തിരുവനന്തപുരം: പാറശാല സ്വദേശി ഷാരോൺ രാജി(23)ന്റെ ദുരൂഹമരണം അന്വേഷിക്കാൻ പ്രത്യേക ക്രൈംബ്രാഞ്ച് സംഘത്തെ നിയോഗിക്കും. റൂറൽ എസ്‌ പി ഡി.ശിൽപയാണ് വിവരം അറിയിച്ചത്. കേസന്വേഷണം ജില്ലാ ക്രൈംബ്രാഞ്ചിന് കൈമാറിയിരുന്നു. മരണത്തിൽ അടിമുടി ദുരൂഹതയുണ്ടെന്നും ക്രൈംബ്രാഞ്ച് അന്വേഷിക്കണമെന്നും ആവശ്യപ്പെട്ട് ഷാരോണിന്റെ കുടുംബം ഹൈക്കോടതിയെ സമീപിച്ചു. സംഭവത്തിൽ ഷാരോണിന്റെ കൂട്ടുകാരിയുടെ മൊഴി പൊലീസ് എടുത്തിട്ടുണ്ട്. ഈ പെൺകുട്ടി കഴിച്ചിരുന്ന കഷായം ഷാരോൺ കഴിച്ചുനോക്കുകയായിരുന്നെന്നും പെൺകുട്ടി കഴിച്ചതിന്റെ ബാക്കിയാണ് ഷാരോൺ കഴിച്ചതെന്നാണ് വിവരം. ഇതിന് ശേഷം കയ്‌പ്പ് മാറ്റാൻ കഴിച്ച ജൂസിന്റെ കാലാവധി കഴിഞ്ഞിരുന്നതായി ഷാരോൺ അവസാനമായി പെൺകുട്ടിയ്‌ക്ക് അയച്ച വാട്ട്സാപ്പ് സന്ദേശത്തിലുണ്ട്.

 

അതേസമയം ഷാരോണിന്റെ മരണകാരണം കണ്ടെത്താൻ ആരോഗ്യവിദഗ്ദ്ധരുടെ സംഘത്തെ രൂപീകരിച്ചു. അവസാനമായി ഷാരോണും കാമുകിയും തമ്മിൽ നടത്തിയ വാട്ട്‌സാപ്പ് ചാറ്റിൽ ജ്യൂസിൽ സംശയമുണ്ടെന്ന് കാമുകി ഷാരോണിനോട് പറയുന്നുണ്ട്.

 

കയ്പ്പുണ്ടോയെന്ന് ഷാരോൺ ചോദിച്ചപ്പോഴാണ് കഷായം നൽകിയതെന്നും കഷായത്തിന്റെ അവസാന ഡോസായിരുന്നുവെന്നും, താൻ കഴിച്ചതിന്റെ ബാക്കിയാണ് നൽകിയതെന്നുമാണ് പെൺകുട്ടി സുഹൃത്തുക്കളോട് പറയുന്നത്. ഇവിടെനിന്ന് വിഷമൊന്നും കൊടുത്തിട്ടില്ലെന്ന് ഉറപ്പുണ്ടെന്നും പെൺകുട്ടി ഷാരോണിന്റെ സുഹൃത്തിനോട് പറയുന്നു. ഒക്‌ടോബർ 14നാണ് കാമുകിയുടെ വീട്ടിൽവച്ച് ഷാരോൺ കഷായം കഴിച്ചത്. തുടർന്ന് കടുത്ത ഛർദ്ദിയുണ്ടായി. 15ന് തൊണ്ടവേദന കലശലായി. 16ന് ഫോർട്ട് ആശുപത്രിയിലെത്തിച്ചു. ആരോഗ്യനില മോശമായതോടെ 17ന് മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചു. 20ന് മജിസ്‌ട്രേറ്റിന് ഷാരോൺ മൊഴി നൽകിയിരുന്നു. 21ന് പൊലീസിനും. ഈ രണ്ട് മൊഴിയിലും ആർക്കെതിരെയും പരാതി നൽകിയിരുന്നില്ല. 11 ദിവസത്തെ ചികിത്സയ്‌ക്കൊടുവിൽ 25നാണ് യുവാവ് മരിച്ചത്.

LEAVE A REPLY

Please enter your comment!
Please enter your name here