മഞ്ചേരി: നഗരത്തിൽ കഴിഞ്ഞദിവസം 13 പേരെ ആക്രമിച്ച തെരുവുനായക്ക് പേബാധ സ്ഥിരീകരിച്ചു. പൂക്കോട് വെറ്ററിനറി കോളജിൽ നടത്തിയ പരിശോധനയിലാണ് സ്ഥിരീകരണം. മെഡിക്കൽ കോളജ് ആശുപത്രി പരിസരം, ചന്തക്കുന്ന് എന്നിവിടങ്ങളിലാണ് നായ് ആക്രമണം നടത്തിയത്.

ആശുപത്രിയിലെത്തിയ രോഗികൾക്കും ജീവനക്കാർക്കും കടിയേറ്റിരുന്നു. തിങ്കളാഴ്ച വൈകീട്ട് നായെ മെഡിക്കൽ കോളജ് പരിസരത്ത് ചത്ത നിലയിൽ കണ്ടെത്തി. അന്ന് രാത്രി തന്നെ മുനിസിപ്പൽ ആരോഗ്യ വകുപ്പ് അധികൃതർ നായുടെ ജഡം പൂക്കോട് വെറ്ററിനറി കോളജിൽ കൊണ്ടുപോയി പോസ്റ്റ്മോർട്ടം, ഫ്ലൂറസന്റ് ആന്റിബോഡി ടെസ്റ്റ് എന്നിവ നടത്തി. ബുധനാഴ്ച വൈകിട്ടാണ് പരിശോധനഫലം വന്നത്.

 

കടിയേറ്റവർക്ക് അന്നുതന്നെ വാക്സിനേഷൻ തുടങ്ങിയിരുന്നു. അതിനാൽ ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്ന് ആരോഗ്യ വകുപ്പ് അധികൃതർ പറഞ്ഞു. വളർത്തു മൃഗങ്ങൾക്ക് കടിയേറ്റതായി റിപ്പോർട്ട് ചെയ്തിട്ടില്ലെന്ന് വെറ്ററിനറി സർജൻ ഡോ. രാജൻ പറഞ്ഞു.

മെഡിക്കൽ കോളജ് അത്യാഹിത വിഭാഗം, അക്കാദമിക് ബ്ലോക്ക് എന്നിവിടങ്ങളിൽ തെരുവുനായ് ശല്യം രൂക്ഷമാണ്. ആശുപത്രിയിലെത്തുന്നവർക്ക് പോലും ഇവ ഭീഷണി സൃഷ്ടിക്കുന്നുണ്ട്.മെഡിക്കൽ വിദ്യാർഥികളുടെ ഹോസ്റ്റലിന് സമീപവും ഇവ കൂട്ടമായി എത്തുന്നതിനാൽ പുറത്തിറങ്ങാൻ സാധിക്കുന്നില്ലെന്ന് വിദ്യാർഥികൾ പറയുന്നു. പരിഹാരം ആവശ്യപ്പെട്ട് പ്രിൻസിപ്പൽ ജില്ല കലക്ടർക്ക് കത്ത് നൽകിയിരുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here