രാജേഷ് തില്ലങ്കേരി

മൂന്നാറിൽ നിന്നും വരുന്ന വാർത്തകൾ വീണ്ടും ഒരു ഭീഷണിയുടേതാണ്. ദേവികുളം സബ് കലക്ടറെ കൈകാര്യം ചെയ്യുമെന്ന സി പി എം നേതാവ് എം എം മണിയുടെ ഭീഷണി ആരെയും ഒന്നിരുത്തി ചിന്തിക്കും. മുൻമന്ത്രിയും നിലവിൽ എം എൽ എയുമായ എം എം മണി ഭൂമി കയ്യേറ്റവുമായി ബന്ധപ്പെട്ടുള്ള വിഷയങ്ങളിൽ നേരത്തെയും സബ് കലക്ടർമാരെ ഭീഷണിപ്പെടുത്തിയിട്ടുണ്ട്. ദേവികുളം സബ് കലക്ടറായിരുന്ന ശ്രീറാം വെങ്കിട്ടരാമന്റെ കാല് വെട്ടുമെന്ന് ഭീഷണിപ്പെടുത്തിയതൊക്കെ കേരളീയർ മറന്നിരിക്കില്ല.

വി എസ് അച്ചുതാനന്ദന്റെ സ്വന്തക്കാരനായിരുന്നു ഒരുകാലത്ത് എം എം മണിയെന്ന മണിയാശാൻ. എന്നാൽ മൂന്നാറിലെ കയ്യേറ്റങ്ങളും അനധികൃത കുടിയേറ്റങ്ങളും ഒഴിപ്പിക്കാനായി മുഖ്യമന്ത്രി തീരുമാനെമെടുത്ത ആനിമിഷം എം എം മണി വി എസിന്റെ കട്ട എതിരാളിയാവുന്ന കാഴ്ചയാണ് കണ്ടത്. വി എസ്സിനെ ഇടുക്കിയിൽ പിന്നീട് കാലുകുത്തിക്കില്ലെന്ന് നിലപാട് സ്വീകരിച്ചു. അങ്ങിനെ ഇടുക്കിയിലെ പാർട്ടിയുടെ അവസാനവാക്കായ മണിയാശാൻ വി എസിനുള്ള വിലക്ക് ഏറെക്കാലം നിലനിർത്തി. പാർട്ടിയുടെ വിഭാഗീയതയിൽ പിന്നീട് പിണറായി പക്ഷത്തേക്ക് മാറിയ മണിയാശാൻ അനധികൃത കുടിയേറ്റങ്ങൾ ഒഴിപ്പിക്കാനുള്ള ജില്ലാ ഭരണകൂടത്തിന്റെ നീക്കങ്ങളെയെല്ലാം തടഞ്ഞു.

എത്രവലിയ നേതാവായാലും തനിക്ക് ഇഷ്ടമില്ലാത്തതാണെങ്കിൽ എതിർക്കുക, അതിൽ മണിയാശാന് കാട്ടുനീതിയാണ്.
സഹോദദരൻ ലംബോദരനും അനുയായികളും കയ്യേറിയ ഭൂമി നഷ്ടമാവുമോ എന്ന ഭയം എല്ലാകാലത്തും എം എം മണിയെ പിടികൂടിയിരുന്നു. തന്റെ സഹോദരന്റെ ഭൂമിയുമായി തനിക്ക് യാതൊരു ബന്ധവുമില്ലെന്നും എന്റെ കൈ ശുദ്ധമാണെന്നും മണിയാശാൻ എന്നും പറഞ്ഞുകൊണ്ടേയിരുന്നുവെങ്കിലും, ഭൂമി വിഷയം വരുമ്പോഴെല്ലാം ആശാൻ ഭീഷണിയുമായി എത്തും. ഒരു ജനപ്രതിനിധി എങ്ങിനെയാണ് നിലവിലുള്ള ഭരണ വ്യവസ്ഥയെ ഇത്ര പച്ചയായി ചോദ്യം ചെയ്യുന്നതെന്ന ചോദ്യത്തിന് അത് നാടൻ ശൈലിയാണെന്ന് പിണറായി രാജാവ് മറുപടിയും കൊടുക്കും.

ഭൂപതിവ് ചട്ടത്തിൽ ഭേദഗതി നിശ്ചയിച്ചുള്ള മുഖ്യമന്ത്രിയുടെ നിർദ്ദേശം നടപ്പാക്കിയില്ലെന്നാണ് ദേവികുളം കലക്ടറെ എം എം മണി തെറിവിളിക്കാനുള്ള കാരണം. എന്നാൽ അത്തരമൊരു ഉത്തരവൊന്നും ഞങ്ങൾക്ക് ലഭിച്ചിട്ടില്ലെന്ന നിലപാടിൽ ജില്ലാ ഭരണകൂടവും എത്തിയതോടെയാണ് മണിയാശാൻ പ്രകോപിതനായത്. ഇടുക്കി ഒരു സാമ്രാജ്യമാണെന്നും, അവിടുത്തെ കിരീടമില്ലാത്ത രാജാവാണ് മണിയെന്നുമാണ് നിലവിൽ ആശാൻ വാക്യം.

എം എം മണിയാണ് സി പി എമ്മിന്റെ ഏറ്റവും ഉന്നതനായ നേതാവ് എന്നതിനാൽ ആശാനെ തിരുത്താൻ ഇടുക്കിയിലെ ശിഷ്യർക്കും വഴിയില്ല. മണിയാശാനെ കുറച്ചെങ്കിലും എതിർക്കാൻ ശ്രമിച്ചിരുന്നത് മുൻ എം എൽ എ എസ് രാജേന്ദ്രനാണ്. എന്നാൽ രാജേന്ദ്രനെ കൈകാര്യം ചെയ്യണമെന്ന് ആശാൻ അണികളോട് ഇടയ്ക്കിടെ ആഹ്വാനം ചെയ്തു കൊണ്ടിരിക്കുന്നു. ഇതോടെ മണിയാശാന്റെ അപ്രീതിക്ക് പാത്രമാവാൻ ആരും ഒന്നു ഭയക്കും. കാരണം, പരസ്യമായി വിമർശിച്ചും, അസഭ്യം പറഞ്ഞും നാറ്റിച്ചുവിടുകയെന്ന തന്ത്രമാണ് മണിയാശാന്റേത്.

തോട്ടംമേഖലയിലെ അവകാശങ്ങൾക്കായി സമരം ചെയ്ത പെമ്പിളൈ ഒരുമയെയും അതിന്റെ നേതാവായിരുന്ന  ഗോമതിയെയും പരസ്യമായി അധിക്ഷേപിച്ച സംഭവം ഇടുക്കിക്കാർക്കെങ്കിലും മറക്കാൻ പറ്റില്ലല്ലോ. തെറിയുടെ ശക്തി കൂടുംതോറും ആശാന്റെ ജനപ്രീതി വർദ്ധിക്കുന്നു എന്നാണ് സി പി എമ്മിന്റെയും കണ്ടെത്തൽ.
നമുക്ക് അധികാരം പണം, എന്നിവ മതിയെന്നും മറ്റൊന്നിലും വലിയ പ്രസക്തിയില്ലെന്നും, നിയമം, നീതി, ആത്മാഭിമാനം, സാമൂഹ്യമായ നിലനിൽപ്പ് ഇതൊന്നും ചില നേതാക്കൾക്ക് ബാധകമല്ലെന്നും മണിയാശാൻ ലോകത്തിനു മുന്നിൽ ഇങ്ങനെ ഇടയ്ക്കിടെ വ്യക്തമാക്കിക്കൊണ്ടേയിരിക്കും.

വൺ ടൂ ത്രി പ്രയോഗമൊക്കെ എത്ര ഹിറ്റായിരുന്നു എന്ന് മണിയാശാൻ തന്നെ പറഞ്ഞിട്ടുണ്ട്. കൊല്ലുന്ന രാജാവ് തിന്നുന്ന മന്ത്രിയെന്ന നിലയിലാണ് എം എം മണി. ആരാണ് മണിയാശാനെ തിരുത്തുക, ആർക്കു പറ്റും. ഈ ആശാനിൽ നിന്നും ആരൊക്കെ ഈ ശൈല കരസ്ഥമാക്കിയിട്ടുണ്ടാവും, ആർക്കറിയാം….

LEAVE A REPLY

Please enter your comment!
Please enter your name here