തിരുവനന്തപുരം: തിരുവനന്തപുരം നെയ്യാറ്റിൻകരയിൽ പത്ത് വയസുകാരനെ പൊതുസ്ഥലത്തുവെച്ച് നിർബന്ധിച്ച് പിതാവിന്റെ സഹോദരൻ ബിയർ കുടിപ്പിച്ചു. സംഭവത്തിൽ മനു എന്നയാളെ പോലീസ് കസ്റ്റഡിയിലെടുത്തു.

 

“കുടിയെടാ, ആര് ചോദിക്കാനിരിക്കുന്നു, ബാക്കി അച്ചാച്ചൻ നോക്കിക്കോളും”, എന്ന് ഇയാൾ കുട്ടിയോട് പറയുന്നതും നിർബന്ധിച്ച് ബിയർ കുടിപ്പിക്കുന്നതും വീഡിയോയിൽ വ്യക്തമാണ്.

 

തിരുവോണനാളിലായിരുന്നു സംഭവം. ഇയാൾ കുട്ടിയെ ബിവറേജിലേക്ക് കൂട്ടിക്കൊണ്ടു പോയി മദ്യം വാങ്ങിവന്ന് പൊതുസ്ഥലത്തുവെച്ച് നിർബന്ധിച്ച് മദ്യം കുടിപ്പിക്കുകയായിരുന്നു. ഭീഷണിപ്പെടുത്തിയായിരുന്നു കുട്ടിയെ ഇയാൾ മദ്യം കുടിപ്പിച്ചത്. ഇതിന്റെ വീഡിയോ ശ്രദ്ധയിൽപ്പെട്ട ചൈൽഡ് ലൈൻ പ്രവർത്തകരാണ് വിഷയം പോലീസിനെ അറിയിച്ചത്. തുടർന്ന് കുട്ടിയേയും രക്ഷിതാക്കളേയും നെയ്യാറ്റിൻകര പോലീസ് സ്റ്റേഷനിലേക്ക് കൂട്ടിക്കൊണ്ടുവരികയും മൊഴിയെടുക്കുകയുമായിരുന്നു.

 

തുടർന്ന് കുട്ടിയുടെ അച്ഛന്റെ സഹോദരൻ മനുവിനെ പോലീസ് കസ്റ്റഡിയിൽ എടുത്തു. ഇയാൾക്കെതിരെ ബലം പ്രയോഗിച്ച് മദ്യം കുടിച്ചു, പൊതുസ്ഥലത്തുവെച്ച് പ്രായപൂർത്തിയാകാത്ത കുട്ടിയെ നിർബന്ധിച്ച് മദ്യംകുടിപ്പിച്ചു തുടങ്ങിയ കുറ്റങ്ങള്‍ ചുമത്തി ജുവനൈൽ ജസ്റ്റിസ് ആക്ട് 75, 77 എന്നീ വകുപ്പുകൾ പ്രകാരമാണ് കേസെടുത്തിരിക്കുന്നത്.

LEAVE A REPLY

Please enter your comment!
Please enter your name here