പാലക്കാട് : ഇത്തവണ നിയമസഭാ തിരഞ്ഞെടുപ്പിലെ ഏറ്റവും പ്രായം കൂടിയ സ്ഥാനാര്‍ത്ഥിയെ ഏറ്റവും പ്രായം കുറഞ്ഞ സ്ഥാനാര്‍ത്ഥി നേരിടുന്ന മണ്ഡലമായി മലമ്പുഴമാറി. 92 വയസ്സുള്ള കേരളത്തിലെ കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെ സ്ഥാപകനേതാക്കളിലൊരാളായ വി.എസ് അച്യുതാനന്ദനെ നേരിടാന്‍ യു.ഡി.എഫ് നിയോഗിച്ചിരിക്കുന്നത് 29 കാരനായ  കെ.എസ്.യു സംസ്ഥാന പ്രസിഡന്‍റ് വി.എസ് ജോയിയെയാണ്. ജന്മം കൊണ്ട് പാലക്കാട്ടുകാരനാണ് ജോയ്.  മണ്ണാര്‍കാട് കരിമ്പ ഇടക്കുറിശ്ശിയിലാണ് ജനിച്ചതെങ്കിലും പഠിച്ചതും വളര്‍ന്നതും നിലമ്പൂരിലാണ്.  ആറ് വയസ് വരെ ജോയി മണ്ണാര്‍ക്കാട്ടേ തറവാട്ട് വീട്ടിലായിരുന്നു.  പിന്നീട് കുടുംബം നിലമ്പൂരിലേക്ക് ചേക്കേറി.

എവരമുണ്ട നിര്‍മ്മല എച്ച്.എസ്.എസില്‍ പഠിക്കുന്ന കാലത്താണ് ജോയി കെ.എസ്.യു വില്‍ സജീവമായത്.  കോഴിക്കോട് ലോകോളേജില്‍ നിന്ന് നിയമബിരുദം നേടി 2001 ല്‍ കെ.എസ്.യു ബ്ലോക്ക് പ്രസിഡന്‍റായി തുടര്‍ന്ന് ജില്ലാ സെക്രട്ടറി, വൈസ് പ്രസിഡന്‍റ്, സംസ്ഥാന ജനറല്‍ സെക്രട്ടറി എന്നീ നിലകളില്‍ പ്രവര്‍ത്തിച്ചു.  കഴിഞ്ഞ മൂന്നരവര്‍ഷമായി കെ.എസ്.യു വിന്‍റെ അമരക്കാരനാണ്.

മലമ്പുഴയിലെ അടിസ്ഥാന സൗകര്യ വികസനങ്ങളുടെ അഭാവമാണ് ജോയ് പ്രചാരണായുധമാക്കുന്നത്.    അരനൂറ്റാണ്ടോളം മലമ്പുഴയെ പ്രതിനിധീകരിച്ച ഇടതുപക്ഷത്തിന് ജനങ്ങളുടെ അടിസ്ഥാന പ്രശ്നം പരിഹരിക്കാന്‍ സാധിച്ചിട്ടില്ലെന്ന് ജോയ് പറയുന്നു.  പ്രചാരണ പരിപാടികളില്‍ ആദ്യഘട്ടത്തിലെ കണ്‍വെന്‍ഷനുകളിലും കുടുംബയോഗങ്ങളിലും പങ്കെടുക്കുകയാണ് ഈ 29 കാരന്‍.

അതേ സമയം, കോണ്‍ഗ്രസിന്‍റെ യുവപരീക്ഷണം ഒരുതരത്തിലും  മലമ്പുഴയെ ബാധിക്കില്ലെന്ന് എല്‍.ഡി.എഫ് നേതൃത്വം വ്യക്തമാക്കുന്നു. വി.എസിന്‍റെ അനുഭവ സമ്പത്തും സി.പി.എമ്മിന്‍റെ ശക്തമായ വേരോട്ടവും പ്രതിരോധിക്കാന്‍ കോണ്‍ഗ്രസിനാകില്ലെന്നും മുന്‍വര്‍ഷങ്ങളിലെ പരീക്ഷണങ്ങളുടെ ബാക്കിപത്രം അതാണ് തെളിയിക്കുന്നതെന്നും ഇടതുപക്ഷം കണക്കുകള്‍ നിരത്തുന്നു.

ബി.ജെ.പി ക്ക് വേണ്ടി സംസ്ഥാന ജനറല്‍ സക്രട്ടറിയും പാലക്കാട് നഗരസഭാ വൈസ് ചെയര്‍മാനുമായ സി. കൃഷ്ണകുമാറാണ് മത്സരരംഗത്ത്.

കഴിഞ്ഞ ലോക്സഭാ തദ്ദേശ തിരഞ്ഞെടുപ്പുകളില്‍ മണ്ഡലത്തില്‍ നടത്തിയ ശക്തമായ മുന്നേറ്റം ഇടതുമുന്നണികള്‍ക്കും ഭീഷണിയാകുമെന്ന കണക്കുകൂട്ടലാണ് ബി.ജെ.പി യും.

പി.എം ജിബിന്‍ദാസ്

(കടപ്പാട് : മാതൃഭൂമി)

LEAVE A REPLY

Please enter your comment!
Please enter your name here