന  വിദ്യ സമീക്ഷ  പദ്ധതിയും ചീഫ് സെക്രെട്ടറി വിലയിരുത്തി. ഗുജറാത്ത് മോഡൽ പഠിക്കാൻ ഉള്ള ശ്രമത്തെ അതി രൂക്ഷമായാണ് പ്രതിപക്ഷം വിമർശിച്ചത്. ഇതാണ് യച്ചൂരിക്ക് വലിയ വിഷമമായത്. കണ്ണൂർ പാർട്ടി കോൺഗ്രസോടെ ശക്തി പൂർണമായും ക്ഷയിച്ച പാർട്ടി ജനറൽ സെക്രട്ടറിയാണല്ലോ സീതാറാം യച്ചൂരി. കേരളത്തിലെ പാർട്ടി നടത്തുന്ന എന്തു കൊള്ളരുതായ്മയെയും ന്യായീകരിക്കുകയാണ് നിലവിൽ പാർട്ടി ജന.സെക്രട്ടറിയുടെ പ്രധാന ചുമതല. അതിനാലാണ് കെ റെയിലിനെ വാഴ്ത്തിയതും ഗുജറാത്ത് സന്ദർശനത്തെ ന്യായീകരിച്ചും യച്ചൂരി രംഗത്തെത്തിയത്.

സന്ദർശനത്തിന്റെ വിശദാംശങ്ങൾ റിപ്പോർട്ടായി  ചീഫ് സെക്രട്ടറി മുഖ്യമന്ത്രിക്ക് സമർപ്പിക്കും. റിപ്പോർട്ടിന്മേൽ സർക്കാർ വിശദമായി ചർച്ച നടത്തും എന്നിട്ട് അത് വേണമോ വേണ്ടയോ എന്നൊക്കെ തീരുമാനിക്കുമെന്നാണ് സി പി എം പറയുന്നത്.

രാജ്യത്ത് നിർബന്ധിത വാക്സിനേഷൻ പാടില്ലെന്ന് സുപ്രീംകോടതി വിധി

ഒരു വ്യക്തിയെയും കൊവിഡ് വാക്സിൻ കുത്തി വയ്ക്കാൻ നിരബന്ധിക്കരുതെന്ന് സുപ്രീം കോടതി നിർണ്ണായക വിധി പുറപ്പെടുവിച്ചു. പൊതു താത്പര്യം കണക്കിലെടുത്ത് വാക്സിൻ കുത്തിവയ്ക്കാത്തവർക്ക് എതിരെ  നിയന്ത്രണങ്ങൾ കൊണ്ട് വരാൻ സർക്കാരുകൾക്ക് അധികാരം ഉണ്ടെന്നും സുപ്രീം കോടതി വ്യക്തമാക്കി.


വാക്സിൻ സ്വീകരിക്കാത്തവർക്ക് പൊതു സ്ഥലങ്ങളിൽ നിയന്ത്രണം ഏർപ്പെടുത്തിയ സംസ്ഥാന സർക്കാരുകളുടെ നടപടി ഏകപക്ഷീയമാണെന്ന് കോടതി വ്യക്തമാക്കി. നിലവിലെ സാഹചര്യത്തിൽ അത്തരം ഉത്തരവുകൾ പിൻവലിക്കണമെന്നും സുപ്രീം കോടതി പറഞ്ഞു. വാക്സിന്റെ പാർശ്വ ഫലങ്ങളെ കുറിച്ചുള്ള വിവരങ്ങൾ പരസ്യപ്പെടുത്തണമെന്നും സുപ്രീം കോടതി പറഞ്ഞു. വാക്സിൻ നിർബന്ധമാക്കാനുള്ള സർക്കാരിന്റെ തീരുമാനത്തിനാണ് സുപ്രിംകോടതി വിലക്കേർപ്പെടുത്തിയിരിക്കുന്നത്.
ഷവർമ്മ മരണം തുടർകഥ; ഭക്ഷണം വിഷമാവുന്നത് എങ്ങിനെ തടയും ?


ഷവർമ്മ കഴിച്ച് ഒരു വിദ്യാർത്ഥിനി മരണമടഞ്ഞിരിക്കുന്നുവെന്ന വാർത്ത ശരിക്കും നാടിനെ ഞെട്ടിച്ചിരിക്കയാണ്. കരിവെള്ളൂർ പെരളം സ്വദേശിനിയായ ദേവനന്ദ (16 ) എന്ന പ്ലസ് ടു വിദ്യാർത്ഥിനിയാണ് മരണമടഞ്ഞത്. കാസർക്കോട് ജില്ലയിലെ ചെറുവത്തൂരിൽ നിന്നും ഷവർമ്മ കഴിച്ചതിനെ തുടർന്നാണ് ദേവനന്ദ മരിച്ചത്. 44 പേർ വിവിധ ആശുപത്രികളിൽ ചികിൽസ തേടിയിരിക്കയാണ്. 
 

ക്ഷണ വസ്തുക്കൾ വിൽപ്പന നടത്തുന്നിടങ്ങളിൽ യാതൊരു പരിശോധനയും നടക്കുന്നില്ല എന്നത് ഏറെ ഗൗരവതരമാണ്. എന്തും വിൽക്കാനുള്ള സൗകര്യം എങ്ങിനെയാണ് ഉണ്ടാവുന്നതെന്നാണ് ഉയരുന്ന ചോദ്യം. ഹെൽത്ത് ഇൻസ്പെക്ടർമാർക്ക് എന്താണ് ചുമതലയെന്നാണ് ഉയരുന്ന ചോദ്യം. ജീവനെടുക്കുന്ന ഭക്ഷണ പദാർത്ഥമായി ഷവർമ്മ നേരത്തെയും മാറിയിരുന്നു. വർഷങ്ങൾക്ക്  മുൻപ് സച്ചിൻ മാത്യു റോയി ഇതേ പോലെ ഷവർമ്മ കഴിച്ച് മരിച്ചിരുന്നു. തിരുവനന്തപുരത്തുനിന്നും ഷവർമ്മ വാങ്ങിച്ച വിദ്യാർത്ഥി ബസ് യാത്രക്കിടയിൽ കഴിച്ചതിനെ തുടർന്നാണ് സച്ചിൻ മാത്യു റോയ് എന്ന വിദ്യാർത്ഥി ബാംഗ്ലൂരിൽ  മരിച്ചത്. അന്ന് 15 പേർ ആശുപത്രിയിൽ കഴിയേണ്ടിവന്നു.

ഭക്ഷണം വില്ലനായി മാറുന്നതും വിഷമായി മാറുന്നതും ആവർത്തിക്കപ്പെടുന്നു. ശ്രദ്ധയില്ലാതെ ഭക്ഷണം പാകം ചെയ്യുന്നതും വിൽക്കുന്നതും ഇനിയെങ്കിലും നിയന്ത്രിക്കാൻ നടപടിയുണ്ടാവണം.

ബി ജെ പിയിൽ വിമത ശോഭ

 ബിജെപിയിൽ പരസ്യമായ വിമത നീക്കത്തിന് തുടക്കമിട്ടിരിക്കയാണ് ശോഭാ സുരേന്ദ്രൻ. പാലക്കാട്  പത്മദുർഗം സേവാസമിതി പ്രവർത്തക കൺവെൻഷൻ എന്ന പേരിലാണ് ശോഭാ സുരേന്ദ്രൻ വിമത യോഗം നടത്തിയത്. കൺവെൻഷൻ പൊളിക്കുന്നതിനായി ബിജെപി സംഘടിപ്പിച്ച സമാന്തര പരിപാടി അവഗണിച്ച് നൂറ് കണക്കിന് പ്രവർത്തകർ യോഗത്തിനെത്തിയതോടെ ശോഭാ സുരേന്ദ്രൻ മുന്നോട്ട് നീങ്ങുകയാണ്.

ഏതാണ്ട് രണ്ടു വർഷമായി ശോഭാ സുരേന്ദ്രൻ നേതൃത്വുമായി അകന്നു നിൽക്കുകയായിരുന്നു. കെ സുരേന്ദ്രനെ പാർട്ടി സംസ്ഥാന അധ്യക്ഷനാക്കിയതിൽ പ്രതിഷേധിച്ച് പാർട്ടിവിടാൻ പോലും ശോഭാ സുരേന്ദ്രൻ നീക്കം നടത്തിയിരുന്നു. ദേശീയ നേതൃത്വത്തെ നേരിൽ കണ്ട് പരാതി അറിയിച്ചെങ്കിലും ശോഭയ്ക്ക് വലിയ സ്വീകാര്യത കിട്ടിയില്ല. തെരഞ്ഞെടുപ്പിൽ മത്സരിക്കാൻ അവസാന സമയത്താണ് ശോഭയ്ക്ക് അവസരം ലഭിച്ചത്. ഇതെല്ലാം കെ സുരേന്ദ്രൻ- വി മുരളീധരൻ കൂട്ടുകെട്ടിന്റെ ഇടപെടൽ മൂലമാണെന്നായിരുന്നു ശോഭയുടെ ആരോപണം. എന്തായാലും ദേശീയ നേതൃത്വത്തിന്റെ ഭാഗത്തു നിന്നും നീതി ലഭിക്കില്ലെന്ന് തിരിച്ചറിഞ്ഞതോടെയാണ് ശോഭ വിമത നീക്കങ്ങൾ ആരംഭിച്ചത്.

ബിജെപി സംസ്ഥാന നേതൃത്വവുമായി ഇടഞ്ഞ് നിൽക്കുന്നവരും നിലവിൽ പാർട്ടി പ്രവർത്തനങ്ങളിൽ നിന്ന് വിട്ടുനിൽക്കുന്നവരും ചേർന്നാണ് ചിറ്റൂരിൽ വിമത കൺവെൻഷൻ നടത്തിയത്. പത്മദുർഗം സേവാ സമിതിയുടെ പേരിൽ സംഘടിപ്പിച്ച വിമതയോഗം ബിജെപി ദേശീയ നിർവ്വാഹക സമതിയംഗം ശോഭാ സുരേന്ദ്രൻ ഉദ്ഘാടനം ചെയ്തു. ബിജെപി ദേശീയ കൗൺസിൽ അംഗം എൻ ശിവരാജൻ, എസ് ആർ ബാലസുബ്രഹ്‌മണ്യം, വി നടേശൻ തുടങ്ങിയ ബിജെപി നേതാക്കളും പരിപാടിക്കെത്തി. നൂറ് കണക്കിന് പേരാണ് കൺവെൻഷനിൽ പങ്കെടുത്തത്. നേതൃത്വത്തിൻറെ പ്രവർത്തനത്തിൽ വിയോജിപ്പുള്ളവരെ സംഘപരിവാർ ആശയത്തിൽ നിലനിർത്താനാണ് പരിപാടി സംഘടിപ്പിച്ചതെന്ന്  പദ്മദുർഗം സേവാസമിതി ഭാരവാഹികൾ പറയുന്നു.

പാലക്കാട്ട് നടന്നത് വിമത കൺവെൻഷൻ അല്ലെന്നായിരുന്നു ശോഭ സുരേന്ദ്രൻറെ നിലപാട്. വിമത യോഗം നടക്കുന്നതറിഞ്ഞ് ബിജെപി ജില്ലാ നേതൃത്വം ചിറ്റൂരിൽ സംസ്ഥാന സർക്കാരിനെതിരെ മറ്റൊരു  പ്രതിഷേധ പരിപാടി സംഘടിപ്പിച്ചെങ്കിലും കാര്യമായ പ്രവർത്തക പങ്കാളിത്തമുണ്ടായില്ല. വരും ദിവസങ്ങളിൽ ബിജെപി സംസ്ഥാന നേതൃത്വത്തോട് എതിർപ്പുള്ളവരെ പങ്കെടുപ്പിച്ച് കൂടുതൽ ഇടങ്ങളിൽ കൺവെൻഷൻ നടത്താനാണ് വിമത വിഭാഗത്തിൻറെ നീക്കമത്രേ…

വാൽകഷണം : 

ബലാൽസംഗ കേസിൽ പ്രതിയായ താൻ മെയ് 19 ന് ഹാജരാവുമെന്ന് നടൻ വിജയ് ബാബു കൊച്ചി സിറ്റി പൊലീസ് കമ്മീഷണറെ അറിയിച്ചിരിക്കുന്നു. ചോദ്യം ചെയ്യാൻ ഞാൻ പറയുന്ന സ്ഥലത്ത് വരണമെന്ന് പറഞ്ഞില്ലല്ലോ എന്ന ആശ്വാസത്തിലാണ് പൊലീസ്.

LEAVE A REPLY

Please enter your comment!
Please enter your name here