തിരുവനന്തപുരം : ലോക കേരള സഭയുടെ മൂന്നാം സമ്മേളനത്തിന് തുടക്കമായി. ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ സമ്മേളനം ഉദ്ഘാടനം ചെയ്തു. അനാരോഗ്യത്തെ തുടർന്ന് ഡോക്ടർമാർ വിശ്രമം നിർദ്ദേശിച്ചതിനെ തുടർന്ന് മുഖ്യമന്ത്രി ചടങ്ങിൽ എത്തിയില്ല.
പ്രവാസികൾക്ക് ക്ഷേമപദ്ധതികൾ ആവിഷ്‌ക്കരിച്ചു നടപ്പാക്കാൻ സർക്കാർ പ്രതിജ്ഞാബന്ധമാണെന്ന് ഗവർണർ പറഞ്ഞു. യുക്രെയിൻ -റഷ്യ യുദ്ധം ഉണ്ടായപ്പോൾ അവിടങ്ങളിൽ അകപ്പെട്ട ഇന്ത്യക്കാരെ സുരക്ഷിതമായി നാട്ടിലെത്തിക്കാൻ കഴിഞ്ഞു. സ്റ്റാർട്ടപ്പ് രംഗത്ത് കേരളത്തിന് മികച്ച നേട്ടമാണ് കൈവരിക്കാനായതം. ഗ്ലോബൽ സ്റ്റാർട്ടപ്പ് ഇക്കോസിസ്റ്റം റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ ടാലെന്റ് റാങ്കിങില് കേരളം ഏഷ്യയിലെ ഒന്നാമതെത്തി. ലോകകേരള സഭയുടെ ഉദ്ഘാടനം ചെയ്യാൻ കഴിയുന്നതിൽ വലിയ സന്തോഷമുണ്ടെന്നും ഗവർണർ പറഞ്ഞു.

കേരളത്തിന്റെ പുരോഗതിക്കു പ്രവാസി സമൂഹം വഹിക്കുന്ന പങ്ക് നിസ്തുലമാണെന്ന് സ്പീക്കർ എം ബി രാജേഷ് പറഞ്ഞു. കേരളത്തിന്റെ അഭ്യന്തര ഉൽപ്പാദനത്തിന്റെ 35 ശതമാനമാണ് പ്രവാസികൾ അയക്കുന്ന പണം. ജി ഡി പിയുടെ മൂന്നിലൊന്ന് പ്രവാസികളുടെ സംഭാവനയാണ്. ലോകകേരള സഭ വന്നതോടെ പ്രവാസികളുടെ അഭിപ്രായങ്ങളും ആശയങ്ങളും പങ്കുവെക്കാൻ ജനാധിപത്യ വേദിയുണ്ടായെന്നും സ്പീക്കർ അഭിപ്രായപ്പെട്ടു.
നാളെയും മറ്റന്നാളുമായി നടക്കുന്ന സമ്മേളനത്തിൽ വിവിധ വിഷയങ്ങളിൽ ചർച്ചകൾ നടക്കും. സംസ്ഥാനത്തെ നിയമസഭാംഗങ്ങളും പാർലമെന്റ് അംഗങ്ങളും പ്രവാസികളും അടങ്ങുന്നതാണ് ലോക കേരള സഭ. 351 പ്രതിനിധികളാണ് സമ്മേളനത്തിൽ പങ്കെടുക്കുന്നത്. പ്രവാസമേഖലയിലെ ക്ഷണിതാക്കളും വിവിധ സംസ്ഥാനങ്ങളിൽ നിന്നുള്ള പ്രതിനിധികളും സമ്മേളനത്തിൽ പങ്കെടുക്കുന്നുണ്ട്. 18 ന് ലോക കേരളസഭ സമാപിക്കും. 
 

LEAVE A REPLY

Please enter your comment!
Please enter your name here