കൊച്ചി: മോൻസൻ മാവുങ്കിലൻറെ പുരാവസ്തു തട്ടിപ്പടക്കമുള്ള കേസുകളിൽ ഐ ജി ലക്ഷ്മണയടക്കമുളളവരെ പ്രതി ചേർക്കണമെന്നാവശ്യപ്പെട്ടുളള ഹർജിയിൽ ക്രൈംബ്രാഞ്ച് ഹൈക്കോടതിയിൽ റിപ്പോർട്ട് സമർപ്പിച്ചു. ഉന്നത പൊലീസ് ഉദ്യോഗസ്ഥർക്ക് തട്ടിപ്പിൽ നേരിട്ട് പങ്കുളളതായി തെളിവില്ലെന്ന് റിപ്പോർട്ടിൽ പറയുന്നു. ഉദ്യോഗസ്ഥർ മോൻസൻ മാവുങ്കലിൽ നിന്ന് പണം വാങ്ങിയത് കടമായിട്ടാണ്.പൊലീസ് ചട്ടങ്ങൾക്ക് വിരുദ്ധമായി ആരോപണവിധേയനായ ഉദ്യോഗസ്ഥർ മോൻസനുമായി അടുപ്പം പുലർത്തി. ക്രൈംബ്രാഞ്ച്.മുൻ ഡിഐജി എസ് സുരേന്ദ്രനും കുടുംബത്തിനും മോൻസനുമായി വലിയ അടുപ്പമുണ്ടായിരുന്നു, എന്നാൽ തട്ടിപ്പിൽ പ്രതിയാക്കാൻ തെളിവില്ല .അതിനാലാണ് സസ്‌പെൻഷനും വകുപ്പുതല അന്വേഷണവും തുടരുന്നത് .മോൻസൻറെ കൊച്ചിയിലെ വീട്ടിൽ പട്രോളിങ് ബുക്ക് വെച്ചത് സാധാരണ നടപടി മാത്രമാണ്.

കെപിസിസി പ്രസിഡൻറ്   കെ സുധാകരനെതിരെ അന്വേഷണം തുടരുകയാണെന്നും ക്രൈംബ്രാഞ്ച് റിപ്പോർട്ടിൽ പറയുന്നു.
സുധാകരൻറെ  സാന്നിധ്യത്തിലാണ് പരാതിക്കാരനായ അനൂപ് 25 ലക്ഷം രൂപ മോൻസന് കൈമാറിയത്.സുധാകരനെ ചോദ്യം ചെയ്യാനായിട്ടില്ലെന്നും ക്രൈംബ്രാഞ്ച് റിപ്പോർട്ടിലുണ്ട്.

യുട്യൂബ് വ്‌ലോഗുകളിലൂടെയും സമൂഹമാധ്യമങ്ങളിലൂടെയും പ്രമുഖ മാധ്യമങ്ങളിലൂടെയും പുരാവസ്തു വിൽപ്പനക്കാരൻ എന്ന നിലയിലും പ്രവാസി മലയാളി അസോസിയേഷൻ രക്ഷാധികാരി എന്ന നിലയിലും പേരെടുത്ത മോൻസൻ മാവുങ്കൽ എന്ന തട്ടിപ്പുവീരൻറെ മുഖം മൂടി അഴിഞ്ഞ് വീണ വർഷമാണ് 2021. പ്രമുഖരെല്ലാം കുരുങ്ങിയ മോൻസൻറെ തട്ടിപ്പ് കഥകൾ വലിയ വാർത്തയായി, വിവാദമായി. പ്രതിപക്ഷ നേതാവു മുതൽ, കേരള പൊലീസ് മുൻ മേധാവി, മാധ്യമപ്രവർത്തകർ ഉൾപ്പെടെയുള്ളവരെ  കബളിപ്പിച്ച് മോൻസൻ നടത്തിയ തട്ടിപ്പുകൾ കേരളം അമ്പരപ്പോടെയാണ് കണ്ടത്. . മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട ആളുകൾ അടക്കം ഇയാളുടെ തട്ടിപ്പുകൾ അറിയാതെ കബളിക്കപ്പെട്ടിരുന്നു.

മുൻ ഡിജിപി ലോക്‌നാഥ് ബഹ്‌റ, പ്രശാന്ത് ഐ എ എസ് മുതൽ യതീഷ് ചന്ദ്ര ഐ പി എസ് വരെയുള്ളവർ തട്ടിപ്പുകാരനൊപ്പം നിൽക്കുന്ന ചിത്രങ്ങളും പ്രചരിച്ചതോടെ മോൻസൻ മാവുങ്കൽ സമൂഹമാധ്യമങ്ങളിൽ നിറഞ്ഞുനിന്നു. ഇതിനിടയിലാണ് സാമ്പത്തിക തട്ടിപ്പുകളും പോക്‌സോ അടക്കമുള്ള കേസുകളിലും മോൻസൻറെ പേര് വരുന്നത്. ഇതോടെ പരിയപ്പെട്ടപ്പോൾ പറഞ്ഞത് വിശ്വസിക്കാതിരിക്കാൻ തരമില്ലായിരുന്നുവെന്ന രീതിയിൽ പ്രശസ്തർ നിലപാട് മാറ്റി. മോൻസൻ മാവുങ്കലിൻറെ മ്യൂസിയത്തിൽ നിന്നുള്ള ലോക്‌നാഥ് ബെഹ്‌റയുടേയും മനോജ് എബ്രഹാം എന്നീ മുതിർന്ന പൊലീസ് ഉദ്യോഗസ്ഥരുടേയും ചിത്രങ്ങൾ വന്നതോടെ മോൻസനെതിരെ അന്വേഷണം ശക്തമാക്കണമെന്ന ആവശ്യം പല ഭാഗത്തുനിന്നും ഉയർന്നു.

 അമൂല്യമെന്നും വർഷങ്ങളുടെ പഴക്കമുണ്ടെന്നും അവകാശപ്പെട്ടിരുന്ന ടിപ്പുവിൻറെ സിംഹാസനവും ശിവൻറെ വെങ്കല വിഗ്രവുമെല്ലാം പുരാസവസ്തുവല്ലെന്നാണ് സംസ്ഥാന പുരാവസ്തു വകുപ്പിൻറെ  പരിശോധനയിൽ വ്യക്തമായത്. മുൻ സംസ്ഥാന പൊലീസ് മേധാവിയെ പോലും കബളിപ്പിച്ച ടിപ്പുവിൻറെ സിംഹാസനം- വ്യാജം, ടിപ്പുവിൻറെ വാളും വ്യാജം. ചിരിക്കുന്ന ബുദ്ധനും ഗ്രാമഫോണുമെല്ലാം പഴയതല്ല. ശിവ-കൃഷ്ണ വിഗ്രങ്ങളും ഗാന്ധിയുടെയും നെഹ്‌റുവിൻറെയും എണ്ണ ഛായ ചിത്രങ്ങളും പുരാവസ്തുക്കളല്ല. ചെമ്പ് തട്ടം, തമ്പുരു, ഗ്രാമഫോൺ, വിളക്കുകൾ എല്ലാം തട്ടിപ്പായിരുന്നുവെന്ന് ശാസ്ത്രീയ പരിശോധനയിൽ വ്യക്തമാവുകയും ചെയ്തു.

LEAVE A REPLY

Please enter your comment!
Please enter your name here