പ്രതികള്‍ക്കെതിരെ ചുമത്തിയ ബലാത്സംഗം, കൊലപാതകം, സംഘം ചേര്‍ന്നുള്ള ഗൂഢാലോചന, തെളിവ് നശിപ്പിക്കല്‍, ലഹരി വസ്തുക്കള്‍ ഉപയോഗിച്ചതുമായി ബന്ധപ്പെട്ട കുറ്റങ്ങള്‍ എന്നിവ പ്രോസിക്യുഷന് തെളിയിക്കാനായെന്ന് കോടതി വ്യക്തമാക്കി. ദൃക്‌സാക്ഷികള്‍ ആരുമില്ലാത്ത കേസില്‍ സാഹചര്യ തെളിവുകളും ശാസ്ത്രീയ തെളിവുകളും അടിസ്ഥാനമാക്കിയാണ് കേസ് തെളിയിക്കാനായത്.

തിരുവനന്തപുരം: കോവളത്ത് ലാത്വിയന്‍ വനിതയെ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയ കേസില്‍ പ്രതികള്‍ കുറ്റക്കാരാണെന്ന് കോടതി. തിരുവനന്തപുരം അഡീഷണല്‍ സെഷന്‍സ് കോടതിയാണ് പ്രതികളായ പുനത്തുറ സ്വദേശികളായ ഉമേഷ്, ഉദയകുമാര്‍ എന്നിവര്‍ കുറ്റക്കാരാണെന്ന് വിധിച്ചത്. ഇവര്‍ക്കുള്ള ശിക്ഷാവിധി തിങ്കളാഴ്ച പ്രഖ്യാപിക്കും.

പ്രതികള്‍ക്കെതിരെ ചുമത്തിയ ബലാത്സംഗം, കൊലപാതകം, സംഘം ചേര്‍ന്നുള്ള ഗൂഢാലോചന, തെളിവ് നശിപ്പിക്കല്‍, ലഹരി വസ്തുക്കള്‍ ഉപയോഗിച്ചതുമായി ബന്ധപ്പെട്ട കുറ്റങ്ങള്‍ എന്നിവ പ്രോസിക്യുഷന് തെളിയിക്കാനായെന്ന് കോടതി വ്യക്തമാക്കി. ദൃക്‌സാക്ഷികള്‍ ആരുമില്ലാത്ത കേസില്‍ സാഹചര്യ തെളിവുകളും ശാസ്ത്രീയ തെളിവുകളും അടിസ്ഥാനമാക്കിയാണ് കേസ് തെളിയിക്കാനായത്.

 

2018 ഫെബ്രുവരി 21ന് പോത്തന്‍കോട് ആയുര്‍വേദ ചികിത്സയ്ക്ക് എത്തിയ യുവതിയെ മാര്‍ച്ച് പതിനാലിന് കാണാതായിരുന്നു. 38 ദിവസത്തിനു ശേഷം ഏപ്രില്‍ 20നാണ് പുനത്തുറയിലുള്ള ഒരു കുറ്റിക്കാട്ടില്‍ തലവേര്‍പെട്ട നിലയില്‍ ജീര്‍ണ്ണിച്ച നിലയില്‍ മൃതദേഹം കണ്ടെത്തിയത്. പോലീസിന്റെ ഭാഗത്തുനിന്നും തുടക്കത്തില്‍ വലിയ അനാസ്ഥ ഉണ്ടായെങ്കിലും കൊല്ലപ്പെട്ട യുവതിയുടെ സഹോദരി തിരുവനന്തപുരത്തെത്തി ചില സന്നദ്ധ സംഘടനകളുടെ സഹായത്തോടെ നടത്തിയ നിയമപോരാട്ടമാണ് കേസില്‍ തുമ്പുണ്ടാക്കിയത്.

മൃതദേഹത്തിലുണ്ടായിരുന്ന വസ്ത്രങ്ങള്‍ കൊല്ലപ്പെട്ട യുവതിയുടെ സഹോദരി തിരിച്ചറിഞ്ഞു. പിന്നീട് ഡിഎന്‍എ പരിശോധനയിലാണ് കൊല്ലപ്പെട്ടത് ലാത്വിയന്‍ യുവതി തന്നെയാണെന്ന് സ്ഥിരീകരിച്ചത്.

കോവളത്ത് കറങ്ങിനടന്ന യുവതിയെ പ്രതികള്‍ ടൂറിസ്റ്റ് ഗൈഡുകളെന്ന് വിശ്വസിപ്പിച്ച് സംഭവസ്ഥലത്ത് എത്തിച്ചു. കഞ്ചാവ് നല്‍കി അവരെ അയക്കിയ ശേഷം ബലാത്സംഗം ചെയ്തു. യുവതി മയക്കംവിട്ടപ്പോള്‍ ഇവരുമായി വഴക്കിട്ടു. ഇതോടെ പ്രതികള്‍ യുവതിയെ കഴുത്തുഞെരിച്ച് കൊലപ്പെടുത്തി. തുടര്‍ന്ന് ആത്മഹത്യയാണെന്ന് വരുത്തിതീര്‍ക്കാന്‍ കാട്ടുവള്ളി കഴുത്തില്‍ ചുറ്റിവച്ചു. സമീപത്തുള്ള ജലാശയത്തില്‍ നിന്ന് വെള്ളമെടുത്ത് വായില്‍ ഒഴിച്ചിരുന്നു.

പ്രതികള്‍ മുന്‍പും സമാനമായ കുറ്റങ്ങള്‍ ചെയ്തിട്ടുണ്ടെന്നും കേസുകളില്‍ പ്രതിയായിട്ടുണ്ടെന്നും പോലീസ് പറയുന്നു. പ്രതികള്‍ സ്ഥിരമായി ലഹരി വസ്തുക്കള്‍ ഉപയോഗിക്കാനായി ഒത്തുചേരാറുണ്ടായിരുന്ന സ്ഥലമായിരുന്നു ഇത്. ഇവിടെ മുന്‍പും പ്രതികള്‍ സ്ത്രീകളെ കൊണ്ടുവന്ന് പീഡിപ്പിച്ചിരുന്നു. ഒന്നാം പ്രതി ഉമേഷ് പ്രായപൂര്‍ത്തിയാകാത്ത കുട്ടിയെ കൊണ്ടുവന്ന് പീഡിപ്പിച്ചതായും 65കാരിക്കു നേരെ ലൈംഗികാതിക്രമം നടത്തിയതായും കേസുണ്ട്.

സാക്ഷികളില്‍ രണ്ടു പേര്‍ വിചാരണ വേളയില്‍ കൂറുമാറി. മൃതദേഹത്തില്‍ നിന്ന് ലഭിച്ച ജാക്കറ്റ് പ്രതികള്‍ കോവളത്തുനിന്ന് വാങ്ങിയതാണെന്ന് തെളിവെടുപ്പിനിടെ മൊഴി നല്‍കിയ കടയുടമ ഉമ്മര്‍ മകാടതിയില്‍ ഇക്കാര്യം മാറ്റിപ്പറഞ്ഞു. ഉള്ളില്‍ കണ്ടെത്തിയ വെള്ളത്തിലെ ബാക്ടീരിയ സാന്നിധ്യം സംബന്ധിച്ച മൊഴി മുന്‍ കെമിക്കല്‍ എക്‌സാമിനറും കോടതിയില്‍ തിരുത്തി. ചോദ്യത്തിന് കൃത്യമായി മറുപടി നല്‍കാതെ പൊതുവായ കാര്യങ്ങള്‍ കോടതിയില്‍ പറയുകയായിരുന്നു. ഇയാളെയും കൂറുമാറിയതായി പ്രഖ്യാപിച്ചു.

എന്നാല്‍ യുവതിയെ കഴുത്തുഞെരിച്ച് കൊലപ്പെടുത്തിയതാണെന്ന് മൃതദേഹം പോസ്റ്റുമോര്‍ട്ടം ചെയ്ത തിരുവനന്തപുരം മെഡിക്കല്‍ കോളജിലെ ഫോറന്‍സിക് വിഭാഗം വിദഗ്ധ ഡോ.ശശികല കോടതിയില്‍ മൊഴി നല്‍കി.

LEAVE A REPLY

Please enter your comment!
Please enter your name here