മലപ്പുറം : നിയമസഭാ തെരഞ്ഞെടുപ്പ് അടുത്തതോടെ സംസ്ഥാനത്തേക്ക് വന്‍തോതില്‍ കുഴല്‍പ്പണം ഒഴുകുന്നു. മലപ്പുറം, പാലക്കാട് ജില്ലാ അതിര്‍ത്തികള്‍ വഴി കാരിയര്‍മാര്‍ മുഖേനയാണ് കോടിക്കണക്കിനു രൂപ എത്തിക്കുന്നത്. ഞായറാഴ്ച തിരൂരില്‍ രണ്ട് സംഭവങ്ങളിലായി ഒരു കോടി ആറര ലക്ഷം രൂപ പിടികൂടി. മൂന്നുപേരെ തിരൂര്‍ പൊലീസ് അറസ്റ്റ്ചെയ്തു. തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചശേഷം 12 കോടിയോളം രൂപയാണ് പിടിച്ചെടുത്തത്.

തിരൂരില്‍ ഞായറാഴ്ച വാഹനപരിശോധനക്കിടെയാണ് ഒരുകോടി നാലുലക്ഷം രൂപ പിടികൂടിയത്. കോണ്‍ഗ്രസ് നേതാവും ദീര്‍ഘകാലം പഞ്ചായത്ത് അംഗവുമായിരുന്ന വെട്ടത്തൂര്‍ കണ്ണംതൊടി കുഞ്ഞിമുഹമ്മദിന്റെ മകന്‍ മുഹമ്മദ്നയീം (39), വെട്ടത്തൂര്‍ തുടിക്കോടന്‍ ഹംസഹാജിയുടെ മകന്‍ ഷൌക്കത്തലി (39) എന്നിവര്‍ സഞ്ചരിച്ച കാറിന്റെ രഹസ്യ അറയിലായിരുന്നു പണം. കോണ്‍ഗ്രസ് പ്രവര്‍ത്തകരാണ് ഇരുവരും. തിരൂര്‍ എസ്ഐ സുനില്‍ പുളിക്കലിന്റെ നേതൃത്വത്തില്‍ തലക്കടത്തൂര്‍ പാലത്തിന് സമീപമായിരുന്നു വാഹനപരിശോധന. തിരൂര്‍ സ്വദേശിക്ക് നല്‍കാനായി കൊണ്ടുവന്ന പണമാണിതെന്നും പിടിയിലായവര്‍ ഇടനിലക്കാരാണെന്നും തിരൂര്‍ ഡിവൈഎസ്പി ടി സി വേണുഗോപാല്‍ പറഞ്ഞു. ഇവയില്‍ കള്ളനോട്ട് ഉണ്ടോ എന്ന് എസ്ബിഐ തിരൂര്‍ ശാഖ മുഖേന പരിശോധന ആരംഭിച്ചു. തിരൂര്‍ ഒന്നാംക്ളാസ് മജിസ്ട്രേട്ടിന് മുമ്പാകെ ഹാജരാക്കിയ പ്രതികളെ റിമാന്‍ഡ്ചെയ്തു. പ്രതികളെയും കുഴല്‍പ്പണവും എന്‍ഫോഴ്സ്മെന്റിനും ആദായനികുതി വകുപ്പിനും കൈമാറും.

എസ്ബിഐ തിരൂര്‍ ശാഖയില്‍ കള്ളനോട്ട് ലഭിച്ച കേസുമായി ബന്ധപ്പെട്ട് നടത്തിയ അന്വേഷണത്തിലാണ് രണ്ടരലക്ഷം രൂപയുടെ കുഴല്‍പ്പണവുമായി മറ്റൊരാളെ അറസ്റ്റുചെയ്തത്. മണ്ണാര്‍ക്കാട് അലനെല്ലൂര്‍ ആര്യമ്പാവ് മമ്പത്ത് ഷൌക്കത്തലി (49) യാണ് പിടിയിലായത്. എസ്ബിഐ തിരൂര്‍ ടൌണ്‍ ബ്രാഞ്ചില്‍ 11 ലക്ഷം രൂപ അടച്ച് പണയസ്വര്‍ണം തിരിച്ചെടുത്തിരുന്നു. ഇതില്‍ ആയിരം രൂപയുടെ 11 കള്ളനോട്ട് കണ്ടെത്തി. പണം നല്‍കിയ ഷൌക്കത്തലിയെ പൊലീസ് പിടികൂടി നടത്തിയ പരിശോധനയിലാണ് ശരീരത്തില്‍ സൂക്ഷിച്ച രണ്ടരലക്ഷം രൂപയും പണം വിതരണം നല്‍കേണ്ടവരുടെ ലിസ്റ്റും കണ്ടെത്തിയത്. ഇയാളും ഏജന്റാണ്. പ്രതിയെ തിരൂര്‍ ഒന്നാംക്ളാസ് മജിസ്ട്രേട്ട് കോടതി റിമാന്‍ഡ്ചെയ്തു.

മാര്‍ച്ച് 15ന് പെരിന്തല്‍മണ്ണ തൂതയിലും പാലക്കാട് ചിറ്റൂരില്‍നിന്നുമായി 4.27 കോടി രൂപ പൊലീസ് പിടിച്ചു. വാഹനപരിശോധനക്കിടെയായിരുന്നു ഇതും. ആഗസ്ത് 25ന് പെരിന്തല്‍മണ്ണ കരിങ്കല്ലാത്താണിയില്‍ 2.9 കോടി രൂപയും 13 കിലോ സ്വര്‍ണക്കട്ടികളും പെരിന്തല്‍മണ്ണ പൊലീസ് പിടികൂടി. സ്വര്‍ണത്തിന് മൂന്നു കോടി രൂപയാണ് കണക്കാക്കിയത്. ഇത് അടുത്തകാലത്ത് കേരള പൊലീസ് നടത്തിയ ഏറ്റവും വലിയ ഹവാലവേട്ടയാണ്. ഇതിലെ അഞ്ചുകിലോ സ്വര്‍ണം ഉന്നതഭരണസ്വാധീനമുള്ള പെരിന്തല്‍മണ്ണയിലെ ഒരു മുസ്ളിംലിഗ് നേതാവിന്റേതാണെന്ന് പ്രതികള്‍ പൊലീസിനോട് സമ്മതിച്ചതായാണ് വിവരം. എന്നാല്‍ പൊലീസ് ഇത് മറച്ചുവച്ചു. പ്രതികള്‍ രണ്ടാംദിവസം ജാമ്യത്തിലിറങ്ങുകയുംചെയ്തു. നവംബര്‍ അഞ്ചിന് പഞ്ചായത്ത് തെരഞ്ഞെടുപ്പ് ദിവസം പെരിന്തല്‍മണ്ണക്കടുത്ത് അങ്ങാടിപ്പുറത്ത് കാറില്‍ കൊണ്ടുവന്ന മൂന്നു കോടി ഒമ്പതര ലക്ഷം രൂപയും പിടികൂടിയിരുന്നു. മാര്‍ച്ച് 22ന് വഴിക്കടവില്‍നിന്ന് 1.29 കോടിയുമായി രണ്ടുപേരെ പൊലീസ് അറസ്റ്റുചെയ്തു. 

LEAVE A REPLY

Please enter your comment!
Please enter your name here