‘ഗോപീ.. ഈ നവംബര്‍ നിന്റെ നഷ്ടങ്ങളുടെ തുടക്കമായിരിക്കും. ഈ തീരുമാനത്തിന്റെ പേരില്‍ നിനക്കു പിന്നീടു ദുഃഖിക്കേണ്ടി വരും.’ 2021 നവംബറില്‍ ഏറ്റവുമടുത്ത സുഹൃത്തുക്കളും ബന്ധുക്കളും മജിഷ്യന്‍ ഗോപിനാഥ് മുതുകാടിനോടു പറഞ്ഞ വാക്കുകളാണിത്. മാജിക് എന്നെന്നേക്കുമായി ഉപേക്ഷിക്കുന്നുവെന്ന മുതുകാടിന്റെ തീരുമാനമറിഞ്ഞപ്പോഴായിരുന്നു ഇത്. കൃത്യം ഒരു വര്‍ഷത്തിനു ശേഷമുള്ള ഈ നവംബറില്‍ ഗോപിനാഥ് മുതുകാട് പറയുന്നു: ‘എനിക്ക് ദുഃഖിക്കേണ്ടി വന്നില്ല. ഒന്നും നഷ്ടപ്പെട്ടതുമില്ല. മനസ്സു നിറയെ തൃപ്തിയാണ്. സ്റ്റേജില്‍ നിന്നു കിട്ടിയിരുന്ന കൈയടിയെക്കാള്‍ വലിയ ആത്മസംതൃപ്തി!’

2016ല്‍ ഭിന്നശേഷിക്കുട്ടികളുടെ ഉന്നമനത്തിനായി കാസര്‍കോട്ട് മലയാള മനോരമയും ആരോഗ്യവകുപ്പും ചേര്‍ന്നു സംഘടിപ്പിച്ച ‘ആര്‍ദ്രകേരളം’ പരിപാടിയിലാണു മുതുകാട് ദുരിത ജീവിതവുമായി ഒറ്റപ്പെട്ടു കഴിഞ്ഞിരുന്ന ഒരു കൂട്ടം ഭിന്നശേഷിക്കുട്ടികളെ അടുത്തറിഞ്ഞത്. പരിധിയില്ലാതെ സ്വപ്നങ്ങള്‍ കാണുകയും നീലാകാശം മോഹങ്ങളുടെ അതിരാക്കുകയും ഉറ്റവരുടെ കരുതലില്‍ അതിലേക്കു തുഴയുകയും ചെയ്യുന്ന സാധാരണ കുട്ടികളെപ്പോലെയായിരുന്നില്ല ഈ പാവം കുരുന്നുകള്‍.

ഓട്ടിസവും സെറിബ്രല്‍ പാള്‍സിയും ഡൗണ്‍ സിന്‍ഡ്രോമും മറ്റു ബൗദ്ധിക വെല്ലുവിളികളും ന്യൂറോ രോഗങ്ങളും പഠനവൈകല്യവും പിടിപെട്ട ഒട്ടേറെ കുട്ടികള്‍. എല്ലാ പ്രതീക്ഷകളും നഷ്ടമായ അവരുടെ മാതാപിതാക്കള്‍. മറ്റുള്ളവര്‍ക്കു മുന്നില്‍ തങ്ങളുടെ കുഞ്ഞുങ്ങളെ കാണിക്കാന്‍ മടിക്കുന്ന അമ്മമാര്‍. അവര്‍ തങ്ങളുടെ സങ്കടകഥകള്‍ മുതുകാടിനോടു പങ്കുവച്ചു. ഒരമ്മ പറഞ്ഞു: ‘പലരും കല്യാണം ക്ഷണിക്കാന്‍ വരും. പോകാന്‍ നേരം പറയും. ഒന്നും തോന്നരുത്, നിങ്ങള്‍ വന്നുകൊള്ളൂ, പക്ഷേ മകനെ കൊണ്ടു വരരുത് കേട്ടോ’. ഭിന്നശേഷിക്കാരായ കുട്ടികളെ വിവാഹം പോലെയുള്ള ശുഭകരമായ ചടങ്ങുകളിലും ആഘോഷങ്ങളിലും പങ്കെടുപ്പിക്കുന്നതിനു സമൂഹത്തിന് ഇന്നും വിമുഖതയാണ്.

ഭിന്നശേഷിക്കാരിയായ ഏകമകളെ ചേര്‍ത്തുപിടിച്ചുകൊണ്ട് പ്രായം ചെന്ന മറ്റൊരമ്മ പറഞ്ഞതിങ്ങനെ: ‘ഇവള്‍ക്കു ഞാന്‍ മാത്രമേയുള്ളൂ. ബന്ധുക്കള്‍ക്കു ഞങ്ങളെ വേണ്ട. ഞാന്‍ മരിച്ചാല്‍ സ്വന്തം കാര്യങ്ങള്‍ നോക്കാന്‍ പോലും ആവതില്ലാത്ത ഇവള്‍ എന്തു െചയ്യും? അതുകൊണ്ട് എനിക്കു മുന്‍പേ ഇവളുടെ കാലം കഴിയണമെന്നാണ്….’ സങ്കടക്കണ്ണീരില്‍ അവര്‍ക്കു വാക്കുകള്‍ പൂര്‍ത്തിയാക്കാനായില്ല.ആ അമ്മമാര്‍ക്കൊപ്പം മുതുകാടിന്റെ കണ്ണുകളും നനഞ്ഞു.

രണ്ടു കാര്യങ്ങളെപ്പറ്റിയാണ് അപ്പോള്‍ ചിന്തിച്ചത്. ഒന്ന് : ഈ കാഴ്ച കണ്ട് അവരെ ആശ്വസിപ്പിച്ച സഹതപിച്ചു മടങ്ങാം. രണ്ട്: മാജിക് ഉപേക്ഷിച്ച് ഭിന്നശേഷിക്കാരായ കുട്ടികള്‍ക്കുവേണ്ടി ജീവിതം മാറ്റിവയ്ക്കാം. രണ്ടാമത്തെ വഴി തന്നെ തിരഞ്ഞെടുത്തു. ഏറെ ചിന്തിച്ചായിരുന്നു തീരുമാനം. ഒരിക്കല്‍പോലും മനസ്സ് വേണ്ടെന്നു പറഞ്ഞില്ല. അതിനുവേണ്ടിയുള്ള തയാറെടുപ്പുകള്‍ക്കായി 2021 വരെ കാത്തിരിക്കേണ്ടിവന്നു. ഗവേഷണവും പരിശ്രമവും വേണ്ടിവന്നു. പക്ഷേ അതിനിടയില്‍ തന്നെ പ്രാരംഭമായി 2017ല്‍ 23 കുട്ടികളെ ഏറ്റെടുത്തു. 2019ല്‍ 100 പേരെത്തി. ലക്ഷ്യത്തിലേക്കുള്ള തടസ്സങ്ങള്‍ ഒന്നൊന്നായി നീങ്ങിയതോടെ 2021 നവംബര്‍ 17ന് മാജിക് പൂര്‍ണമായും അവസാനിപ്പിക്കുകയാണെന്നു പ്രഖ്യാപിക്കുകയായിരുന്നു.

‘പ്രഫഷനല്‍ ഷോകളും പ്രതിഫലം പറ്റിയുള്ള പരിപാടികളും വേണ്ട എന്നതു വളരെ ആലോചിച്ചെടുത്ത തീരുമാനമായിരുന്നു. 45 വര്‍ഷം കൊണ്ട് മാജിക്കില്‍ നിന്നു നേടിയതെല്ലാം ഈ കുട്ടികള്‍ക്കായി നിക്ഷേപിക്കുകയായിരുന്നു’ – മുതുകാട് പറയുന്നു. കഴക്കൂട്ടത്തെ കിന്‍ഫ്ര പാര്‍ക്കില്‍ 10 വര്‍ഷം മുന്‍പ് ആരംഭിച്ച ഏഷ്യയിലെ ആദ്യത്തെ മാജിക് തീം മ്യൂസിയമായ ‘മാജിക് പ്ലാനറ്റ്’ ഡിഫറന്റ് ആര്‍ട്‌സ് സെന്ററായി മാറി. കൂടെയുണ്ടായിരുന്ന മജിഷ്യന്മാരെയും ജീവനക്കാരെയും തീരുമാനം ഞെട്ടിച്ചു. തങ്ങളെ പെരുവഴിയിലാക്കുകയാണോ എന്നവര്‍ ചോദിച്ചു. ലക്ഷ്യത്തെപ്പറ്റി പറഞ്ഞപ്പോള്‍ പലരും ഒപ്പം നിന്നു. ചിലര്‍ വിട്ടുപോയി. ഷോയ്ക്കു വേണ്ടി വാങ്ങിയ വിലയേറിയ പ്രോപ്പര്‍ട്ടിയെല്ലാം ഇപ്പോള്‍ പൊടിപിടിച്ചു കിടക്കുകയാണ്.

‘ഏഴാം വയസ്സില്‍ മാജിക് തുടങ്ങിയ ആളാണു ഞാന്‍. കലയ്ക്കു കിട്ടിയ കൈയടിയും സാമ്പത്തിക സുസ്ഥിരതയും തുടര്‍ന്നു വേണ്ടെന്ന കഠിനമായ തീരുമാനത്തിനൊപ്പം കുടുംബവും നിന്നു. ഭിന്നശേഷിക്കുട്ടികളുടെ അമ്മമാര്‍ ദിവസം മുഴുവനും സങ്കടപ്പെട്ട് ഇരിക്കുന്നത് ഞാന്‍ കണ്ടിട്ടുണ്ട്. ചിലര്‍ ഒന്നും പറയാതെ ദൂരേക്കു നോക്കിയിരിക്കും. അവരുടെ ജീവിതത്തില്‍ ചിരിയില്ല, സന്തോഷമില്ല. ഇങ്ങനെയൊരു മകളോ മകനോ ജനിച്ചതിന്റെ പേരില്‍ എത്രയോ കാലമാണ് അവരിങ്ങനെ ജീവനില്ലാതെ ജീവിക്കുന്നത്. വയ്യാതായ മക്കളെക്കുറിച്ചുള്ള വേദന പങ്കുവച്ച അമ്മമാര്‍ക്ക് അല്‍പമെങ്കിലും ആശ്വാസമെത്തിക്കുകയായിരുന്നു സ്വപ്നം. അതിനു ശാസ്ത്രീയതയും പ്രഫഷനലിസവും ചേര്‍ന്ന സംവിധാനമാണു വേണ്ടിയിരുന്നത്. മുന്നില്‍ മാതൃകകളൊന്നുമില്ല. സ്വന്തമായൊരു വഴി കണ്ടെത്തേണ്ടിയിരുന്നു. എനിക്കുള്ളതെല്ലാം ഇതിനായി നീക്കിവയ്‌ക്കേണ്ടിവന്നു.’

ആര്‍ദ്രകേരളത്തില്‍ പങ്കെടുത്തതിനു പിന്നാലെ സാമൂഹിക സുരക്ഷാ മിഷന്‍ വഴിയാണ് 23 കുട്ടികളെ ഏറ്റെടുത്തത്. ആദ്യനാളുകളില്‍ കാര്യങ്ങള്‍ കൈവിട്ടുപോയി. അവരെ എങ്ങനെ പഠിപ്പിക്കണം എന്നറിയില്ല. പറയുന്ന കാര്യങ്ങള്‍ കുട്ടികള്‍ക്കു മനസ്സിലാകുന്നില്ല. മാജിക് ആണ് എനിക്കറിയാവുന്ന കാര്യം. ലളിതമായൊരു മാജിക് അവരെ പഠിപ്പിച്ചു. ആ ശ്രമം വിജയിച്ചു. അതവര്‍ക്കു പ്രചോദമായി. അവരുടെ അമ്മമാരില്‍ വലിയ ആത്മവിശ്വാസമുണ്ടാക്കി. ഭിന്നശേഷിക്കുട്ടികളില്‍ ഒട്ടേറെ പേരും ഏതെങ്കിലുമൊരു കാര്യത്തില്‍ കൃത്യമായ ഫോക്കസ് ഉള്ളവരാണ്. അതുകണ്ടെത്തി പരിശീലിപ്പിച്ചെടുക്കുകയാണ് വേണ്ടത്. അവരെ ആ നിലയില്‍ ഉയര്‍ത്തിക്കൊണ്ടുവന്നു.

തങ്ങളുടെ കുട്ടികള്‍ക്ക് ഒന്നിനും കഴിവില്ലെന്നു വിശ്വസിച്ചിരുന്ന അമ്മമാരാണ് ആ മാറ്റത്തില്‍ ഏറ്റവും സന്തുഷ്ടരായത്. കുട്ടികളെ ഓരോ സ്റ്റേജിലേക്കും ഉയര്‍ത്തിക്കൊണ്ടുവരാന്‍ അവരുടെ പിന്തുണ ഏറെയായിരുന്നു. സോഷ്യല്‍ സെക്യൂരിറ്റി മിഷനും അമേരിക്കന്‍ മലയാളിസംഘടനയായ ഫൊക്കാനയുമൊക്കെ ഡിഎസിയുടെ പ്രവര്‍ത്തനങ്ങളുമായി സഹകരിച്ചു. പിന്നീട് കരിക്കുലം ചിട്ടപ്പെടുത്തി.

രാവിലെ 10ന് കുട്ടികള്‍ എത്തിയാല്‍ പ്രാര്‍ഥനയും പ്രതിജ്ഞയും. ഒരു മണിക്കൂര്‍ വ്യായാമവും യോഗയും. 11 നു ടീ ബ്രേക്കിനു ശേഷം കുട്ടികളെ ക്ലാസുകളിലേക്കയയ്ക്കും. പാട്ടിലും ഡാന്‍സിലും ചിത്രംവരയിലുമുള്ള അഭിരുചി കണ്ടെത്തി പ്രത്യേക ക്ലാസുകളാണ് ആദ്യം നല്‍കുന്നത്. അക്ഷരങ്ങളും രൂപങ്ങളും പഠിപ്പിക്കാന്‍ പരിശീലനം സിദ്ധിച്ച അധ്യാപകരുണ്ട്. സിനിമ കാണിക്കാന്‍ സ്‌ക്രീനുകളും പഠിപ്പിക്കാന്‍ കാമിലോ കാസ്‌കേഡ് എന്ന സംവിധാനവുമുണ്ട്. സന്ദര്‍ശകര്‍ക്കും രക്ഷിതാക്കള്‍ക്കുമായി ഡിഫറന്റ് തോട്ട് സെന്റര്‍ പ്രവര്‍ത്തിക്കുന്നു. ഇവിടെ ഭിന്നശേഷി കുട്ടികളുടെ ജനനം, പരിപാലനം, സമൂഹവുമായുള്ള ഇടപെടല്‍ തുടങ്ങിയ കാര്യങ്ങളില്‍ അവബോധവും പരിശീലനവും നല്‍കുന്നു.

‘കുറഞ്ഞ കാലംകൊണ്ട് അത്ഭുതകരമായ മാറ്റമാണുണ്ടായത്. പ്രാഥമിക കൃത്യങ്ങള്‍ തനിയെ ചെയ്യാന്‍ ചിലര്‍ക്കായി. കൈകളും കാലുകളും അനായാസം ചലിപ്പിക്കാനായി. പാട്ടു കേള്‍ക്കുന്നവര്‍ വിരലുകള്‍ കൊണ്ടു താളം പിടിക്കുന്നു. വാദ്യോപകരണങ്ങള്‍ നല്‍കി. മട്ടന്നൂര്‍ ശങ്കരന്‍കുട്ടി മാഷിനെപ്പോലുള്ള കലാകാരന്മാരെ കൊണ്ടു വന്നു പരിശീലിപ്പിച്ചു. അതുവരെ സംസാരിക്കാതിരുന്ന ഒരു കുട്ടി അവന്റെ അമ്മയെ നോക്കി ‘അമ്മേ’യെന്നു വിളിച്ചു. അന്നത്തെ സന്തോഷം ചില്ലറയായിരുന്നില്ല. ആ അമ്മയ്ക്കു മാത്രമല്ല സെന്ററിലെ മുഴുവന്‍ അമ്മമാരിലും അതു സന്തോഷമുണ്ടാക്കി. കുട്ടികളിലെ ഐക്യു ലെവല്‍ ഉയര്‍ന്നതായി ചൈല്‍ഡ് ലൈന്‍ പഠനത്തില്‍ കണ്ടെത്തി. പെരുമാറ്റ വൈകല്യങ്ങളുടെ തോതും കുറഞ്ഞു. ഒന്നിനും ശേഷിയില്ലെന്ന് സമൂഹം വിധിച്ച കുഞ്ഞുങ്ങളിലെ പരാധീനതകള്‍ 50 ശതമാനം കണ്ടു കുറയ്ക്കാനായി. കുട്ടികളുടെ എണ്ണം 200 ആയി വര്‍ധിച്ചു.

ഡിഎസിയിലെ കുട്ടികളുടെ അമ്മമാര്‍ക്ക് ‘കരിസ്മ’ എന്ന തൊഴില്‍ സംരംഭമുണ്ട്. കലയും പഠനവും പാഠ്യേതര പ്രവര്‍ത്തനങ്ങളുമായി കുട്ടികള്‍ അവരുടെ ലോകങ്ങളില്‍ കഴിയുമ്പോള്‍ അമ്മമാര്‍ ഇവിടെ വിവിധ തൊഴില്‍ സംരംഭങ്ങളില്‍ ഏര്‍പ്പെടുന്നു. ബാഗ്, െമഴുകുതിരി, കേക്ക്, ബ്രെഡ്, കൗതുകവസ്തുക്കള്‍, ആഭരണങ്ങള്‍ എന്നിങ്ങനെ ഒട്ടേറെ നിര്‍മാണയൂണിറ്റുകളുണ്ട്. തയ്യല്‍ കേന്ദ്രവുമുണ്ട്. സൊസൈറ്റി രൂപീകരിച്ചാണ് പ്രവര്‍ത്തനം. ലാഭം എല്ലാവര്‍ക്കുമായി പങ്കിടുന്നു.

’18 വയസ്സ് പിന്നിട്ട ഭിന്നശേഷി കുട്ടികളുടെ ഭാവി എന്തായിരിക്കണമെന്ന് നമ്മുടെ നാട്ടില്‍ നിര്‍ദേശിക്കപ്പെട്ടിട്ടില്ല. സ്വാഭാവികമായും ഇവര്‍ സ്‌കൂളുകളില്‍ നിന്ന് വീടുകളിലേക്കു മടങ്ങുന്നു. അതേറെ അപകടം ചെയ്യും. ഏകാന്തതയും വിരസതയും കുട്ടികളെ വീണ്ടും തളര്‍ത്തും. മാതാപിതാക്കളും പ്രതിസന്ധിയിലാകും. അതിനു മാറ്റം വേണമെങ്കില്‍ അവരെ ഏതെങ്കിലുമൊരു സംരഭവുമായി കൂട്ടിയിണക്കണം. കുട്ടിക്കും അമ്മയ്ക്കും ജീവിത സുരക്ഷ ഉറപ്പാക്കി മുന്നോട്ടു പോകാന്‍ സഹായിക്കുന്ന കേന്ദ്രമായിരിക്കും യൂണിവേഴ്‌സല്‍ എംപവര്‍ സെന്റര്‍. ഭിന്നശേഷിക്കാരായ കുട്ടികളുടെ അമ്മമാര്‍ മക്കളെയും കൂട്ടി സ്വന്തം കാര്‍ ഓടിച്ച് ഇവിടെയെത്തുന്നതാണ് എന്റെ സ്വപ്‌നം. മാജിക്കും ഡിഎസിയും ഒന്നിച്ചു കൊണ്ടുപോകാന്‍ സാധിക്കില്ലേ എന്നു ചോദിച്ചവരുണ്ട്. പ്രഫഷന്‍ ഉപേക്ഷിച്ച് ഒരു വര്‍ഷം പിന്നിടുമ്പോള്‍ ഞാന്‍ മനസ്സിലാക്കുന്ന സത്യം ഇതാണ്: എന്റെ മാജിക് ഒന്നുമായിരുന്നില്ല. ഈ കുട്ടികള്‍ക്കുവേണ്ടി പ്രവര്‍ത്തിക്കുന്നതില്‍പ്പരം വലിയ മാജിക് ഇല്ല.’

(മാധ്യമപ്രവര്‍ത്തകന്‍ ടിബി ലാല്‍ മനോരമ ന്യൂസിനു വേണ്ടി തയ്യാറാക്കിയ സ്‌റ്റോറി)

LEAVE A REPLY

Please enter your comment!
Please enter your name here