തിരുവനന്തപുരം: സർക്കാരുമായി തുറന്ന യുദ്ധത്തിന് ഉറച്ച് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ. ധനമന്ത്രി കെ.എൻ ബാലഗോപാലിനെ പുറത്താക്കണമെന്ന് ആവശ്യപ്പെട്ട് മുഖ്യമന്ത്രി പിണറായി വിജയന് ഗവർണർ കത്തയച്ചു. സർവകലാശാലകളുമായി ബന്ധപ്പെട്ട് ഗവർണർ-സർക്കാർ പോര് കോടതി കയറിയതിന് പിന്നാലെയാണ് ആരിഫ് മുഹമ്മദ് ഖാന്റെ അപ്രതീക്ഷിതമായുള്ള മിന്നൽ നീക്കം. ധനമന്ത്രിയുടെ പ്രസംഗം തന്നെ അപമാനിച്ചുവെന്നും, അദ്ദേഹത്തിലുള്ള പ്രീതി തനിക്ക് നഷ്‌ടപ്പെട്ടുവെന്നുമാണ് മുഖ്യമന്ത്രിക്ക് നൽകിയ കത്തിൽ ഗവർണർ ചൂണ്ടിക്കാട്ടുന്നത്. കത്ത് ലഭിച്ച് ഉടൻ തന്നെ ആവശ്യം തള്ളികൊണ്ട് മുഖ്യമന്ത്രി ഗവർണർക്ക് മറുപടി നൽകുകയും ചെയ‌്തു. ധനമന്ത്രിയുടെ പ്രസംഗം ഗവർണറെയോ രാജ്ഭവനെയോ ഇകഴ്‌ത്തിക്കാട്ടിയതല്ലെന്നും, ഭരണഘടനാപരമായ ലംഘനമല്ലെന്നുമാണ് മുഖ്യമന്ത്രി നൽകിയ മറുപടിയിൽ ഉള്ളത്. ആവശ്യം പിൻവലിക്കണമെന്നും മുഖ്യമന്ത്രിയുടെ മറുപടിയിലുണ്ട്.

ഗവർണർ ആരിഫ് മുഹമ്മദ് ഖാനെ രൂക്ഷമായ ഭാഷയിൽ കെ.എൻ ബാലഗോപാൽ വിമർശിച്ചിരുന്നു. ഉത്തർപ്രദേശുകാർക്ക് കേരളത്തിലെ കാര്യം മനസ്സിലാകില്ലെന്ന് മന്ത്രി പ്രസംഗത്തിനിടെ പറഞ്ഞിരുന്നു. ഇതാണ് ഗവർണറെ പ്രകോപിപ്പിച്ചത്.

ഗവർണറുടെ പ്രതിച്ഛായയും ഗവർണർ പദവിയുടെ അന്തസ് താഴ്‌ത്തുന്നതമായ പരമാർശങ്ങളാണ് ധനമന്ത്രിയുടെ പ്രസംഗത്തിലുള്ളത്. പ്രദേശികവാദം ആളികത്തിക്കുന്ന.പരമാർശമാണ് നടത്തിയത്.ദേശീയ ഐക്യവും അഖണ്ഡതയും വെല്ലുവിളിക്കുന്ന പ്രസംഗമാണെന്നും ഗവർണർ കത്തിൽ ചൂണ്ടിക്കാട്ടി. എന്നാൽ ഈ ആരോപണങ്ങൾ നിഷേധിച്ചാണ് മുഖ്യമന്ത്രി മറുപടി നൽകിയത്. ഡൽഹിയിലുള്ള ഗവർണറുടെ നീക്കം ഇനി എന്താകും എന്ന് കാത്തിരുന്ന് കാണണം.

LEAVE A REPLY

Please enter your comment!
Please enter your name here