തിരുവനന്തപുരം കോട്ടയ്ക്കകത്തെ തെക്കിനിക്കനാൽ കയ്യേറി ബാറുടമ ബിജു രമേശ് നിർമിച്ചിട്ടുള്ള രാജധാനി ഹോട്ടലിന്റെ ഭാഗങ്ങൾ പൊളിച്ചു നീക്കാമെന്ന് ഹൈക്കോടതി. നഗരത്തിലെ അനധികൃത കയ്യേറ്റം ഒഴിപ്പിക്കുന്നതിന് ഒാപ്പറേഷൻ അനന്ത തുടരാനും ഹൈക്കോടതി പച്ചക്കൊടി വീശി.

ദുരന്തനിവാരണ നിയമം അനുസരിച്ച് രാജധാനി ഹോട്ടലിന്റെ ഭാഗങ്ങൾ പൊളിക്കാൻ തിരുവനന്തപുരം ജില്ലാ കലക്ടർ പുറപ്പെടുവിച്ച ഉത്തരവ് ശരിവച്ചാണ് ചീഫ് ജസ്റ്റീസ് അശോക് ഭൂഷണും, ജസ്റ്റീസ് എ എം ഷെഫീക്കും അടങ്ങിയ ഡിവിഷൻ ബഞ്ചിന്റെ ഉത്തരവ്. കഴി‍ഞ്ഞവർഷം ഒാഗസ്റ്റ് 21നാണ് നിയമപരമായ എല്ലാ വസ്തുതകളും പരിശോധിച്ചാണ് ജില്ലാ കലക്ടർ ഈ ഉത്തരവ് പുറപ്പെടുവിച്ചത്.

ജില്ലാ കലക്ടറുടെ തീരുമാനത്തിൽ ഇടപെട്ട സിംഗിൾ ബഞ്ച് നടപടി നിയമപരമല്ലെന്ന് ഡിവിഷൻ ബഞ്ച് വ്യക്തമാക്കി. ഭൂമി ഏറ്റെടുക്കൽ നിയമപ്രകാരമോ ഭൂസംരക്ഷണ നിയമപ്രകാരമോ നടപടി സ്വീകരിച്ചതിന് ശേഷമേ കെട്ടടം പൊളിക്കാവൂ എന്നായിരുന്നു സിംഗിൾ ബഞ്ച് ഉത്തരവ്. വിധിക്കെതിരെ സർക്കാർ സമർപ്പിച്ച അപ്പീൽ അനുവദിച്ചാണ് ഡിവിഷൻ ബ‍ഞ്ചിന്റെ ഉത്തരവ്. ദുരന്ത നിവാരണ നിയമത്തിലെ വ്യവസ്ഥകൾ കർശനമായി നടപ്പാക്കേണ്ടതുണ്ടെന്ന് കോടതി വ്യക്തമാക്കി. എന്നാൽ കോടതിയെ തെറ്റിധരിപ്പിച്ചാണ് സർക്കാർ അനുകൂല വിധി സമ്പാദിച്ചതെന്ന് ബിജു രമേശ് ആരോപിച്ചു.

തിരുവനന്തപുരം ജില്ലയിലെ അനധികൃത കയ്യേറ്റങ്ങൾ ഒഴിപ്പിക്കാൻ 10 കോടിരൂപ സർക്കാർ വകയിരുത്തിയിട്ടുണ്ടെന്നും ഇതിനായി ഒാപ്പറേഷൻ അനന്ത എന്ന പേരിൽ പ്രത്യേക പദ്ധതി ആവിഷ്കരിച്ചതായും സർക്കാർ കോടതിയിൽ ബോധിപ്പിച്ചു. നഗരത്തിലെ വെള്ളക്കെട്ടൊഴിവാക്കുന്നതിന് തെക്കിനിക്കരകനാലിലെ നീരൊഴുക്ക് സുഗമമാക്കണം. അതിനായി അനധികൃതമായി കയ്യേറിയ ഭാഗങ്ങൾ പൊളിച്ചു നീക്കേണ്ടതുണ്ടെന്നും കോടതി വ്യക്തമാക്കി.

LEAVE A REPLY

Please enter your comment!
Please enter your name here