നോര്‍ത്തമേരിക്കയിലെ പ്രമുഖ മാധ്യമ പ്രവര്‍ത്തകനും കേരളാ ടൈംസ് ചീഫ് എഡിറ്ററുമായ ഫ്രാന്‍സിസ് തടത്തിലിന്റെ വിയോഗവാര്‍ത്തയുടെ ഞെട്ടലിലാണ് പ്രവാസി മലയാളികള്‍. ഫ്രാന്‍സിസ് തടത്തില്‍ എന്ന മനുഷ്യനെ ഒരു തവണയെങ്കിലും പരിചയപ്പെട്ടിട്ടുള്ളവര്‍ അദ്ദേഹത്തെ ഒരിക്കലും മറക്കില്ല. ഫ്രാന്‍സിസ് എന്ന മനുഷ്യന്‍ ഇനിയില്ല എന്ന് വിശ്വസിക്കാന്‍ കഴിയാതെ വിറങ്ങലിച്ചിരിക്കുകയാണ് അദ്ദേഹം ജോലി ചെയ്തിരുന്ന കേരളാടൈംസ് ഓണ്‍ലൈന്‍ പത്രത്തിന്റെ ടീമംഗങ്ങള്‍.

കേരളത്തിലും അമേരിക്കയിലുമായി രണ്ടര ദശാബ്ദത്തിലേറെ പത്രപ്രവര്‍ത്തന രംഗത്തു തിളങ്ങിയ ഫ്രാന്‍സിസ് തടത്തില്‍ തന്റെ മാധ്യമ ജീവിതത്തിലെ മറക്കാത്ത ഓര്‍മ്മകള്‍ ‘നിലക്കാത്ത ഉലയിലെ ജ്വലിക്കുന്ന ഓര്‍മ്മകള്‍’ എന്ന പേരില്‍ പ്രസിദ്ധീകരിച്ചിരുന്നു. വിധിയുടെ നിഷ്ഠൂരത ജീവിതത്തെ ഗതി മാറ്റി വിട്ടപ്പോഴും പ്രത്യാശയുടെ ചിറകില്‍, ഉറ്റവരുടെ സ്‌നേഹത്തിന്റെ തണലില്‍ പുതു ജീവിതം കെട്ടിപ്പടുത്ത വീറുറ്റ പോരാളിയുടെ അനുഭവ കഥനങ്ങളായിരുന്നു പുസ്തകത്തിലൂടെ പുറത്തു വന്നത്. അനുഭവങ്ങളുടെ –നല്ലതും ചീത്തയുമടക്കം– ഉലയില്‍ ഊതിക്കാച്ചിയപ്പോള്‍ പ്രകാശം പരത്തുന്ന മുത്തുകളായി മാറിയ ഓര്‍മ്മക്കുറിപ്പുകള്‍ വായനക്കാരുടെ കാഴ്ചപ്പാടുകളുടെ ചക്രവാളങ്ങളെ വികസിപ്പിക്കുന്നതായിരുന്നു.

രോഗം ശരീരത്തെ തകര്‍ത്തു താറുമാറാക്കിയപ്പോഴും മനസുപതറാതെ ധീരമായ പോരാട്ടത്തിലൂടെ രക്താര്‍ബുദത്തെയും കീഴടക്കിയാണ് ഫ്രാന്‍സിസ് എഴുത്തിന്റെ ലോകത്ത് സജീവാവസ്ഥ നേടിയത്. രോഗാവസ്ഥയില്‍ അദ്ദേഹത്തെ മരണത്തെ മുഖാമുഖം കണ്ടതു ഒമ്പത് തവണയായിരുന്നു. ദൈവാനുഗ്രഹവും മനോധൈര്യവുമാണ് അപ്പോഴെല്ലാം തിരിച്ചുവരവിന് കാരണമായതെന്ന് അദ്ദേഹം തന്നെ പലപ്പോഴായി പറഞ്ഞിട്ടുണ്ട്. കാന്‍സറിനെതിരെ ഒരു ധീര യോദ്ധാവിനെപ്പോലെ പൊരുതിയ ഫ്രാന്‍സിസ് പല ഘട്ടത്തിലും മരണത്തില്‍ നീന്നും രക്ഷപ്പെട്ടത് സ്വന്തം മനകരുത്തുകൊണ്ടാണെന്നു സുഹൃത്തുക്കള്‍ പറയുന്നു. അപാരമായ മനകരുത്തുള്ളവര്‍ക്കു മാത്രം കഴിയുന്ന തരത്തിലുള്ള പത്രപ്രവര്‍ത്തനമാണ് അദ്ദേഹം ജീവിതത്തിലുടനീളം നടത്തിയിട്ടുള്ളതെന്നു അദ്ദേഹത്തിന്റെ ഓര്‍മ്മക്കുറിപ്പുകള്‍ വായിക്കുമ്പോള്‍ മനസിലാവും.

ഇക്കഴിഞ്ഞ രണ്ടുവര്‍ഷത്തിനിടയില്‍ ഫൊക്കാനയുമായി ബന്ധപ്പെട്ട് 500 ല്‍പരം വാര്‍ത്തകളാണ് ഫ്രാന്‍സിസ് എഴുതിയിരുന്നത്. മലയാളികളുമായി ബന്ധപ്പെട്ട ഒട്ടേറെ വിഷയങ്ങളാണ് ഫ്രാന്‍സിസ് എന്ന മാധ്യമ പ്രവര്‍ത്തകനിലൂടെ അമേരിക്കന്‍ മലയാളികള്‍ അറിഞ്ഞിട്ടുള്ളത്. ഇ-മലയാളിയിലും പിന്നീട് കേരളാ ടൈംസിലുമായി ഫ്രാന്‍സിസ് നടത്തിയ വിജയകരമായ പരീക്ഷണങ്ങള്‍ മലയാളം ഓണ്‍ലൈന്‍ മേഖലയ്ക്കുതന്നെ വലിയ ഉണര്‍വ്വാണ് പകര്‍ന്നത്. കേരളാ ടൈംസിന്റെ മുഖച്ഛായതന്നെ മാറ്റിയെടുത്തത് ഫ്രാന്‍സിസന്റെ നിരന്തരമായ ഇടപെടലിലൂടെയാണ്.

തന്റെ വളരെ തിരക്കേറിയ ജോലികള്‍കഴിഞ്ഞുള്ള സമയമാണ് അദ്ദേഹം മാധ്യമ പ്രവര്‍ത്തനത്തിനായി നീക്കിവെച്ചിരുന്നത് എന്നതും ഏറെ ശ്രദ്ധേയമാണ്. ആരോഗ്യപരമായ ഒട്ടേറെ പ്രതിസദ്ധികലിലൂടെ കടന്നുപോയപ്പോഴും ഉത്തരവാദപ്പെട്ട പത്രപ്രവര്‍ത്തകനെന്ന നിലയില്‍ എല്ലാ വിഷയങ്ങളിലും വ്യക്തമായ കാഴ്ചപ്പാടുകള്‍ അവരിപ്പിക്കാന്‍ അദ്ദേഹം ശ്രമിച്ചിരുന്നു.

1994-97 കാലയളവില്‍ ദീപികയില്‍ ജേര്‍ണലിസം ട്രെയ്നിയായി തുടക്കം കുറിച്ച ഫ്രാന്‍സിസിന്റെ ആരംഭവും പരിശീലനക്കളരിയും തൃശൂര്‍ തന്നെയായിരുന്നു. ഇക്കാലയളവില്‍ പ്രഥമ പുഴങ്കര ബാലനാരായണന്‍ എന്‍ഡോവ്മെന്റ്, പ്ലാറ്റൂണ്‍ പുരസ്‌കാരം (1997) ആ വര്ഷത്തേ മികച്ച ലേഖകനുള്ള മാനേജിoഗ് എഡിറ്റര്‍ പുരസ്‌കാരം എന്നിവ ഫ്രാന്‍സിസിനായിരുന്നു. കേരള കലാമണ്ഡലത്തെകുറിച്ച് എഴുതിയ ‘ മഹാകവീ മാപ്പ് ‘, പരിസ്ഥിതി പ്രശ്നങ്ങളെകുറിച്ചു തയാറാക്കിയ ‘രക്തരക്ഷസുകളുടെ മഹാനഗരം’ എന്നീ ലേഖന പരമ്പരകള്‍ക്കായിരുന്നു അവാര്‍ഡുകള്‍ ലഭിച്ചത്. ഈ പുസ്തകത്തില്‍ തൃശൂര്‍ ജീവിതത്തില്‍ കണ്ടതും അനുഭവിച്ചതുമായ കാര്യങ്ങളാണ് പൂര്‍ണമായും ഉള്‍ക്കൊള്ളിച്ചിട്ടുള്ളത്.

1997 98 ദീപിക കൊച്ചി ബ്യൂറോ ചീഫ് ആയി സ്ഥാനക്കയറ്റം ലഭിച്ച അദ്ദേഹം 1998 ല്‍ ദീപിക തിരുവനന്തപുരം നിയമസഭാ റിപ്പോര്‍ട്ടിങ്, 1999ല്‍ ദീപിക പാലക്കാട് ബ്യൂറോ ചീഫ്, 2000ത്തില്‍ കോഴിക്കോടു രാഷ്ട്ര ദീപികയുടെ എഡിറ്റര്‍ ഇന്‍ ചാര്‍ജ്, അതേവര്‍ഷം കോഴിക്കോട് ബ്യൂറോ ചീഫ് എന്നീ സ്ഥാനങ്ങള്‍ അലങ്കരിച്ചു. ഇക്കാലയളവില്‍ മാറാട് കലാപത്തെക്കുറിച്ചും മുത്തങ്ങ വെടിവയ്പിനെക്കുറിച്ചും ഭീകരവാദ പ്രവര്‍ത്തനങ്ങളെക്കുറിച്ചും നടത്തിയ റിപ്പോര്‍ട്ടിങ്ങുകള്‍ ഏറെ ശ്രദ്ധേയമായിരുന്നു.

മുത്തങ്ങയില്‍ വെടിവയ്പ്പ് നടക്കുക്കുമ്പോള്‍ സാക്ഷിയായിരുന്ന ഫ്രാന്‍സിസ് നടത്തിയ റിപ്പോര്‍ട്ടുകള്‍ ഏറെ കോളിളക്കം സൃഷ്ടിച്ചിരുന്നു. മാറാട് കലാപത്തെ കുറിച്ച് തയാറാക്കിയ റിപ്പോര്‍ട്ടുകള്‍ പിന്നീട് മാറാട് കമ്മീഷന്റെ ഫൈനല്‍ റിപ്പോര്‍ട്ടിലെ ശ്രദ്ധേയമായ കണ്ടെത്തലുകളായി പരിഗണിക്കപ്പെട്ടു. 2003 മുതല്‍ മംഗളം കോഴിക്കോട് യൂണിറ്റിലെ ന്യൂസ് എഡിറ്റര്‍ ആയി നിയമിതനായ ഫ്രാന്‍സിസ് മലയാള പത്ര പ്രവര്‍ത്തന രംഗത്ത് ഈ പദവിയിലെത്തുന്ന ഏറ്റവും പ്രായം കുറഞ്ഞ പത്രപ്രവര്‍ത്തകരില്‍ ഒരാളായിരുന്നു. കോഴിക്കോട് ന്യൂസ് എഡിറ്റര്‍ എന്ന നിലയില്‍ വടക്കന്‍ കേരളത്തിലെ 6 ജില്ലകളിലെ റിപോര്‍ട്ടര്‍മാരെയും സബ് എഡിറ്റര്‍മാരെയും ഏകോപിച്ചുകൊണ്ടു നടത്തിയ പ്രവര്‍ത്തങ്ങളുടെ ഫലമായി മംഗളം മലബാര്‍ മേഖലയില്‍ ശ്രദ്ധേയമായ ഒരു പത്രമായി മാറി.

ദേശീയ അന്തര്‍ ദേശീയസംസ്ഥാന തല കായിക മല്‍സരങ്ങള്‍, സംസ്ഥാന സ്‌കൂള്‍ യുവജനോല്‍സവം റിപ്പോര്‍ട്ടിംഗ് കോ ഓര്‍ഡിനേറ്റര്‍, ദേശീയ സാഹിത്യോല്‍സവം, നിരവധി രാഷ്ട്രീയ റിപ്പോര്‍ട്ടുകള്‍, അന്വേഷണാത്മക റിപ്പോര്‍ട്ടുകള്‍ അന്തര്‍ദേശീയ ഫിലിംപെസ്റ്റിവല്‍ തുടങ്ങിയവ റിപ്പോര്‍ട്ടു ചെയ്തിട്ടുണ്ട്. കൂടാതെ നിരവധി ബ്രേക്കിംഗ് ന്യൂസുകള്‍ പതിനൊന്നര വര്ഷം നീണ്ട പത്രപ്രവര്‍ത്തന ജീവിതത്തില്‍ നടത്തി. 1999 ലെ പാര്ലമെന്റ് തെരഞ്ഞെടുപ്പിന് ബിഹാര്‍, യൂ.പി, ജാര്‍ഖണ്ഡ്, എം.പി, ഛത്തീസ്ഗഢ് , ഒറീസ്സ എന്നിവിടങ്ങളില്‍ തെരെഞ്ഞെടുപ്പ് റിപ്പോര്‍ട്ടിംഗ് നടത്തിയിരുന്നു.

12 വര്‍ഷത്തെ പത്രപ്രവര്‍ത്തന ജീവിതത്തിനു ശേഷം 2006 ല്‍ അമേരിക്കയില്‍ കുടിയേറി. ആദ്യകാലത്തു അമേരിക്കയില്‍ നിന്നിറങ്ങുന്ന മാധ്യമങ്ങളില്‍ സജീവമായിരുന്നുവെങ്കിലും പില്‍ക്കാലത്തു രക്താര്‍ബുദത്തെ തുടര്‍ന്ന് സജീവ പത്ര പ്രവര്‍ത്തനത്തില്‍ നിന്ന് കുറച്ചുകാലം വിട്ടു നിന്നു. രക്താര്‍ബുദം ഭേദമാകാതെ വന്നതിനെ തുടര്‍ന്ന് സ്റ്റെം സെല്‍ ട്രാന്‍സ്പ്ലാന്റ്റും നടത്തിയിരുന്നു. അമേരിക്കയില്‍ എത്തിയതിനു ശേഷം നിരവധി പത്രങ്ങളില്‍ ഫ്രീലാന്‍സ് പത്രപ്രവര്‍ത്തനം നടത്തിയ ഫ്രാന്‍സിസ് തടത്തില്‍ കേരളാടൈംസ് ചീഫ് എഡിറ്ററായി ജോലി ചെയ്ത് വരികയായിരുന്നു.

2017 ജനുവരി 21 മുതല്‍ ഇ മലയാളിയിലൂടെയാണ് ഒരു ഫീനിക്സ് പക്ഷിയെപ്പോലെ ഉയത്തെഴുന്നേറ്റ് സജീവ പത്രപ്രവര്‍ത്തനത്തേക്കു മടങ്ങിയെത്തിയത്. തന്റെ സ്വന്തം അനുഭവങ്ങള്‍ വിവരിക്കുന്ന ലേഖന പരമ്പരയിലൂടെ തിരിച്ചുവരവ് ഗംഭീരമാക്കി. നിലക്കാത്ത ഉലയിലെ ജ്വലിക്കുന്ന ഓര്‍മ്മകള്‍ എന്ന 30 അധ്യായമുള്ള ലേഖനപരമ്പരയില്‍ നിന്ന് തെരെഞ്ഞെടുക്കപ്പെട്ട 15 അധ്യായങ്ങളാണ് ഈ പുസ്തകത്തില്‍ ഉള്‍പ്പെടുത്തിയിട്ടുള്ളത്. ഈ ലേഖനപരമ്പരയ്ക്കു 2017 ല്‍ അമേരിക്കയിലെ ഏറ്റവും മികച്ച പത്രപ്രവര്‍ത്തകനുള്ള ഇന്ത്യ പ്രസ് ക്ലബ് ഓഫ് നോര്‍ത്ത് അമേരിക്ക (IPCNA )യുടെ അവാര്‍ഡിന് അര്‍ഹനാക്കിയിരുന്നു. 2018 ല്‍ ഫെഡറേഷന്‍ ഓഫ് കേരള അസ്സോസിയേഷന്‍സ് ഇന്‍ നോര്‍ത്ത് അമേരിക്ക (ഫൊക്കാന ) യുടെ മികച്ച മാധ്യമ പ്രവര്‍ത്തകനുള്ള അവാര്‍ഡും ലഭിച്ചിരുന്നു.

അമേരിക്കയിലെ പ്രമുഖ മലയാളി ചാനലായ എംസിഎന്‍ ചാനലിന്റെ ഡയറക്റ്റര്‍ ആയിരുന്നു . എം സി എന്‍ ചാനലിനു വേണ്ടി ‘കര്‍മവേദിയിലൂടെ’ എന്ന 35 എപ്പിസോഡ് നീണ്ടു നിന്ന അഭിമുഖ പരിപാടിയിലൂടെ പ്രമുഖ രാഷ്ട്രീയ-സാമൂഹിക -ആത്മീയ-സാമ്പത്തിക മേഖലയിലുള്ളവരെ പ്രവാസി മലയാളികള്‍ക്ക് പരിചയപ്പെടുത്തി. കൂടാതെ അമേരിക്കന്‍ യുവജനങ്ങള്‍ക്കായി ‘ഇന്ത്യ ദിസ് വീക്ക്’ എന്ന ഇംഗ്ലീഷ് ന്യൂസ് റൗണ്ട്അപ് പ്രോഗ്രാമിന്റെ സ്‌ക്രിപ്റ്റ് തയാറാക്കുകയും സംവിധാനം നിര്‍വഹിക്കുകയും ചെയ്തിരുന്നു. അമേരിക്കയില്‍ ഒട്ടനവധി ജീവ കാരുണ്യപ്രവര്‍ത്തങ്ങള്‍ക്കും നേതൃത്വം നല്‍കിയിട്ടുള്ള ഫ്രാന്‍സിസ് ന്യൂ ജേഴ്‌സി ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ഫാ. മാത്യു കുന്നത്ത് ചാരിറ്റബിള്‍ ഫൗണ്ടേഷന്റെ സജീവ പ്രവര്‍ത്തകന്‍ കൂടിയായിരുന്നു.

ന്യൂജേഴ്സിയിലെ ഈസ്റ്റ് ഹാനോവര്‍ സ്വദേശിയായ ഫ്രാന്‍സിസ് കോഴിക്കോട് ദേവഗിരി കോളജിലെ ഇംഗ്ലീഷ് വിഭാഗം അദ്ധ്യാപകനായിരുന്ന പരേതനായ ടി.കെ. മാണിയുടെയും എലിസബത്ത് കരിംതുരുത്തേലിന്റെയും(കല്ലറക്കല്‍) 11 മക്കളില്‍ പത്താമനാണ്. ഭാര്യ: നെസി തോമസ് തടത്തില്‍ (അക്യൂട്ട് കെയര്‍ നേഴ്സ് പ്രാക്ടീഷണര്‍). എട്ടാം ക്ലാസ് വിദ്യാര്‍ത്ഥിനിയായ ഐറീന്‍ എലിസബത്ത് തടത്തില്‍, കിന്‍ഡര്‍ ഗാര്‍ട്ടന്‍ വിദ്യാര്‍ത്ഥി ഐസക്ക് ഇമ്മാനുവേല്‍ തടത്തില്‍ എന്നിവര്‍ മക്കളാണ്

LEAVE A REPLY

Please enter your comment!
Please enter your name here