കൊച്ചി: ബലാത്സംഗ കേസിൽ പ്രതിയായതോടെ ഒളിവിൽ പോയ എൽദോസ് കുന്നപ്പിള്ളിൽ എംഎൽഎ മൂവാറ്റുപുഴ ആരക്കുഴയിലെ വീട്ടിലെത്തി. ഒരാഴ്ചയിലധികമായി ഒളിവിലായിരുന്ന എൽദോസ്, തിരുവനന്തപുരം അഡി. സെഷൻസ് കോടതി ഇന്നലെ മുൻകൂർ ജാമ്യം നൽകിയ സാഹചര്യത്തിലാണ് മണ്ഡലത്തിൽ തിരിച്ചെത്തിയത്. കോടതി നിർദ്ദേശ പ്രകാരം നാളെ എൽദോസിന് തിരുവനന്തപുരത്ത് അന്വേഷണ ഉദ്യോഗസ്ഥർക്ക് മുമ്പാകെ ഹാജരാകേണ്ടതുണ്ട്.

ഒരു തെറ്റും ചെയ്തില്ലെന്നും നിരപരാധിത്വം തെളിയിക്കുമെന്നും ആവർത്തിക്കുകയാണ് എൽദോസ് കുന്നപ്പിള്ളിൽ. പാർട്ടിക്ക് വിശദീകരണം നൽകിയിട്ടുണ്ടെന്നും കെപിസിസി പ്രസിഡൻറ് കെ സുധാകരനുമായി ഇന്നലെ ഫോണിൽ സംസാരിച്ചുവെന്നും എൽദോസ് മാധ്യമങ്ങളോട് പ്രതികരിച്ചു. സംസ്ഥാനം വിട്ട് പോയിട്ടില്ലെന്നും ഫോണിൽ കിട്ടിയില്ല എന്നത് കൊണ്ട് ഒളിവിലായിരുന്നു എന്ന് പറയാൻ കഴിയില്ലെന്നും എംഎൽഎ പറഞ്ഞു. കൂടുതൽ കാര്യങ്ങൾ കോടതി ഉത്തരവ് പരിശോധിച്ചതിന് ശേഷം പ്രതികരിക്കാമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

എംഎൽഎ ഓഫീസ് അടച്ചിട്ടില്ല, എല്ലാ ദിവസവും തുറന്നിരുന്നു. ഒരു ജീവിയെയും ഉപദ്രവിക്കാൻ തനിക്ക് കഴിയില്ല. താൻ പൂർണ്ണമായി നിരപരാധി ആണ്. പരാതിക്കാരിയെക്കുറിച്ച് ഇപ്പോൾ ഒന്നും പറയാൻ കഴിയില്ലെന്നും എംഎൽഎ പ്രതികരിച്ചു. ക്രൈംബ്രാഞ്ച് സത്യം പുറത്ത് കൊണ്ട് വരുമെന്നും നിരപരാധി ആണെന്ന് തെളിയിക്കാൻ എന്റെ കൈയ്യിൽ തെളിവുകളുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. പാർട്ടി കൂടെ നിൽക്കും എന്ന് പ്രതീക്ഷയുണ്ട്. ഇപ്പോൾ ഉയർന്നിട്ടുള്ളത് ആരോപണം മാത്രമാണ്. ഉമ്മൻചാണ്ടി അടക്കമുള്ളവർ ആരോപണം നേരിട്ടുട്ടുണ്ട്. തനിക്ക് എതിരെ ഉയർന്നത് കളവായ ആരോപണമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

മുൻകൂർ ജാമ്യം ലഭിച്ചെങ്കിലും കടുത്ത നിബന്ധനകളാണ് കോടതി എൽദോസിന് മുന്നിൽ വച്ചിട്ടുള്ളത്. 11 ഉപാധികളാണ് ജാമ്യം അനുവദിക്കുന്നതിനായി തിരുവനന്തപുരം അഡീഷണൽ സെഷൻസ് കോടതി നിർദേശിച്ചിട്ടുള്ളത്. പരാതിക്കാരിയെ ഭീഷണിപ്പെടുത്താനോ സ്വാധീനിക്കാനോ പാടില്ല, കേരളം വിടരുത് തുടങ്ങി, പാസ്‌പോർട്ടും ഫോണും സറണ്ടർ ചെയ്യണം എന്നു വരെയുള്ള നിബന്ധനകൾ ഇതിലുൾപ്പെടുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here