തിരുവനന്തപുരം: പരവൂർ പുറ്റിങ്ങൽ വെടിക്കെട്ട് ദുരന്തിൽ ചിന്നിച്ചിതറിയ മുഴുവൻ ശരീരഭാഗങ്ങളുടെയും ഡി.എൻ.എ പരിശോധന നടത്താൻ തീരുമാനം. ഒന്നാം ഘട്ടത്തിൽ ഒമ്പതുപേരുടെ മൃതദേഹങ്ങൾ ഡി.എൻ.എ പരിശോധനയിലൂടെ ശനിയാഴ്ച തിരിച്ചറിഞ്ഞിരുന്നു. അതിനെ തുടർന്നാണ് രണ്ടാംഘട്ട പരിശോധന നടത്താന തീരുമാനിച്ചത്. ഇത് സങ്കീർണമാകുമെന്നാണ് വിലയിരുത്തൽ. നൂറ്റി അമ്പതോളം ശരീരഭാഗങ്ങളാണ് പരിശോധനക്കായി രാജീവ്ഗാന്ധി സെന്റർ ഫോർ ബയോടെക്‌നോളജിയിൽ പൊലീസ് എത്തിച്ചിരിക്കുന്നത്. അതിന് ആവശ്യമായ ബന്ധുക്കളുടെ സാമ്പിളുകൾ ഇതുവരെ കിട്ടിയിട്ടില്ല. എന്തായാലും ലഭിച്ചിരിക്കുന്ന ശരീരഭാഗങ്ങളുടെ ഡി.എൻ.എ പരിശോധന പൂർത്തിയാക്കും.പിന്നീട് ബന്ധുക്കൾ അന്വേഷിച്ചത്തെിയാൽ ശരീരഭാഗങ്ങൾ തിരിച്ചറിയാനാണിത്.
ദുരന്തത്തിന് ശേഷം കാണാനില്ലെന്ന പരാതിയുമായി 21 പേരുടെ ബന്ധുക്കളാണ് സർക്കാറിനെ സമീപിച്ചിരുന്നത്. ഇതിൽ ഒമ്പതുപേരെ ഡി.എൻ.എ പരിശോധനയിലൂടെ ഇതിനകം തിരിച്ചറിഞ്ഞിരുന്നു. മാറി സംസ്‌കരിച്ച മൃതദേഹങ്ങളും ഡി.എൻ.എ പരിശോധനയിലൂടെ തിരിച്ചറിയുകയുണ്ടായി.
ഇപ്പോൾ പരിശോധനക്കായി എത്തിച്ചിരിക്കുന്ന ശരീരഭാഗങ്ങളിൽ മരിച്ച് ബന്ധുക്കൾ ഏറ്റുവാങ്ങിയവരുടെയും പരിക്കേറ്റ് ചകിത്സയിൽ കഴിയുന്നവരുടെയും ഉൾപ്പെടെ ഉണ്ടാകാം. തിരുവനന്തപുരം, കൊല്ലം ജില്ലകളിലായി നാലു പേരുടെ മൃതദേഹങ്ങളാണ് വിവിധ ആശുപത്രികളിലെ മോർച്ചറികളിൽ സൂക്ഷിച്ചിരിക്കുന്നത്. ഇതിൽ തിരുവനന്തപുരം മെഡിക്കൽകോളജ് മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുന്നത് നേമം സ്വദേശിയുടേതാണെന്ന് തിരിച്ചറിഞ്ഞു. കൊട്ടാരക്കര താലൂക്ക് ആശുപത്രിയിൽ രണ്ടുപേരുടെയും കരുനാഗപ്പള്ളി താലൂക്ക് ആശുപത്രിയിൽ ഒരാളുടെയും മൃതദേഹങ്ങളാണ് തിരിച്ചറിയാനായി അവശേഷിക്കുന്നത്.
അതേസമയം മെഡിക്കൽ കോളേജിലെ മോര്‍ച്ചറിയിൽ സൂക്ഷിച്ചിരുന്ന ഒരു മൃതദേഹം കൂടി ഇന്നലെ ബന്ധുക്കൾക്ക് വിട്ടു കൊടുത്തു. ഡി.എന്‍.എ. ടെസ്റ്റിലൂടെ തിരിച്ചറിഞ്ഞ നിലമേൽ സ്വദേശി അനിൽകുമാറിന്റെ (44) മൃതദേഹമാണ് വിട്ടുകൊടുത്തത്.

LEAVE A REPLY

Please enter your comment!
Please enter your name here