തിരുവനന്തപുരം: വിഴിഞ്ഞത്ത് ഞായറാഴ്ച രാത്രിയുണ്ടായ സംഘര്‍ഷത്തില്‍ പ്രതിഷേധക്കാര്‍ പോലീസ് സ്‌റ്റേഷന്‍ പൂര്‍ണ്ണമായും അടിച്ചുതകര്‍ത്തു. മുല്ലൂരിലെ സംഘര്‍ഷത്തില്‍ ഒരാളെ കസ്റ്റഡിയില്‍ എടുത്തതില്‍ പ്രതിഷേധിച്ചാണ് ആയിരത്തോളം വരുന്ന പ്രതിഷേധക്കാര്‍ സംഘടിച്ചെത്തി കഴിഞ്ഞ രാത്രി സംഘര്‍ഷമുണ്ടാക്കിയത്. പോലീസ് സ്‌റ്റേഷന്റെ മുന്‍വശം പൂര്‍ണ്ണമായും അടിച്ചുതകര്‍ത്ത നിലയിലാണ്. കല്ലും കമ്പും ഉപയോഗിച്ചാണ് പ്രതിഷേധക്കാര്‍ പോലീസ് സ്‌റ്റേഷന്‍ ആക്രമിച്ചത്. പോലീസ് സ്‌റ്റേഷനിലെ ഹെല്‍പ് ഡെസ്‌ക് അടക്കണം പ്രതിഷേധക്കാര്‍ അടിച്ചുതകര്‍ത്തത്.

 

പോലീസ് സ്‌റ്റേഷന്റെ ചില്ലുകള്‍ തകര്‍ത്തു. പരിക്കേറ്റ പോലീസുകാര്‍ക്ക് ആശുപത്രിയില്‍ പോകാന്‍ പോലും സാധിച്ചിരുന്നില്ല. പോലീസ് വാഹനങ്ങളും അടിച്ചുതകര്‍ത്ത നിലയിലായിരുന്നു. വിഴിഞ്ഞം, ഫോര്‍ട്ട് പോലീസിന്റെ ജീപ്പുകള്‍ രണ്ടും അടിച്ചുതകര്‍ത്തിരുന്നു. പുറത്തുണ്ടായിരുന്ന ഒരു പോലീസ് ജീപ്പും വാനും പ്രതിഷേധക്കാര്‍ അടിച്ചുതകര്‍ത്തു.സ്‌റ്റേഷനിലെ ചെടിച്ചട്ടികള്‍ ഉള്‍പ്പെടെ ഉപയോഗിച്ചായിരുന്നു വാഹനം തകര്‍ത്തത്. വലിയ കല്ലുകള്‍ ഉപയോഗിച്ചായിരുന്നു ചില്ലുകള്‍ തകര്‍ത്തത്. പോലീസ് സ്‌റ്റേഷനിലെ സി.സി.ടി.വിയും പ്രതിഷേധക്കാര്‍ അടിച്ചുതകര്‍ത്തു.



 

നിലവില്‍ പ്രദേശത്ത് സംഘര്‍ഷത്തിന് അയവുണ്ട്. കഴിഞ്ഞ രാത്രിസംഘര്‍ഷമുണ്ടായെങ്കിലും രാവിലെയോടെ പ്രതിഷേധക്കാരെ ഇവിടങ്ങളില്‍ എത്തിച്ചേര്‍ന്നിട്ടില്ല. കനത്ത പോലീസ് സുരക്ഷ പ്രദേശങ്ങളില്‍ ഏര്‍പ്പെടുത്തിയിട്ടുണ്ട്. വള്ളങ്ങള്‍ കുറുകെയിട്ട് ചിലയിടങ്ങളിള്‍ ഗതാഗതം തടസ്സപ്പെടുത്തിയ നിലയിലാണ്. റോഡിനുകുറുകെയിട്ട വള്ളത്തിന് ഇരുവശത്തുമായി പോലീസും പ്രതിഷേധക്കാരും മുഖാമുഖം നിലയുറപ്പിക്കുകയായിരുന്നു. രണ്ടുവള്ളങ്ങളുപയോഗിച്ചാണ് ഗതാഗതം തടസ്സപ്പെടുത്തിയത്. വിഴിഞ്ഞം പോലീസ് സ്‌റ്റേഷന് അടുത്തായുള്ള കെ.എസ്.ആര്‍.ടി.സി. സ്റ്റാന്‍ഡില്‍ നിര്‍ത്തിയിട്ടിരുന്ന രണ്ടു ബസുകള്‍ക്ക് നേരയും പ്രതിഷേധക്കാര്‍ ആക്രമം അഴിച്ചുവിട്ടു. ബസിന്റെ ചില്ലുകള്‍ അടിച്ചുതകര്‍ത്തു. സര്‍ക്കാരിനും അദാനിക്കും പോലീസിനുമെതിരായ മുദ്രാവാക്യങ്ങളായിരുന്നു പ്രതിഷേധക്കാര്‍ ഉയര്‍ത്തിയിരുന്നത്.

 

പോലീസിന്റേതടക്കം നിരവധി വാഹനങ്ങളാണ് വിഴിഞ്ഞത്ത് ഇന്നലെ പ്രതിഷേധക്കാര്‍ തകര്‍ത്തത്. റോഡില്‍ വടികളും ബിയര്‍ കുപ്പികളും ഉള്‍പ്പെടെയുണ്ട്. ബസുകള്‍ സര്‍വീസ് നടത്തുന്നില്ലെന്നും കടകള്‍ തുറന്നിട്ടില്ലെന്നും നാട്ടുകാര്‍ പറഞ്ഞു. കടതുറക്കാനെത്തിയ ജീവനക്കാര്‍ സ്ഥിതിഗതികള്‍ മനസ്സിലാക്കിയ ശേഷം തുറക്കാമെന്ന നിലപാടാണ് നിലവില്‍ എടുത്തിരിക്കുന്നത്.

LEAVE A REPLY

Please enter your comment!
Please enter your name here