
മൂന്നാര്‍: കുണ്ടളയില്‍ മണ്ണിടിച്ചിലിൽ കാണാതായ രൂപേഷിന്റെ മൃതദേഹം കണ്ടെത്തി. വിനോദ സഞ്ചാരത്തിനെത്തിയ കോഴിക്കോട് അശോകപുരം കുന്നിയില്‍കാവ് കല്ലട വീട്ടില്‍ രൂപേഷിന്റെ (40) മൃതദേഹമാണ് കണ്ടെത്തിയത്. ഒലിച്ചുപോയ ട്രാവലര്‍ 750 അടി താഴ്ച്ചയില്‍ നിന്നാണ് അഗ്നിരക്ഷാ സേനയും പൊലീസും നാട്ടുകാരും ചേര്‍ന്ന് കണ്ടെത്തിയത്.
ഇതിന് താഴെയായിട്ടായിരുന്നു മൃതദേഹം ഉണ്ടായിരുന്നത്. വടകരയില്‍ നിന്നും രണ്ട് വാഹനങ്ങളിലെത്തിയ സംഘം ടോപ്പ് സ്റ്റേഷന്‍ സന്ദര്‍ശിച്ച് അണക്കെട്ട് കാണാനുള്ള യാത്രയിലായിരുന്നു. പെട്ടെന്നാണ് പാറക്കഷണങ്ങളും ചെളിയും റോഡിലേക്ക് വീഴുന്നത്. അപകടം മനസ്സിലാക്കിയ ഡ്രൈവര്‍ സഞ്ചാരികളോട് ഇറങ്ങാനാവശ്യപ്പെടുകയായിരുന്നു. കാണാതായ രൂപേഷാണ് പലരേയും ഇറങ്ങാന്‍ സഹായിച്ചത്. ഇതിനിടെ പുറകിലുണ്ടായിരുന്ന വാഹനം സുരക്ഷിതസ്ഥാനത്തേക്ക് മാറ്റി. അപ്പോഴാണ് ചെളിയും വെള്ളവും കൂറ്റന്‍പാറകളും മുകളില്‍നിന്ന് ഒഴുകിയെത്തിയത്. ആ സമയം ഡ്രൈവറും രൂപേഷുംകൂടി വാഹനം തള്ളിനീക്കുകയായിരുന്നു. ഡ്രൈവര്‍ ഓടിമാറി. വാഹനം കൊക്കയിലേക്ക് ഒഴുകിപ്പോയി. പിന്നീടാണ് രൂപേഷിനെ കാണാനില്ലെന്നറിയുന്നത്.
മൂന്നാർ വട്ടവട റോഡിൽ കുണ്ടള ഡാമിന് സമീപീപമാണ് മണ്ണിടിച്ചിൽ ഉണ്ടായത്. കനത്ത മഴയെ തുടര്‍ന്നാണ് ദുരന്തം. വിനോദ സഞ്ചാരികള്‍ സഞ്ചരിച്ച ട്രാവലറിനു മുകളിലേക്കാണ് മണ്ണിടിഞ്ഞ് വീണത്. പ്രദേശത്ത് ശക്തമായ മഴ തുടരുന്നതിനാല്‍ രക്ഷാപ്രവര്‍ത്തനം വൈകിയിരുന്നു. മൂന്നാർ എല്ലപെട്ടിയിലും മണ്ണിടിച്ചിലുണ്ടായി ഇന്നലെ ഗതാഗതം തടസ്സപ്പെട്ടിരുന്നു.