മാത്യുക്കുട്ടി ഈശോ

ന്യൂയോർക്ക്:  അടുത്ത കാലത്തു കേരളാ മുഖ്യമന്ത്രി പിണറായി വിജയൻ നടത്തിയ വിദേശ സന്ദർശനത്തിന്റെ മടക്ക യാത്രയിൽ ദുബായിൽ രണ്ടു ദിവസം തങ്ങിയത് വിവാദമായിരുന്നു. അത് സംബന്ധിച്ച് മുൻ എം.ൽ.എ.  പി.സി. ജോർജ് ഒരു പ്രമുഖ ചാനലിന് നൽകിയ അഭിമുഖത്തിൽ മുഖ്യമന്ത്രി ദുബായിൽ വച്ച് വിവാദ ബിസ്സിനെസ്സ്കാരൻ ഫാരിസ് അബൂബക്കറിനെ കണ്ടിരുന്നു എന്ന് പ്രസ്താവിച്ചിരുന്നു. പ്രസ്തുത അഭിമുഖത്തിൽ ഫാരിസ് അബൂബക്കർ ഏതാനും വർഷങ്ങൾക്കു മുമ്പ്  ദീപിക ദിനപ്പത്രത്തിന്റെ അധികാരം പിടിച്ചെടുത്തെന്നും ദീപിക എഡിറ്റോറിയൽ എ.കെ.ജി. സെന്ററിൽ നിന്നുമാണ്  വന്നിരുന്നതെന്നും പ്രസ്താവിച്ചിരുന്നു. അത് വാസ്തവമാണ് എന്ന് ദീപികയുടെ മുൻ എം.ഡി. സുനിൽ ജോസഫ്  കൂഴമ്പാല സാക്ഷ്യപ്പെടുത്തുന്നു. എന്നാൽ മൂന്ന് മാസം കൊണ്ട് പി.സി. ജോർജ് ഇടപെട്ട് ഫാരിസ് അബൂബക്കറിനെ കെട്ട് കെട്ടിച്ചെന്നും അതിനു ശേഷം അദ്ദേഹം ദീപികയുടെ ഭരണ ചുമതല ഫാരിസിൽ നിന്നും തിരികെ കത്തോലിക്കാ സഭക്ക് നൽകിയെന്നും ഉള്ള അവകാശവാദം പ്രസ്തുത അഭിമുഖത്തിൽ പറഞ്ഞിരുന്നു. അത് തികച്ചും വാസ്തവ വിരുദ്ധമാണെന്നു  കൂഴമ്പാല പറയുന്നു.

വിവാദ റിയൽ എസ്റ്റേറ്റ് ബിസ്സിനെസ്സ്കാരൻ ഫാരിസ് അബൂബക്കർ 2005-2007  കാലഘട്ടത്തിൽ  ദീപിക  ദിനപ്പത്രത്തിൻറെ ഭരണച്ചുമതല ഏറ്റെടുക്കുകയും ഷെയറുകൾ കൈക്കലാക്കി പത്രസ്ഥാപനത്തിന്റെ സ്വത്തുക്കൾ  വിറ്റു കൈക്കലാക്കുവാനുള്ള ശ്രമം നടത്തുകയും ചെയ്തിരുന്നു.ന്യൂയോർക്കിലും ഫ്ളോറിഡയിലുമായി ഹോട്ടൽ ബിസിനസ്സുകൾ നടത്തി വരുന്ന ബിസിനെസ്സ്കാരനായ സുനിൽ കൂഴമ്പാലയാണ് 2007 ഡിസംബർ 31-നോടുകൂടി ഫാരിസ് അബൂബക്കറിൽ നിന്നും ദീപികയുടെ ഭരണച്ചുമതല തിരിച്ചുപിടിച്ച് കത്തോലിക്കാ സഭക്ക് തിരികെ നൽകുന്നത്.പിന്നീട്  ദീപികയുടെ എം.ഡി. ആയി അടുത്ത രണ്ടു വർഷം പ്രവർത്തിച്ച കൂഴമ്പാല “അമേരിക്കൻ ജംഗ്ഷൻ” എന്ന ഓൺലൈൻ ചാനലുമായി നടത്തിയ അഭിമുഖത്തിലാണ് ഇത് വെളിപ്പെടുത്തിയത്.    

ഇന്ത്യയിലെ തന്നെ ഏറ്റവും പുരാതനമായ പത്രമാണ് 1887 ഏപ്രിൽ 15-നു  മലയാളത്തിൽ പ്രസിദ്ധീകരണം  ആരംഭിച്ച ദീപിക ദിനപ്പത്രം. സിറിയൻ കാത്തലിക് വൈദികനായ നിധിരിക്കൽ മാണിക്കത്തനാർ 1887-ൽ “നസ്രാണി ദീപിക” എന്ന പേരിൽ ആരംഭിച്ച പത്രം 1939-ലാണ്  “ദീപിക” എന്ന പേരിലേക്ക്  പുനർനാമകരണം ചെയ്തത്. കോട്ടയം മാന്നാനത്തുള്ള സെൻറ് ജോസഫ്സ് പ്രിന്റിംഗ് പ്രസ്സിൽ തടിയിൽ നിർമ്മിച്ച അക്ഷര അച്ചുകൾ ഉപയോഗിച്ച് പ്രിൻറ് ചെയ്തു പ്രസിദ്ധീകരണം ആരംഭിച്ച “നസ്രാണി ദീപിക” യുടെ എഡിറ്റർ-ഇൻ-ചീഫ്  മാണിക്കത്തനാർ അച്ചനായിരുന്നു. ആദ്യ കാലങ്ങളിൽ രണ്ടാഴ്ചയിലൊരിക്കൽ പ്രസിദ്ധീകരിച്ചിരുന്ന പത്രം മാസത്തിൽ മൂന്ന് പ്രാവശ്യമായും പിന്നീട് ആഴ്ചയിൽ മൂന്നു പ്രാവശ്യമായും പ്രസിദ്ധീകരണം ഉയർത്തി. അതിനുശേഷം 1927 ജനുവരി  മുതൽ എല്ലാ ദിവസവും പ്രസിദ്ധീകരിച്ച്  മലയാളം “ദിനപ്പത്രം” എന്ന ശ്രേണിയിലേക്കുയർന്നു. 

1939-ൽ പത്രത്തിന്റെ ആസ്ഥാനഓഫീസ്  മാന്നാനത്തു  നിന്നും കോട്ടയം ടൗണിലേക്ക് മാറ്റി സ്ഥാപിക്കപ്പെടുകയും  അതോടൊപ്പം “നസ്രാണി ദീപിക”  എന്ന പേരിൽ നിന്നും “നസ്രാണി” എന്ന വാക്ക്അടർത്തി മാറ്റി പത്രത്തിന് “ദീപിക” എന്ന് പുനർ നാമകരണം ചെയ്യുകയുമാണുണ്ടായത്.1989-ൽ  ദീപിക ദിനപ്പത്രം  “രാഷ്ട്ര ദീപിക ലിമിറ്റഡ്”  എന്ന ഒരു കമ്പനിയായി രജിസ്റ്റർ ചെയ്ത് ബിഷപ്പ്മാരും വൈദികരും, കുറെ വിശ്വാസികളും ഷെയർ  ഹോൾഡർമാരായി ഡയറക്ടർ ബോർഡ് രൂപീകരിച്ചു പ്രവർത്തനം മുൻപോട്ടു പോയി.  

എന്നാൽ 2005 ആയപ്പോഴേക്കും, അന്നത്തെ സംസ്ഥാന സി.പി.എം  സെക്രട്ടറി  പിണറായി വിജയൻറെ ഒത്താശയോടെ ഫാരിസ് അബൂബക്കർ എന്ന വിവാദ റിയൽ എസ്റ്റേറ്റ് വ്യവസായി ദീപികയുടെ ഭൂരിഭാഗം ഷെയറുകളും നിസ്സാര വിലക്ക് വാങ്ങി ദീപികയുടെ ഭരണ ചക്രം കൈക്കലാക്കി. പിന്നീട്  ദീപിക വൈസ്ചെയർമാൻ ആയി ഫാരിസ് അബൂബക്കർ ചുമതലയേറ്റ്‌ ജോസ് പട്ടാരയെ എം.ഡിയും  ആക്കി. അവർ ഇരുവരും ചേർന്ന് പത്രമോഫീസിലെ മുതിർന്ന പത്രാധിപർ ഉൾപ്പടെ ധാരാളം ഉദ്യോഗസ്ഥരെ ജോലിയിൽ നിന്നും സ്വയം വിരമിക്കലിന് നിർബന്ധിതരാക്കി.  

അതോടെ ദീപികയുടെ എഡിറ്റോറിയൽ വരെ എ.കെ.ജി. സെന്ററിൽ നിന്നും ഉദ്ഭവിക്കുന്ന അവസ്ഥയിലേക്ക് മാറി. ആയിടക്കാണ് അന്നത്തെ സംസ്‌ഥാന മുഖ്യമന്ത്രി ആയിരുന്ന വി.എസ്. അച്യുതാനന്ദൻ “വെറുക്കപ്പെട്ടവൻ” എന്ന പ്രയോഗം വരെ ഫാരിസ് അബൂബക്കറിനെ കുറിച്ച് പറയുവാനിടയായത്.  പത്രത്തിന്റെ ഇത്തരം ഭരണമാറ്റം കത്തോലിക്കാ വിശ്വാസികളുടെയും ദീപികയുടെ അഭ്യുദയകാംക്ഷികളുടെയും ഇടയിൽ അതൃപ്തി വളർത്തി.

ഇതിനകം ഫാരിസ് അബൂബക്കർ ദീപികയുടെ പേരിൽ പാലാരിവട്ടം റിനയസെൻസ് ഹോട്ടലിനു സമീപം ഉണ്ടായിരുന്ന ബഹുനില കെട്ടിടവും എറണാകുളത്ത്  ഉണ്ടായിരുന്ന രണ്ടേക്കർ സ്ഥലവും പ്രിന്റിങ് പ്രസ്സും അവരുടെ അഭ്യുദയകാംക്ഷികൾക്ക് വിറ്റു. ഫാരിസിന്റെ കയ്യിലുണ്ടായിരുന്ന കമ്പനിയുടെ ഷെയറുകൾ തിരികെ പിടിക്കുന്നതിനു കൂഴമ്പാലയുടെ നേതൃത്വത്തിൽ  ശ്രമിച്ചപ്പോൾ ഫാരിസ് ഇരുപതു കോടിയിലധികം തുക ബിഷപ്പുമാരോട് ആവശ്യപ്പെട്ടു. ആ അവസ്ഥയിൽ സുനിൽ തന്റെ സ്വന്തം ഫണ്ടിൽ നിന്നും ദുബായിൽ ബിസിനെസ്സ്കാരനായ ഡോ. ഫ്രാൻസിസ് ക്‌ളീറ്റസിൽ നിന്നും സൗത്ത് ഇന്ത്യൻ ബാങ്കിൽ നിന്നും മറ്റു പല അഭ്യുദയകാംക്ഷികളുടെ സഹായത്തോടെയും പണം സ്വരൂപിച്ചു. ഇതിനെല്ലാം മുൻ കൈ എടുത്തു പ്രവർത്തിച്ചത് സുനിൽ  കൂഴമ്പാല ആയിരുന്നു.

ഏകദേശം ഒന്നര വർഷത്തോളം ഇതിനായി പ്രവർത്തിച്ച് മറ്റാരും അധികം അറിയാതെ പണം സ്വരൂപിച്ചു കഴിഞ്ഞപ്പോൾ 2007 ഡിസംബർ അവസാനത്തോടെ 16 കോടി രൂപയ്ക്ക് ഫാരിസിൽ നിന്നും ഷെയറുകൾ തിരികെ  വാങ്ങി സുനിൽ കൂഴമ്പാല ദീപിക എം.ഡി ആയി ചുമതലയേറ്റു. ദീപികയുടെ കൈവശം ഉള്ള ഏകദേശം 50 കോടിയിലധികം വിലമതിപ്പുള്ള സ്ഥലങ്ങളും കെട്ടിടങ്ങളും കൈവശമാക്കുക എന്നതായിരുന്നു ഫാരിസിന്റെയും പിന്നിൽ പ്രവർത്തിച്ചവരുടെയും പ്രധാന ഉദ്ദേശം.  സംഭവജനകമായ ഈ ചരിത്രവിജയത്തെപ്പറ്റി സുനിൽ  കൂഴമ്പാല വിവരിക്കുന്നത് ഈ ലിങ്കിൽ കൊടുത്തിരിക്കുന്ന വീഡിയോയിലൂടെ കേൾക്കാവുന്നതാണ്.

https://youtu.be/qemKb1rx-Io

LEAVE A REPLY

Please enter your comment!
Please enter your name here