തിരുവനന്തപുരം: തുറമുഖസമരവുമായി ബന്ധപ്പെട്ട് ഞായറാഴ്ച രാത്രി വിഴിഞ്ഞം യുദ്ധക്കളമായി. ശനിയാഴ്ചത്തെ സംഘര്‍ഷവുമായി ബന്ധപ്പെട്ട് കസ്റ്റഡിയിലെടുത്തവരെ വിട്ടയക്കണമെന്നാവശ്യപ്പെട്ട് സ്ത്രീകളുള്‍പ്പെടെ രണ്ടായിരത്തോളം മത്സ്യത്തൊഴിലാളികള്‍ ഞായറാഴ്ച രാത്രി പോലീസ് സ്റ്റേഷന്‍ വളഞ്ഞു. ചിലര്‍ അകത്തേക്ക് ഇരച്ചുകയറി മരത്തടി ഉപയോഗിച്ച് സ്റ്റേഷന്റെ ഫ്രണ്ട് ഓഫീസ് അടിച്ചുതകര്‍ത്തു. 36 പോലീസുകാര്‍ക്ക് പരിക്കേറ്റു. ഇതില്‍ എസ്.ഐ. ലിജോ പി. മണിയുടെ കാലിന് ഗുരുതരപരിക്കേറ്റു.

 

എഫ്.ഐ.­ആര്‍. രേഖകള്‍ അക്രമികള്‍ കീറിയെറിഞ്ഞു. ശനിയാഴ്ചത്തെ സംഘര്‍ഷവുമായി ബന്ധപ്പെട്ട് പോലീസ് അറസ്റ്റുചെയ്ത സെല്‍ട്ടനെ റിമാന്‍ഡ് ചെയ്തു. ബാക്കിയുള്ള മുത്തപ്പന്‍, ലിയോണ്‍, പുഷ്പരാജന്‍, ഷാജി എന്നിവരുടെ അറസ്റ്റ് പോലീസ് രാത്രിവൈകി രേഖപ്പെടുത്തി. സമാധാനം പുനഃസ്ഥാപിക്കാന്‍ തിങ്കളാഴ്ച സര്‍വകക്ഷിയോഗം ചേരും.



 

വിഴിഞ്ഞത്ത് രാവിലെ 8.30-ന് തീരവാസികളുമായും 10.30-ന് അതിരൂപത പ്രതിനിധികളുമായും തുടര്‍ന്ന് കളക്ടറുമായും ചര്‍ച്ചനടത്തും. പോലീസ് സ്റ്റേഷന്‍ ആക്രമണത്തില്‍ പുതിയ കേസെടുക്കും. വൈദികര്‍ ഉള്‍പ്പെടെ മുപ്പതോളം പ്രതിഷേധക്കാര്‍ക്ക് പരിക്കേറ്റതായി സമരസമിതി അറിയിച്ചു. തലയ്ക്കുപരിക്കേറ്റ വിഴിഞ്ഞം ഇടവക വികാരി ഫാ. മെല്‍ക്കോണ്‍, പാളയം സഹ വികാരി ഫാ. കാര്‍വിന്‍ എന്നിവരെ മെഡിക്കല്‍കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. തത്കാലം സംഘര്‍ഷാവസ്ഥ നിയന്ത്രണവിധേയമാണെന്ന് എ.ഡി.ജി.പി. എം.ആര്‍. അജിത്കുമാര്‍ പറഞ്ഞു.

 

കളക്ടര്‍, പോലീസ് കമ്മിഷണര്‍ എന്നിവരുമായി സഭാനേതൃത്വം, ഞായറാഴ്ച രാത്രി വൈകി ചര്‍ച്ചനടത്തി. രാത്രി ഒന്നരയോടെ ചര്‍ച്ച അവസാനിച്ചു. ആദ്യഘട്ടചര്‍ച്ചയില്‍ സമാധാനത്തിനാണ് മുന്‍ഗണന നല്‍കിയതെന്നും ഇനിയും ചര്‍ച്ച തുടരുമെന്നും ഫാ.യൂജിന്‍ പറഞ്ഞു. ഞായറാഴ്ചയുണ്ടായ ആക്രമണത്തില്‍ സമരക്കാര്‍ നാലു പോലീസ് വാഹനങ്ങള്‍ തകര്‍ത്തു. സ്റ്റേഷനുള്ളില്‍നിന്ന് പുറത്തിറങ്ങാനനുവദിക്കാതെ പോലീസിനെ ബന്ദിയാക്കിയായിരുന്നു പ്രതിഷേധം. ഒരു പോലീസുകാരന്റെ കാലൊടിഞ്ഞു. അക്രമസംഭവങ്ങള്‍ ചിത്രീകരിച്ച പ്രാദേശിക മാധ്യമപ്രവര്‍ത്തകനായ ഷെരീഫിനെ സമരക്കാര്‍ ആക്രമിച്ചു. മൂന്നുതവണ പോലീസ് കണ്ണീര്‍വാതകം പ്രയോഗിച്ചെങ്കിലും ജനം പിരിഞ്ഞുപോയില്ല. ദ്രുതകര്‍മസേന ഉള്‍പ്പെടെയുള്ള കൂടുതല്‍ പോലീസ് സേനയെത്തി ലാത്തിച്ചാര്‍ജ് നടത്തിയതോടെയാണ് കൂടുതല്‍ പ്രതിഷേധക്കാര്‍ക്ക് പരിക്കേറ്റത്. ഞായറാഴ്ച രാത്രി വൈകിയും സംഘര്‍ഷം തുടര്‍ന്നു.

സെല്‍ട്ടനെ കസ്റ്റഡിയിലെടുത്തതോടെയാണ് ഞായറാഴ്ച സംഘര്‍ഷം തുടങ്ങിയത്. സെല്‍ട്ടനെ മോചിപ്പിക്കണമെന്നാവശ്യപ്പെട്ട് സ്റ്റേഷനിലെത്തിയ ഇടവക കൗണ്‍സിലംഗങ്ങളെയും കസ്റ്റഡിയിലെടുത്തു. ഇതറിഞ്ഞാണ് രാത്രി എട്ടുമണിയോടെ കൂടുതല്‍പ്പേര്‍ സ്ഥലത്തെത്തിയത്. മണിക്കൂറുകളോളം വിഴിഞ്ഞത്ത് സംഘര്‍ഷാവസ്ഥ സൃഷ്ടിച്ച സമരക്കാര്‍ വാഹനഗതാഗതവും തടഞ്ഞു. മാധ്യമപ്രവര്‍ത്തകരെയും പ്രദേശത്തേക്കു കടത്തിവിട്ടില്ല.

സ്റ്റേഷനുള്ളില്‍ കടന്ന സമരക്കാരെ ഏറെ പണിപ്പെട്ടാണ് പിരിച്ചുവിടാന്‍ കഴിഞ്ഞത്. കളക്ടര്‍ ജെറോമിക് ജോര്‍ജും സിറ്റിപോലീസ് കമ്മിഷണര്‍ ജി. സ്പര്‍ജന്‍കുമാറും സ്ഥലത്തെത്തിയിരുന്നു. കനത്ത പോലീസ് സുരക്ഷാവലയത്തിലാണ് വിഴിഞ്ഞവും പരിസരവും. രാത്രി പത്തുമണിയോടെ സ്റ്റേഷന്‍ പരിസരത്തെ സംഘര്‍ഷത്തിന് അയവുവന്നെങ്കിലും സമരക്കാര്‍ കടപ്പുറത്ത് സംഘടിച്ചു.

വിഴിഞ്ഞം തുറമുഖ നിര്‍മാണത്തിന് പാറയുമായെത്തിയ ലോറികളെ പദ്ധതിപ്രദേശത്തേക്ക് കയറ്റാതെ തടഞ്ഞതിനെത്തുടര്‍ന്നാണ് ശനിയാഴ്ച വിഴിഞ്ഞത്ത് പദ്ധതിയെ എതിര്‍ക്കുന്നവരും അനുകൂലിക്കുന്നവരും ഏറ്റുമുട്ടിയത്. മണിക്കൂറുകള്‍ നീണ്ട സംഘര്‍ഷത്തില്‍ ഇരുചേരിയിലുമുള്ള 21 പേര്‍ക്ക് പരിക്കേറ്റു. തുടര്‍ന്ന് രാത്രിയില്‍ പ്രദേശത്തെ വീടുകളും സ്ഥാപനങ്ങളും ആക്രമിക്കപ്പെട്ടു. മേഖലയില്‍ ഡിസംബര്‍ നാലുവരെ മദ്യനിരോധനം പ്രഖ്യാപിച്ചു.

അക്രമം, ഭീകരാന്തരീക്ഷം

തിരുവനന്തപുരം: തുറമുഖവിരുദ്ധ സമരക്കാര്‍ വിഴിഞ്ഞം പോലീസ് സ്റ്റേഷനില്‍ നടത്തിയ ഉപരോധസമരം പ്രദേശത്തെ കലാപഭൂമിയാക്കി മാറ്റി. ആയിരക്കണക്കിന് ആളുകള്‍ ഒത്തുചേര്‍ന്ന് ഏറെനേരം പ്രദേശത്ത് ഭീകരാന്തരീക്ഷം സൃഷ്ടിച്ചു. സുരക്ഷയൊരുക്കാനുള്ള പോലീസുകാര്‍പോലും അക്രമത്തിന് ഇരയായി. പോലീസുകാരെ സ്റ്റേഷനുള്ളില്‍ ബന്ദിയാക്കി.

മണിക്കൂറുകളോളം വിഴിഞ്ഞത്ത് എന്തു നടക്കുന്നുവെന്ന വിവരംപോലും പുറംലോകത്ത് എത്തിയിരുന്നില്ല. ഊഹാപോഹങ്ങള്‍ മാത്രമാണ് പ്രചരിച്ചത്. മാധ്യമ പ്രവര്‍ത്തകരെപ്പോലും വിഴിഞ്ഞത്തേയ്ക്ക് കടത്തിവിടാതെ സമരക്കാര്‍ തടഞ്ഞു. ആദ്യം സംഭവത്തിന്റെ ദൃശ്യങ്ങള്‍ പകര്‍ത്തിയ മാധ്യമപ്രവര്‍ത്തകനെ ആക്രമിച്ചു. ഇയാളെ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

കൈയില്‍കിട്ടിയ കമ്പും കല്ലും വടികളുമായി പ്രതിഷേധക്കാര്‍ പോലീസ് സ്റ്റേഷനുള്ളിലേക്ക് അക്രമമഴിച്ചുവിടുകയായിരുന്നു. സ്റ്റേഷന്‍ വളപ്പ് സമരക്കാര്‍ കൈയടക്കിയതോടെ പോലീസുകാര്‍ ബന്ദിയായി. കൂടുതല്‍ ആളുകള്‍ എത്തിയതോടെ പോലീസുകാര്‍ക്ക് നേരേ ആക്രമണവും തുടങ്ങി.

പോലീസ് വാഹനങ്ങള്‍ ആക്രമിച്ച സമരക്കാര്‍ കണ്ണില്‍ കണ്ട വസ്തുക്കളൊക്കെ അടിച്ചുതകര്‍ത്തു. പരിക്കേറ്റ പോലീസുകാര്‍ക്കുപോലും സ്റ്റേഷന് പുറത്തേയ്ക്ക് പോകാനായില്ല. ഈ സമയം വിഴിഞ്ഞം പ്രദേശം മുഴുവന്‍ സമരക്കാര്‍ കൈയടക്കി.

ഗുരുതരമായി പരിക്കേറ്റ രണ്ടു പോലീസുകാരെ ആശുപത്രിയിലേക്ക് കൊണ്ടുപോകാന്‍ ശ്രമിച്ചെങ്കിലും സമരക്കാര്‍ ആംബുലന്‍സ് തടഞ്ഞു. ഏറെനേരം കഴിഞ്ഞാണ് ഇവരെ പുറത്തേക്കെത്തിക്കാന്‍ കഴിഞ്ഞത്. മുതിര്‍ന്ന ഉദ്യോഗസ്ഥര്‍ക്കുപോലും സ്ഥലത്തെത്താനാകാതിരുന്നതിനാല്‍ കടുത്ത പോലീസ് നടപടിയും സാധ്യമായില്ല.വിഴിഞ്ഞത്ത് അക്രമം നടക്കുന്നുവെന്ന് വാര്‍ത്തകള്‍ പ്രചരിച്ച് ഏറെക്കഴിഞ്ഞശേഷമാണ് ദ്രുതകര്‍മ്മസേനയ്ക്ക് സ്ഥലത്തെത്താനായത്. ഇവര്‍ എത്തിയെങ്കിലും സമരക്കാര്‍ക്ക് നേരേ നടപടിയൊന്നും ഉണ്ടായില്ല. വിഴിഞ്ഞം- പൂവാര്‍ റോഡില്‍ ഗതാഗതവും പൂര്‍ണമായി തടസ്സപ്പെട്ടിരുന്നു.

പോലീസ് നടപടി തുടങ്ങിയത് രാത്രി 9-ന്

രാത്രി ഒമ്പതു മണിയോടെയാണ് പോലീസ് സമരക്കാര്‍ക്കുനേരേ നടപടി തുടങ്ങിയത്. ആദ്യം സ്റ്റേഷനിലുള്ളവരെ പുറത്താക്കാന്‍ പോലീസ് ബലം പ്രയോഗിച്ചു. ഇതിനിടയിലും പോലീസുകാര്‍ക്കും സമരക്കാര്‍ക്കും പരിക്കേറ്റു. പോലീസ് സ്റ്റേഷനിലേക്ക് കല്ലേറുമുണ്ടായി. തുടര്‍ന്നാണ് പോലീസ് രണ്ടു തവണ ഗ്രനേഡും കണ്ണീര്‍വാതക ഷെല്ലും പ്രയോഗിച്ചത്. ഇതോടെ സമരക്കാര്‍ പലയിടത്തേയ്ക്കുമായി ചിതറി. ദ്രുതകര്‍മ്മസേനയെത്തി ചിതറിയോടിയവരെ മറ്റിടങ്ങളിലേക്ക് മാറ്റി. തുടര്‍ന്നാണ് പരിക്കേറ്റവരെ ആശുപത്രികളിലേക്ക് മാറ്റാനായത്. രാത്രി വൈകി ജില്ലയുടെ വിവിധഭാഗങ്ങളില്‍ നിന്ന് കൂടുതല്‍ പോലീസ് എത്തിയാണ് സ്ഥിതി നിയന്ത്രണവിധേയമാക്കിയത്.

എഫ്.ഐ.ആര്‍. കീറിയെറിഞ്ഞു

വിഴിഞ്ഞം പോലീസ് സ്റ്റേഷനിലെ നൂറിലധികം കേസുകളുടെ എഫ്.ഐ.ആര്‍. രേഖകള്‍ അക്രമികള്‍ കീറിയെറിഞ്ഞു. വിഴിഞ്ഞം തുറമുഖവിരുദ്ധ സമരവുമായി ബന്ധപ്പെട്ട് പോലീസ് തയ്യാറാക്കിയ രേഖകളാണ് നശിപ്പിച്ചതെന്ന് പോലീസ് പറഞ്ഞു.

മൂന്നുമണിക്കൂറോളമാണ് പോലീസിനെ ബന്ദിയാക്കിയത്. സ്റ്റേഷനിലുണ്ടായിരുന്ന ഫോര്‍ട്ട് എ.സി. എസ്.ഷാജി, എസ്.എച്ച്.ഒ. മാരായ രാകേഷ്, പ്രജീഷ് ശശി, എസ്.ഐ.മാരായ കെ.എല്‍.സമ്പത്ത്, ലിജോ പി.മണി എന്നിവരുള്‍പ്പെടെ വനിതാ പോലീസുകാരെ ബന്ദിയാക്കി അക്രമികള്‍ സ്റ്റേഷന്‍ കൈയ്യടക്കുകയായിരുന്നു.

അക്രമികളെ ഓടിക്കാന്‍ ആദ്യം പോലീസ് സ്റ്റേഷന് പുറത്ത് കണ്ണീര്‍വാതകം പ്രയോഗിച്ചു. തുടര്‍ന്ന് പത്ത് റൗണ്ട് ഗ്രനേഡ് പ്രയോഗിച്ചാണ് സ്റ്റേഷനിലുള്ള അക്രമികളെ തുരത്തിയത്. തുടര്‍ന്ന് വിഴിഞ്ഞം-പൂവാര്‍ റൂട്ടില്‍ തടിച്ചു കൂടിയവര്‍ പോലീസിനുനേരേ കല്ലേറ് നടത്തി. പോലീസുകാര്‍, നര്‍ക്കോട്ടിക് എ.സി. ഷീന്‍ തറയില്‍ എന്നിവര്‍ക്ക് കാലിലും ദേഹത്തും ഏറുകൊണ്ടു.

LEAVE A REPLY

Please enter your comment!
Please enter your name here