കണ്ണൂര്‍: വ്യാജ കത്ത് സംഭവത്തില്‍ തിരുവനന്തപുരം മേയര്‍ ആര്യാ രാജേന്ദ്രന്‍ മാപ്പ് പറഞ്ഞാല്‍ മതിയെന്ന് കെപിസിസി അധ്യക്ഷന്‍ കെ സുധാകരന്‍. പൊതുമാപ്പ് മേയര്‍ സ്ഥാനം രാജിവയ്ക്കുന്നതിനെക്കാള്‍ വലുതാണ്. മാപ്പ് പറഞ്ഞാല്‍ കോണ്‍ഗ്രസ് പ്രതിഷേധം അവസാനിപ്പിക്കാമെന്നും സുധാകരന്‍ അഭിപ്രായപ്പെട്ടു. ആര്യയ്ക്ക് ചെറിയ പ്രായമാണ്. ബുദ്ധി കുറവാണ്. ഉപദേശം നല്‍കേണ്ടത് സിപിഐഎമ്മാണെന്നും സുധാകരന്‍ പറഞ്ഞു.

”രാജി വയ്ക്കണം, അല്ലെങ്കില്‍ പൊതുമാപ്പ്. പൊതുമാപ്പ് എന്നത് സ്ഥാനം ഒഴിയുന്നതിനെക്കാള്‍ വലുതാണ്. മാപ്പ് പറഞ്ഞാല്‍ കോണ്‍ഗ്രസ് പ്രതിഷേധം അവസാനിപ്പിക്കും. ഇത് വ്യക്തിപരമായ അഭിപ്രായമാണ്. മാപ്പ് പറഞ്ഞാല്‍ അക്കാര്യം കോണ്‍ഗ്രസ് ചര്‍ച്ച ചെയ്യും. ആര്യ ചെറിയാ പ്രായാണ്. ബുദ്ധി കുറവാണ്. ബുദ്ധിയില്ലാത്ത മേയര്‍ക്ക് ഉപദേശം നല്‍കാന്‍ പാര്‍ട്ടി നേതൃത്വത്തിന് സാധിക്കണം.”-കെ സുധാകരന്‍ പറഞ്ഞു.

സംഭവത്തില്‍ യൂത്ത് കോണ്‍ഗ്രസും പ്രതിപക്ഷവും രാജി ആവശ്യവുമായി പ്രതിഷേധം നടത്തുമ്പോഴാണ് കെ സുധാകരന്റെ വ്യത്യസ്ത അഭിപ്രായപ്രകടനം. അതേസമയം, കേസില്‍ ആര്യാ രാജേന്ദ്രന്റെ മൊഴി ക്രൈംബ്രാഞ്ച് സംഘം രേഖപ്പെടുത്തി. മുഖ്യമന്ത്രിക്ക് നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് ക്രൈംബ്രാഞ്ച് സംഘം മേയറുടെ മൊഴി രേഖപ്പെടുത്തിയത്.

കത്ത് കൃത്രിമമെന്നാണ് മേയറുടെ മൊഴി. ഉപയോഗിച്ച ലെറ്റര്‍ പാഡ് എഡിറ്റ് ചെയ്ത് തയ്യാറാക്കിയ കത്താണെന്ന് സംശയമുണ്ട്. പഴയ ലെറ്റര്‍ പാഡിന്റെ ഹെഡറും സീലും വെച്ച് കത്ത് തയ്യാറാക്കിയതാവാമെന്നും ആര്യ രാജേന്ദ്രന്‍ മൊഴി നല്‍കി. അന്വേഷണത്തിന്റെ ഭാഗമായി ഈ മൊഴി വിശദമായി തന്നെ പരിശോധിക്കും. ശേഷം അന്വേഷണ സംഘം എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്‌തേക്കും. അന്വേഷണത്തിന് ഡിജിപി ഉത്തരവിട്ട് 24 മണിക്കൂര്‍ കഴിഞ്ഞിട്ടും അന്വേഷണം തുടങ്ങാത്തത് കേസ് അട്ടിമറിക്കാനാണെന്നായിരുന്നു പ്രതിപക്ഷത്തിന്റെ ആരോപണം

LEAVE A REPLY

Please enter your comment!
Please enter your name here