പത്തനംതിട്ട : ശബരിമലയിൽ ഇത്തവണ ഇതുവരെ 222.98 കോടി രൂപ നട വരുമാനമായി ലഭിച്ചതായി തിരുവിതാംകൂർ ദേവസ്വം ബോർ‌‌ഡ് അറിയിച്ചു. 29 ലക്ഷത്തിലേറെ തീർത്ഥാടകർ എത്തിയെന്നു ദേവസ്വം ബോർഡ് വ്യക്തമാക്കി. 70.10 കോടി രൂപയാണ് കാണിക്കയായി ലഭിച്ചത്. മണ്ഡലകാലം തുടങ്ങി 39 ദിവസം വരെയുള്ള കണക്കാണിത്. 29,08,500 തീർത്ഥാടകർ എത്തിയതിൽ 20 ശതമാനത്തോളം കുട്ടികളാണ്. രണ്ടുവർഷത്തോളം നിയന്ത്രണങ്ങൾ ഉണ്ടായിരുന്നതാണ് കുട്ടികളുടെ എണ്ണം ഇക്കുറി വർദ്ധിക്കാൻ കാരണമെന്ന് ദേവസ്വം ബോർഡ് ചൂണ്ടിക്കാട്ടുന്നു.

41 ദിവസത്തെ മണ്ഡലകാലത്തിനു പരിസമാപ്തി കുറിച്ചുകൊണ്ട് ശബരിമലയിൽ നാളെ മണ്ഡലപൂജ നടക്കും. പുലർച്ചെ മൂന്നിന് നട തുറക്കും. തുടർന്ന് അഭിഷേകവും പതിവുപൂജയും നടക്കും. ഉച്ചക്ക് 12.30നും ഒരു മണിക്കും മധ്യേയുള്ള മുഹൂർത്തത്തിലാണ് തങ്കഅങ്കി ചാർത്തിയുള്ള മണ്ഡലപൂജ നടക്കുക. വൈകുന്നേരം തുറന്ന് രാത്രി ഹരിവരാസനം പാടി അടയ്ക്കുന്ന നട മകരവിളക്ക് ഉത്സവത്തിനായി 30ന് വൈകിട്ട് അഞ്ചിന് തുറക്കും. ജനുവരി 14നാണ് മകരവിളക്ക്.

LEAVE A REPLY

Please enter your comment!
Please enter your name here