തിരുവനന്തപുരം: സ്‌കൂളുകളിലും അങ്കണവാടിയിലും ഭക്ഷ്യ വിഷബാധ (Food poisoning)ഉണ്ടായ സാഹചര്യത്തില്‍ ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് റിപ്പോര്‍ട്ട് തേടി. ഇതുസംബന്ധിച്ച് അന്വേഷണം നടത്താന്‍ ഭക്ഷ്യ സുരക്ഷാ കമ്മീഷണര്‍ക്കും വനിത ശിശുവികസന വകുപ്പ് ഡയറക്ടര്‍ക്കും മന്ത്രി നിര്‍ദേശം നല്‍കി.

സ്‌കൂളുകളിലും അങ്കണവാടികളിലും ഭക്ഷണം ഉണ്ടാക്കുന്നവര്‍ പ്രത്യേകം ശ്രദ്ധിക്കേണ്ടതാണ്. ശുചിത്വം കൃത്യമായി പാലിക്കണം. ഭക്ഷ്യ സുരക്ഷാ വകുപ്പ് ഇവര്‍ക്ക് പരിശീലനം നല്‍കുന്നതാണ്. ആഹാര സാധനങ്ങളും കുടിവെള്ളവും തുറന്ന് വയ്ക്കരുത്. അവബോധം ശക്തിപ്പെടുത്തുമെന്നും മന്ത്രി വ്യക്തമാക്കി.

കായംകുളം ടൗൺ ഗവൺമെന്റ് യുപി സ്കൂളിലാണ് ഭക്ഷ്യ വിഷബാധ റിപ്പോർട്ട് ചെയ്തത്. കഴിഞ്ഞ ദിവസം സ്കൂളിൽ നിന്ന് കഴിച്ച ഉച്ചഭക്ഷണത്തിൽ നിന്നാണ് ഭക്ഷ്യ വിഷബാധ ഏറ്റതെന്നാണ് സംശയം. ഇതിനെ തുടര്‍ന്ന് ഇരുപതോളം കുട്ടികളെ താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. സ്കൂളിൽ നിന്ന് സാമ്പാറും ചോറുമാണ് കുട്ടികൾ കഴിച്ചിരുന്നത്.

ഇന്നലെ രാത്രി അസ്വസ്ഥത അനുഭവപ്പെട്ടതിനെ തുടർന്ന് ചികിത്സ തേടിയിരുന്നു. തുടർന്ന് വീട്ടിലേക്ക് മടങ്ങിയ കുട്ടികൾക്ക് ഇന്ന് രാവിലെ വീണ്ടും വയറുവേദനയും ക്ഷീണവും അനുഭവപ്പെടുകയായിരുന്നു. ആരുടെയും നില ഗുരുതരമല്ലെന്ന് ആശുപത്രി അധികൃതർ അറിയിച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here