ലൈഫ് മിഷന്‍ കേസില്‍ മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി എം ശിവശങ്കര്‍ കമ്മീഷന്‍ വാങ്ങിയെന്ന് ആരോപിച്ച് സ്വപ്‌ന സുരേഷ്. തന്റെ ബാങ്ക് ലോക്കറിലുണ്ടായിരുന്ന ഒരു കോടി രൂപ ശിവശങ്കറിന്റെ കമ്മീഷനായിരുന്നു. കമ്മീഷന്‍ സംബന്ധിച്ച വിവരങ്ങള്‍ സിബിഐ സംഘത്തെ അറിയിച്ചു. ക്ലിഫ് ഹൗസില്‍ നടന്ന ചര്‍ച്ചയിലാണ് ലൈഫ് മിഷന്‍ പദ്ധതി സന്തോഷ് ഈപ്പന് നല്‍കണമെന്ന് തീരുമാനിച്ചത്. യോഗത്തില്‍ മുഖ്യമന്ത്രിയും ശിവശങ്കറും കോണ്‍സുല്‍ ജനറലും പങ്കെടുത്തു. ധാരണാപത്രം ഒപ്പിട്ടത് സെക്രട്ടേറിയറ്റില്‍ വെച്ചാണെന്നും സ്വപ്‌ന മാധ്യമങ്ങളോട് പറഞ്ഞു.

സ്വപ്ന യുടെ പുതിയ വെളിപ്പെടുത്തലുകള്‍ക്ക് പിന്നാലെ ലൈഫ് മിഷന്‍ തട്ടിപ്പില്‍ അന്വേഷണം സിബിഐ ഊര്‍ജിതമാക്കിയിരുന്നു. ഇടപാടില്‍ നിര്‍ണായക പങ്കുവഹിച്ചയാളാണ് സ്വപ്‌നയെന്നാണ് സിബിഐ കരുതുന്നത്. ലൈഫ് മിഷന്‍ പദ്ധതിക്കായി കേന്ദ്ര സര്‍ക്കാരിന്റെ അനുമതി വാങ്ങാതെ വിദേശ നിക്ഷേപം സ്വീകരച്ച് കോഴയിടപാട് നടത്തിയെന്നാണ് കേസ്.

മുഖ്യമന്ത്രി പിണറായി വിജയനെയും കുടുംബത്തെയും സംശയത്തിന്റെ നിഴലില്‍ നിര്‍ത്തുന്ന സ്വപ്നയുടെ പുതിയ വെളിപ്പെടുത്തലുകളുടെ ചുവടുപിടിച്ചാണ് സിബിഐയുടെ നീക്കം. കേസുമായി ബന്ധപ്പെട്ട് സ്വപ്നയെ ആദ്യമായാണ് സിബിഐ ചോദ്യം ചെയ്യുന്നത്. നയതന്ത്രസ്വര്‍ണക്കടത്തു കേസിലെ അന്വേഷണത്തിനിടയിലാണ് ലൈഫ്മിഷന്‍ കോഴയിടപാടും ഡോളര്‍ കടത്തും പുറത്തുവരുന്നത്. ലൈഫ് മിഷന്റെ വടക്കാഞ്ചേരി പദ്ധതിക്കു വേണ്ടി 18.50 കോടി രൂപയാണു യുഎഇ കോണ്‍സുലേറ്റ് വഴി സ്വരൂപിച്ചത്. ഇതില്‍ 14.50 കോടിരൂപ കെട്ടിടനിര്‍മാണത്തിനു വിനിയോഗിച്ചപ്പോള്‍ ബാക്കി തുക സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ക്കുള്‍പ്പെടെ കോഴയായി വിതരണം ചെയ്തുവെന്നാണ് കേസ്.

കരാര്‍ ഏറ്റെടുത്ത യൂണിടേക് എംഡി സന്തോഷ് ഈപ്പനെ സിബിഐ നേരത്തെ ചോദ്യം ചെയ്തിരുന്നു. നിര്‍മാണക്കരാര്‍ ലഭിച്ചതിന് മൂന്നരക്കോടി രൂപയുടെ ഡോളര്‍ യുഎഇ കോണ്‍സുലേറ്റിലെ ഈജിപ്ഷ്യന്‍ പൗരന്‍ ഖാലിദ് അലി ഷൗക്രിക്കും സന്ദീപ് നായര്‍ക്കും കോഴ നല്‍കിയെന്ന് സന്തോഷ് ഈപ്പന്‍ മൊഴി നല്‍കി.

ഡോളര്‍ വാങ്ങിയത് കരിഞ്ചന്തയില്‍ നിന്നാണെന്നും സ്വപ്നയ്ക്ക് അഞ്ച് ഐഫോണ്‍ നല്‍കിയിരുനുവെന്നും ഈപ്പന്റെ മൊഴിയിലുണ്ട്. ഈ മൊഴികളില്‍ കൂടുതല്‍ വ്യക്തത വരുത്താനും പുതിയ വെളിപ്പെടുത്തലുകളുമായി ബന്ധപ്പെട്ട സ്വപ്നയില്‍ നിന്ന് വിശദീകരണം തേടാനുമാണ് സിബിഐ നീക്കം.

LEAVE A REPLY

Please enter your comment!
Please enter your name here