മിർപുർ : രണ്ടാം ക്രിക്കറ്റ് ടെസ്റ്റിന്റെ അവസാന ദിവസം അൽപ്പം ടെൻഷനടിച്ചെങ്കിലും മൂന്ന് വിക്കറ്റ് ബാക്കിയാക്കി വിജയം നേടിയ ഇന്ത്യ 2-0ത്തിന് പരമ്പര സ്വന്തമാക്കി ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പിലെ പോയിന്റ് പട്ടികയിൽ രണ്ടാം സ്ഥാനത്തെത്തി.

ബംഗ്ളാദേശ് നൽകിയ 145 റൺസിന്റെ ലക്ഷ്യം തേടിയിറങ്ങിയ ഇന്ത്യ നാലാം ദിവസം കളിനിറുത്തുമ്പോൾ 45/4 എന്ന നിലയിലായിരുന്നു. അവസാനദിവസം ആറുവിക്കറ്റ് ശേഷിക്കേ 100 റൺസ് മാത്രം മതിയായിരുന്നുവെങ്കിലും മിർപുരിലെ പിച്ച് സ്പിൻ ബൗളിംഗിന് അനുകൂലമായി തിരിഞ്ഞത് ആശങ്ക പരത്തിയിരുന്നു. അത് ശരിവയ്ക്കുംപോലെ 29 റൺസെടുക്കുന്നതിനിടെ മൂന്ന് വിക്കറ്റുകൾ നഷ്ടമായി. എന്നാൽ 74/7 എന്ന നിലയിൽ ക്രീസിൽ ഒരുമിച്ച രവിചന്ദ്രൻ അശ്വിനും (42നോട്ടൗട്ട്)ശ്രേയസ് അയ്യരും (29 നോട്ടൗട്ട്) ചേർന്ന് ലഞ്ചിന് മുമ്പ് വിജയം സമ്മാനിക്കുകയായിരുന്നു.

മെഹ്ദി ഹസൻ എറിഞ്ഞ 47-ാം ഓവറിൽ ഒരു സിക്സും രണ്ട് ഫോറും അടക്കം 20റൺസടിച്ച് വിജയം ആഘോഷമാക്കിയ അശ്വിനാണ് മാൻ ഒഫ് ദ മാച്ച്. ഇരു ഇന്നിംഗ്സുകളിലുമായി ആറ് വിക്കറ്റുകളും അശ്വിൻ സ്വന്തമാക്കിയിരുന്നു. ഒരോ സെഞ്ച്വറിയും അർദ്ധസെഞ്ച്വറിയുമടക്കം 222 റൺസ് നേടിയ ചേതേശ്വർ പുജാരയാണ് രണ്ട് മത്സരപരമ്പരയിലെ താരം.

ലക്ഷ്യം ലോകചാമ്പ്യൻഷിപ്പ് ഫൈനൽ

ബംഗ്ലാദേശിനെതിരായ ടെസ്റ്റ് പരമ്പര 2-0 ന് തൂത്തുവാരിയതോടെ ഇന്ത്യ അടുത്ത ജൂണിൽ നടക്കുന്ന ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പിന്റെ പോയിന്റ് പട്ടികയിൽ രണ്ടാം സ്ഥാനത്തെത്തി.ഇതോടെ ലോക ചാമ്പ്യൻഷിപ്പ് ഫൈനലിലെത്താനും സാദ്ധ്യതയേറി. നിലവിൽ 58.93 റേറ്റിംഗാണ് ഇന്ത്യയ്ക്കുള്ളത്. 76.92 റേറ്റിംഗുള്ള ഓസ്‌ട്രേലിയയാണ് പട്ടികയിൽ ഒന്നാമത്.

ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പ് ഫൈനലിന് മുന്നോടിയായി ഇന്ത്യയ്ക്ക് ഇനി ഓസ്‌ട്രേലിയയ്‌ക്കെതിരായ നാല് ടെസ്റ്റുകളടങ്ങിയ പരമ്പരയാണ് ശേഷിക്കുന്നത്. ഈ പരമ്പര നേടിയാൽ ഇന്ത്യയ്ക്ക് അനായാസം ഫൈനലിലെത്താം. ഓസ്‌ട്രേലിയ ഏകദേശം ഫൈനൽ ഉറപ്പിച്ചിട്ടുണ്ട്.

കഴിഞ്ഞ ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പിൽ ഇന്ത്യ ഫൈനലിലെത്തിയിരുന്നെങ്കിലും ന്യൂസിലാൻഡിനോട് പരാജയപ്പെട്ടിരുന്നു. ഇന്ത്യയ്ക്ക് പുറമേ ദക്ഷിണാഫ്രിക്ക, ശ്രീലങ്ക എന്നീ ടീമുകൾക്കും ഫൈനൽ സാധ്യതയുണ്ട്. പോയിന്റ് പട്ടികയിൽ ദക്ഷിണാഫ്രിക്ക മൂന്നാമതും ശ്രീലങ്ക നാലാമതുമാണ്. നിലവിൽ ഓസ്‌ട്രേലിയയുമായി മത്സരിക്കുന്ന ശ്രീലങ്ക അടുത്ത പരമ്പരയിൽ വെസ്റ്റ് ഇൻഡീസിനെ നേരിടും. മറുവശത്ത് ശ്രീലങ്കയ്ക്ക് ന്യൂസിലാൻഡാണ് അടുത്ത പരമ്പരയിലെ എതിരാളി.

ഓസ്‌ട്രേലിയയ്‌ക്കെതിരെ ഇന്ത്യൻ മണ്ണിൽ നടക്കുന്ന പരമ്പര 4-0 നോ 3-0 നോ 3-1 നോ നേടിയാൽ ഇന്ത്യയ്ക്ക് മറ്റ് മത്സരഫലങ്ങളെ ആശ്രയിക്കാതെ ഫൈനലിലേക്ക് കയറാം. പക്ഷേ 2-0 നോ 1-0 നോ വിജയിച്ചാൽ മറ്റ് മത്സരഫലങ്ങളെ ആശ്രയിക്കേണ്ടിവരും. വലിയ മാർജിനിൽ പരമ്പര തോറ്റാൽ ഇന്ത്യ ഫൈനൽ കാണാതെ പുറത്താകും.

LEAVE A REPLY

Please enter your comment!
Please enter your name here