കൊച്ചി :റോഡിലെ കുഴികളടയ്ക്കുന്ന കാര്യത്തിൽ നടപടിയുണ്ടായില്ലെങ്കിൽ ജില്ലാ കലക്ടർമാരെ വിളിച്ചു വരുത്തേണ്ടി വരുമെന്നു ഹൈക്കോടതിയുടെ മുന്നറിയിപ്പ്. ആലുവ – പെരുമ്പാവൂർ റോഡിലെ കുഴിയിൽ വീണു യാത്രക്കാരൻ
മരിച്ച സംഭവം ഭയപ്പെടുത്തുന്നതാണെന്നും ആശങ്കപ്പെടുത്തുന്നുണ്ടെന്നും ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ പറഞ്ഞു. റോഡുകളുമായി ബന്ധപ്പെട്ട ഹർജികൾ പരിഗണിക്കുമ്പോഴാണ് കോടതിയുടെ പരാമർശം. രണ്ടു മാസത്തിനിടെ എത്ര പേരാണ് മരിച്ചതെന്നു ചോദിച്ച കോടതി, പൊതുമരാമത്ത് വകുപ്പിനെതിരെ രൂക്ഷ വിമർശനമാണ് ഉയർത്തിയത്.

അപകടത്തിൽ ബൈക്ക് യാത്രികൻ മരിച്ച ആലുവ – പെരുമ്പാവൂർ റോഡിന്റെ അറ്റകുറ്റപ്പണിയുടെ ചുമതലയുള്ള ഉദ്യോഗസ്ഥൻ 19നു കേസ് പരിഗണിക്കുമ്പോൾ കോടതിയിൽ ഹാജരാകണമെന്നു ഉത്തരവിട്ടു. ദേശീയ പാതയിലെ അപകടത്തിൽ ഒറ്റ ദിവസം കൊണ്ടു നടപടി സ്വീകരിച്ചു. പൊതുമരാമത്തു വകുപ്പിൽ എന്തിനാണ് എൻജിനിയർമാർ എന്നു ചോദിച്ച കോടതി, കുഴി കണ്ടാൽ എന്തുകൊണ്ട് ഉടൻ അടയ്ക്കുന്നില്ല എന്നും ചോദിച്ചു. കുഴികളിൽ വീണു യാത്രികർ മരിക്കുന്നതു വേദനാജനകമാണെന്നും കോടതി വ്യക്തമാക്കി. പെരുമ്പാവൂരിലെ ബൈക്ക് യാത്രക്കാരൻ കുഞ്ഞിമുഹമ്മദിന്റെ മരണകാരണം കുഴി മാത്രമല്ലെന്നും രക്തത്തിലെ പഞ്ചസാരയുടെ അളവ് കുറഞ്ഞതാണെന്നും മകൻ പറഞ്ഞതായി അഭിഭാഷകൻ വാദിച്ചപ്പോൾ, മരിച്ചവരെ അപമാനിക്കരുതെന്ന് കോടതി ആവശ്യപ്പെട്ടു. കേസ് പരിഗണിക്കുമ്പോൾ വളരെ രോഷത്തോടെയായിരുന്നു കോടതിയുടെ ചോദ്യങ്ങളും വിമർശനങ്ങളും. റോഡിനു സ്ഥലം ഏറ്റെടുക്കുന്നത് നാട്ടുകാർ എതിർത്ത കാര്യം ചൂണ്ടിക്കാട്ടി അഭിഭാഷകൻ പ്രതിരോധിക്കാൻ ശ്രമിച്ചപ്പോഴും കോടതി രൂക്ഷമായാണ് പ്രതികരിച്ചത്. കുഴിയടയ്ക്കാൻ ഇതു ബാധകമല്ലെന്നു കോടതി ചൂണ്ടിക്കാട്ടി. മഴക്കാലം അറ്റകുറ്റപ്പണിക്കു തടസമാണെന്നു പറഞ്ഞതും അംഗീകരിക്കാൻ തയാറായില്ല. ഇപ്പോൾ മിക്ക സമയത്തും മഴയുണ്ടെന്നും പഴയതുപോലെയല്ല ഇപ്പോഴത്തെ മൺസൂണെന്നും കോടതി ചൂണ്ടിക്കാട്ടി.

LEAVE A REPLY

Please enter your comment!
Please enter your name here