കൊച്ചി: ടെലിവിഷന്‍ പരമ്പരകളിലൂടെ ശ്രദ്ധേയനായ വി പി ഖാലിദ് (70 ) സിനിമാ ലൊക്കേഷനില്‍ കുഴഞ്ഞുവീണ് മരിച്ചു. വൈക്കത്ത് ഒരു സിനിമാഷൂട്ടിംഗിനിടെ ശുചിമുറിയില്‍ കുഴഞ്ഞുവീണനിലയില്‍ കണ്ടെത്തുകയായിരുന്നു. ഉടന്‍ ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരണം സംഭവിക്കുകയായിരുന്നു. ഹൃദയാഘാതമാണ് മരണകാരണമെന്ന് കരുതുന്നു. ഫോര്‍ട്ടുകൊച്ചി മട്ടാഞ്ചേരി സ്വദേശിയാണ്.

നാടകങ്ങളിലൂടെയാണ് അഭിനയലോകത്ത് എത്തിയത്. മേക്കപ്പ് മാനായും ലൊക്കേഷനില്‍ സഹായായുമൊക്കെ പ്രവര്‍ത്തിച്ചു. പ്രമുഖ മജീഷ്യനായ വാഴക്കുന്നം നമ്പൂതിരിയില്‍ നിന്നും മാജിക്ക് പഠിച്ച ഖാലിദ് കൊച്ചിന്‍ നാഗേഷ് എന്ന പേരിലാണ് അക്കാലത്ത് അറിയപ്പെട്ടിരുന്നത്. ബ്രേക്ക് ഡാന്‍സ് കലാകാരനായും തിളങ്ങി. നാടക സംവിധായകനായും നടനായും ഏറെക്കാലം തുടര്‍ന്ന ഖാലിദ് ഗള്‍ഫില്‍ ബിസിനസുകാരനായും ജീവിച്ചു.

ജീവിതത്തില്‍ എല്ലാ വേഷങ്ങളും അഭിനയിച്ചാണ് ടെലിവിഷന്‍ പരമ്പരയിലേക്ക് എത്തുന്നത്. ഖാലിദ് തന്റെ അറുപതാം വയസിലാണ് അറിയപ്പെടുന്ന അഭിനേതാവായി മാറുന്നത്. നിരവധി സിനിമകളിലും അഭിനയിച്ചിട്ടുണ്ട്. മഴവില്‍മനോരമ സംപ്രേഷണം ചെയ്യുന്ന മറിമായം എന്ന ആക്ഷേപ ഹാസ്യ പരമ്പരയിലൂടെ വര്‍ഷങ്ങളായി മലയാളികളെ ചിരിപ്പിക്കുന്ന താരമാണ് വി പി ഖാലിദ്. മറിമായത്തിലെ സുമേഷ് എന്ന കഥാപാത്രമാണ് നടന്റെതായി ഏറെ ശ്രദ്ധിക്കപ്പെട്ടത്.

ഒമ്പത് വര്‍ഷമായി പരമ്പരയുടെ ഭാഗമാണ് നടന്‍. ഒരു ചെറിയ വേഷം ചെയ്തായിരുന്നു മറിമായത്തില്‍ അദ്ദേഹം തുടങ്ങിയത്. അത് പ്രേക്ഷകര്‍ സ്വീകരിച്ചതോടെ മറിമായം അണിയറ പ്രവര്‍ത്തകര് സ്ഥിരമായി വിപി ഖാലിദിനെ വിളിക്കുകയായിരുന്നു. അദ്ദേഹത്തിന്റെ മക്കളായ ഷൈജു ഖാലിദ്, ജിംഷി ഖാലിദ്, ഖാലിദ് റഹ്‌മാന്‍ തുടങ്ങിയവരെല്ലാം ഇപ്പോള്‍ അറിയപ്പെടുന്ന ചലച്ചിത്ര പ്രവര്‍ത്തകരാണ്.

 

LEAVE A REPLY

Please enter your comment!
Please enter your name here