കൊച്ചി:  ലഹരി എന്ന വിപത്തിനെ സമൂഹത്തിൽ നിന്നും തുടച്ചു നീക്കാനുള്ള ശ്രമങ്ങൾക്ക്  എല്ലാവരുടെയും കൂട്ടായ പ്രവർത്തനം അനിവാര്യമാണെന്ന്  എറണാകുളം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഉല്ലാസ് തോമസ്. ജില്ലാ ആസൂത്രണ സമിതി ഹാളിൽ നടന്ന വിമുക്തി മിഷന്റെ ജില്ലാതല രൂപീകരണ സമിതിയോഗത്തിൽ അധ്യക്ഷത വഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം.

ലഹരിവിരുദ്ധ പ്രവർത്തനങ്ങൾ ഏകോപിപ്പിക്കാൻ വാർഡ് തലത്തിലും സ്‌കൂൾ, കോളേജ് തലത്തിലും ജാഗ്രതാ സമിതികൾ രൂപീകരിക്കാൻ തദ്ദേശ സ്വയംഭരണ സ്ഥാപന പ്രതിനിധികൾക്ക് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ചെയർമാനായ സമിതി നിർദേശം നൽകി. പ്രവർത്തനങ്ങൾ അടിസ്ഥാനമാക്കി ഓരോ താലൂക്കിൽ നിന്നും മാതൃകാ ലഹരിവിരുദ്ധ പഞ്ചായത്ത് തെരഞ്ഞെടുക്കാനും അവിടത്തെ പ്രവർത്തനങ്ങൾ മറ്റു പഞ്ചായത്തുകളിലേക്ക് വ്യാപിപ്പിക്കാനും തീരുമാനിച്ചു.

വരും ദിവസങ്ങളിൽ സർക്കാർ നിർദേശപ്രകാരമുള്ള വിപുലമായ പ്രചാരണ പരിപാടികളാണ് വിമുക്തി മിഷന്റെയും തദ്ദേശ സ്ഥാപനങ്ങളുടെയും ആഭിമുഖ്യത്തിൽ ജില്ലയിൽ സംഘടിപ്പിക്കുന്നത്. ബോധവത്കരണ ക്ലാസുകൾ, പൊതുജന പങ്കാളിത്തത്തോടെയുള്ള സംവാദങ്ങൾ, ലഹരിവിരുദ്ധ പ്രതിജ്ഞ, സൈക്കിൾ റാലി, മനുഷ്യ ചങ്ങല, ലഹരിയിൽ നിന്നും വിമുക്തി നേടിയവരുടെ കൂടിച്ചേരൽ എന്നിവ വിവിധ തലങ്ങളിൽ നടത്തും. ഇതിനായി എല്ലാ വകുപ്പുകളുടെയും സഹകരണം ലഭ്യമാക്കും. തൊഴിൽ വകുപ്പുമായി സഹകരിച്ച് അതിഥി തൊഴിലാളികൾക്കിടയിൽ ബോധവത്കരണം, ഫിഷറീസ് വകുപ്പിന്റെ സഹായത്തോടെ തീരദേശ മേഖലയിൽ പ്രചാരണം എന്നിവയും നടത്തും.

ഒക്ടോബർ ഒമ്പതിന് കുടുംബശ്രീയുടെ നേതൃത്വത്തിൽ ലഹരിവിരുദ്ധ സഭ, വ്യാപാര വ്യവസായ ഏകോപന സമിതിയുടെ നേതൃത്വത്തിൽ ബസ് സ്റ്റാൻഡുകൾ, റെയിൽവേ സ്റ്റേഷനുകൾ, ചന്തകൾ എന്നിവ കേന്ദ്രീകരിച്ച് ജനജാഗ്രത സദസ്സ്, ഒക്ടോബർ 24 ദീപാവലി ദിനത്തിൽ വീടുകളിൽ ലഹരി വിരുദ്ധ ദീപം തെളിയിക്കൽ, ഒക്ടോബർ 28ന് എൻ.സി.സി, എൻ.എസ്.എസ്, എസ്.പി.സി, സന്നദ്ധ സംഘടനകൾ എന്നിവരുടെ നേതൃത്വത്തിൽ സൈക്കിൾ റാലി,

സ്‌കൂൾ, കോളേജ് എന്നിവിടങ്ങളിൽ ക്വിസ് മത്സരങ്ങൾ, ബ്ലോക്ക് തലത്തിൽ കൂട്ടയോട്ടം, വാർഡ്തലം മുതൽ ജില്ലാതലം വരെ ഫുട്‌ബോൾ മത്സരങ്ങൾ എന്നിവ സംഘടിപ്പിക്കാനും യോഗത്തിൽ തീരുമാനമായി.

 ഇതിനായി ലൈബ്രറി കൗൺസിൽ, റെസിഡൻസ് അസോസിേഷനുകൾ, സന്നദ്ധ സംഘടനകൾ എന്നിവരുടെ പങ്കാളിത്തവും ഉറപ്പാക്കും.

ജില്ലാ പ്ലാനിംഗ് ഓഫീസർ പി.എ ഫാത്തിമ, പെരുമ്പാവൂർ മുനിസിപ്പൽ ചെയർമാൻ ടി.എം സക്കീർ ഹുസൈൻ, വടവുകോട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് റസീന പരീത്, അസിസ്റ്റന്റ് എക്‌സൈസ് കമ്മിഷണർ സി.സുനിൽ, പഞ്ചായത്ത് ഡെപ്യൂട്ടി ഡയറക്ടർ കെ.ജെ ജോയ്, വിമുക്തി മിഷൻ ജില്ലാ കോ – ഓർഡിനേറ്റർ ബിബിൻ ജോർജ്,
എക്‌സൈസ് വകുപ്പ് ഉദ്യോഗസ്ഥർ, ജനപ്രതിനിധികൾ തുടങ്ങിയവർ യോഗത്തിൽ പങ്കെടുത്തു.

LEAVE A REPLY

Please enter your comment!
Please enter your name here