എൻ സി പി സംസ്‌ഥാന പ്രതിനിധി സമ്മേളനം എറണാകുളത്ത് ദേശീയ അധ്യക്ഷൻ ശരദ് പവാർ ഉദ്‌ഘാടനം ചെയ്യുന്നു. എൻ സി പി സംസ്‌ഥാന പ്രതിനിധി സമ്മേളനം എറണാകുളത്ത് ഉദ്‌ഘാടനം ചെയ്ത ശരദ് പവാറിന് സംസ്‌ഥാന ട്രഷറർ പി.ജെ കുഞ്ഞുമോൻ സംസ്‌ഥാന കമ്മിറ്റിയുടെ ഉപഹാരം സമ്മാനിക്കുന്നു. മുഹമ്മദ് ഫൈസൽ എം.പി, മന്ത്രി എ.കെ. ശശീന്ദ്രൻ, ടി പി അബ്ദുൾ അസീസ്, പി.സി ചാക്കോ, പ്രഭുൽ പട്ടേൽ, തോമസ് കെ തോമസ് എം എൽ എ തുടങ്ങിയവർ സമീപം.
കശ്മീർ ഫയൽസ് ചിത്രത്തിനെതിരെ രൂക്ഷ വിമർശനം

കേരള ഘടകത്തിൽ അച്ചടക്ക ലംഘനം അനുവദിക്കില്ലെന്ന് പ്രഫുൽ പട്ടേൽ


കൊച്ചി: വർഗീയ ശക്തികൾ രാജ്യത്ത് അഴിഞ്ഞാടുകയാണെന്നും രാജ്യത്തെ മതസൗഹാർദം തകർക്കാനാണ് ബി ജെ പി ശ്രമിക്കുന്നതെന്നും എൻ സി പി ദേശീയ അധ്യക്ഷൻ ശരദ് പവാർ. ഇത്തരം ശക്തികൾ രാജ്യത്തിന്റെ നിലനിൽപ്പിന് തന്നെ ഭീഷണിയാണെന്നും അദ്ദേഹം പറഞ്ഞു. എൻ സി പി സംസ്‌ഥാന പ്രതിനിധി സമ്മേളനം എറണാകുളത്ത് ഉദ്‌ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു പവാർ. കേന്ദ്ര സർക്കാരിനും ബി ജെ പിക്കുമെതിരെ കടുത്ത വിമർശനമാണ് പ്രസംഗത്തിലുടനീളം പവാർ നടത്തിയത്.

കശ്മീര്‍ ഫയൽസ് ചിത്രത്തിലൂടെ രാജ്യത്തിൻ്റെ മതസൗഹാർദം തകർക്കാൻ ശ്രമം നടന്നു. രാജ്യം ഭരിക്കുന്ന പാർട്ടിയുമായി  അണിയറപ്രവര്‍ത്തകര്‍ക്ക്  ബന്ധമുണ്ട്.  സിനിമക്ക് പ്രചാരം നൽകിയത്  അവരാണെന്നും ശരദ് പവാര്‍ ആരോപിച്ചു. കശ്മീരിലെ ഹിന്ദുക്കളെയും മുസ്ലിങ്ങളെയും ഭിന്നിപ്പിക്കാനുള്ള ഹീനമായ ശ്രമങ്ങൾക്ക് കേന്ദ്രസർക്കാർ ഒത്താശ ചെയ്യുകയാണ്. രാഷ്ട്രീയവും മതപരവുമായ വേർതിരിവാണ് ബി ജെ പി ആഗ്രഹിക്കുന്നത്. അയോധ്യ പ്രശ്നം പരിഹരിച്ചാൽ രാജ്യത്ത് സമാധാനം ഉണ്ടാകുമെന്ന് വിശ്വസിച്ചു.എന്നാൽ അയോധ്യയിൽ പുതിയ പ്രശ്നം ഉണ്ടാക്കാൻ ബി ജെ പി ശ്രമിക്കുന്നു.  വാരാണസിയിൽ പള്ളിയും ക്ഷേത്രവും ഉണ്ട്. 400 വർഷമായി പള്ളി പ്രശ്നമായിരുന്നില്ല.എന്നാൽ ഇപ്പോൾ അത് പ്രശ്നമാക്കാൻ ശ്രമിക്കുന്നു. അയോധ്യക്ക് ശേഷം വാരാണസി പുതിയ പ്രശ്നമാക്കി ഉയർത്താൻ ബി ജെ പി ശ്രമിക്കുന്നു.താജ്മഹലും കുത്തബ് മിനാറും ഉയർത്തി പ്രശ്നമുണ്ടാക്കാൻ ശ്രമിക്കുന്നുവെന്നും ശരദ് പവാര്‍ കുറ്റപ്പെടുത്തി. ബോധപൂർവം പ്രശ്നങ്ങൾ സൃഷ്ടിച്ച് ന്യൂനപക്ഷങ്ങളെ അസ്വസ്‌ഥരാക്കുകയാണ് ബി ജെ പി ലക്‌ഷ്യം. ഇന്ധന വിലവർധന അടക്കമുള്ള വിഷയങ്ങളിൽ ജനശ്രദ്ധ തിരിക്കാൻ ബോധപൂർവമായ ശ്രമമാണ് ബി ജെ പി നടത്തുന്നത്. വർഗീയ ശക്തികൾക്ക് രാജ്യത്തെ അടിയറ വെയ്ക്കുകയാണെന്നും പവാർ ആരോപിച്ചു. മതേതര പാർട്ടികളെ അണിനിരത്തി ബി ജെ പിക്കെതിരായ പോരാട്ടത്തിന് എൻ സി പി  എടുക്കുമെന്നും അദ്ദേഹം പറഞ്ഞു.

കേരളത്തിലെ പാർട്ടിയിൽ അംഗബലം  വർധിപ്പിക്കാനുള്ള പ്രവർത്തനങ്ങൾ ആരംഭിക്കണമെന്ന് അദ്ദേഹം ആഹ്വാനം ചെയ്തു. കേരളത്തിലെ പാർട്ടി ഏറെ  മാറിയിരിക്കുന്നുവെന്നും ഇതിനായി പ്രയത്നിക്കുന്ന സംസ്‌ഥാന അധ്യക്ഷൻ പി.സി. ചാക്കോയെ അഭിനന്ദിക്കുന്നതായും ശരദ് പവാർ പറഞ്ഞു.

പാർട്ടിയുടെ കേരള ഘടകത്തിൽ അച്ചടക്കലംഘനം അനുവദിക്കില്ലെന്നും നേതൃത്വത്തിന്റെ അനുമതിയില്ലാതെ മാധ്യമങ്ങളെ കാണരുതെന്നും സംസ്‌ഥാനത്തിന്റെ ചുമതലയുള്ള ജനറൽ സെക്രട്ടറി പ്രഫുൽ പട്ടേൽ മുന്നറിയിപ്പ് നൽകി. പ്രശ്‌നങ്ങൾ പാർട്ടി ഫോറത്തിൽ ഉന്നയിക്കണം.  മുതിർന്ന നേതാക്കൾ ഇതിനായി ഇടപെടണം. പരാതിയുമായി ആരും മാധ്യമങ്ങൾക്ക്  മുന്നിലേക്കോ പൊതുജനങ്ങൾക്ക് മുന്നിലേക്കോ അല്ല പോകേണ്ടത്. വ്യത്യസ്ത അഭിപ്രായങ്ങൾ  സ്വാഭാവികമാണ്.എന്നാൽ ഇത് പാർട്ടി ഫോറങ്ങളിലാണ് ചർച്ച ചെയ്യേണ്ടതെന്നും അദ്ദേഹം പറഞ്ഞു. പാർട്ടി അച്ചടക്കം ലംഘിക്കുന്നവർക്കെതിരെ കർശന നടപടിയെടുക്കുമെന്നും അദ്ദേഹം പറഞ്ഞു.

എതിരാളികൾ പോലും അംഗീകരിക്കുന്ന രാഷ്ട്രീയ പ്രസ്‌ഥാനമായി കേരളത്തിലെ എൻ സി പി മാറിയെന്ന് സംസ്‌ഥാന പ്രസിഡന്റ് പി.സി. ചാക്കോ അധ്യക്ഷ പ്രസംഗത്തിൽ പറഞ്ഞു.

മന്ത്രി എ.കെ. ശശീന്ദ്രൻ, എൻ സി പി ദേശീയ സെക്രട്ടറി ടി.പി പീതാംബരൻ മാസ്റ്റർ, മുഹമ്മദ് ഫൈസൽ എം.പി, തോമസ് കെ തോമസ് എം.എൽ.എ, സംസ്‌ഥാന വൈസ് പ്രസിഡന്റ് ലതികാ സുഭാഷ്, ട്രഷറർ പി.ജെ കുഞ്ഞുമോൻ, എറണാകുളം ജില്ലാ പ്രസിഡന്റ് ടി.പി അബ്ദുൾ അസീസ് എന്നിവർ സംസാരിച്ചു.

സംസ്‌ഥാന ജനറൽ സെക്രട്ടറി കെ.ആർ രാജൻ രാഷ്ട്രീയ നയരേഖ അവതരിപ്പിച്ചു. സംസ്‌ഥാന വൈസ് പ്രസിഡന്റുമാരായ പി.എം. സുരേഷ് ബാബു, പി.കെ. രാജൻമാസ്റ്റർ, ലതിക സുഭാഷ് തുടങ്ങിയവർ ചർച്ചയ്ക്ക് നേതൃത്വം നൽകി.

LEAVE A REPLY

Please enter your comment!
Please enter your name here