ആഷാ മാത്യു

ഇന്ത്യ പ്രസ് ക്ലബ്ബ് ഓഫ് നോര്‍ത്ത് അമേരിക്കയുടെ മാധ്യമ പുരസ്‌കാരം 2023 എറണാകുളം ബോള്‍ഗാട്ടി പാലസ് റിസോര്‍ട്ട് കണ്‍വെന്‍ഷന്‍ സെന്റില്‍ നടന്നു. ഐപിസിഎന്‍എ സംഘടിപ്പിക്കുന്ന എട്ടാമത് അവാര്‍ഡ്ദാന ചടങ്ങാണ് നടന്നത്. കാലടി ശ്രീ ശാരദ വിദ്യാലയയിലെ വിദ്യാര്‍ത്ഥികള്‍ അവതരിപ്പിച്ച നൃത്തരൂപത്തിലുള്ള പ്രാര്‍ത്ഥനയോടെയാണ് പുരസ്‌കാര രാവിന് തുടക്കമായത്. മികവുറ്റ മാധ്യമപ്രവര്‍ത്തകര്‍ ആദരിക്കപ്പെടുന്ന ചടങ്ങിന് സാക്ഷിയാകാന്‍ സാമൂഹിക സാംസ്‌കാരിക രാഷ്ട്രീയ രംഗത്തെ നിരവധി പ്രമുഖര്‍ ബോള്‍ഗാട്ടി പാലസില്‍ എത്തിയിരുന്നു.

എക്‌സൈസ് വകുപ്പ് മന്ത്രി എംബി രാജേഷ്, റവന്യൂ വകുപ്പ് മന്ത്രി കെ രാജന്‍ എന്നിവര്‍ മുഖ്യാതിഥികളായ ചടങ്ങില്‍ എം.എല്‍.എമാരായടി.ജെ.വിനോദ്, അന്‍വര്‍ സാദത്ത്, റോജിഎം.ജോണ്‍, മാത്യു കുഴല്‍നാടന്‍ എന്നിവരും ഡോ. മാത്യു ബെര്‍ണാഡ്, സുനില്‍കുമാര്‍, ഫൊക്കാന പ്രസിഡന്റ് ബാബു സ്റ്റീഫന്‍, പോള്‍ കറുകപ്പള്ളി, സജിമോന്‍ ആന്റണി, തോമസ് തോമസ്, ഫിലിപ്പോസ് ഫിലിപ്പ്, അലക്‌സ് വിളനിലം, ജെയ്ബു കുളങ്ങര, തുടങ്ങി മറ്റ് നിരവധി പ്രമുഖരും സാന്നിധ്യമറിയിച്ചു.

ഇന്ത്യ പ്രസ് ക്ലബ്ബ് ഓഫ് നോര്‍ത്ത് അമേരിക്കയുടെ ജനറല്‍ സെക്രട്ടറി രാജു പള്ളത്ത് സ്വാഗത പ്രസംഗം നടത്തി. ഐപിസിഎന്‍എ നാഷണല്‍ പ്രസിഡന്റ് സുനില്‍ തൈമറ്റം അധ്യക്ഷ പ്രസംഗം നടത്തി. എംഎല്‍എ റോജി എം ജോണ്‍, എംല്‍എ വിആര്‍ സുനില്‍കുമാര്‍, മാവേലിക്കര മുനിസിപ്പല്‍ ചെയര്‍മാന്‍ കെവി ശ്രീകുമാര്‍, കിഡ്‌നി ഫൗണ്ടേഷന്‍ ചെയര്‍മാന്‍ ഫാ. ചേവിസ് ചിറമേല്‍, ഇന്ത്യ പ്രസ് ക്ലബ്ബ് ഓഫ് നോര്‍ത്ത് അമേരിക്കയുടെ എക്‌സിക്യുട്ടീവ് മെമ്പേര്‍സ്, ഐപിസിഎന്‍എ അഡൈ്വസറി ബോര്‍ഡ് ചെയര്‍മാന്‍ തുടങ്ങിയവര്‍ ചേര്‍ന്ന് തിരി തെളിച്ച് പുരസ്‌കാരച്ചടങ്ങിന്റെ ഔദ്യോഗിക ഉദ്ഘാടനം നിര്‍വ്വഹിച്ചു.

മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകരായ ടിജെഎസ് ജോര്‍ജ്, വിആര്‍പി ഭാസ്‌കര്‍, കെ മോഹനന്‍, പി രാജന്‍ എന്നിവരെ ‘ഗുരുവന്ദനം’ എന്ന ചടങ്ങിലൂടെ ആദരിച്ചത് പുരസ്‌കാര രാവ് കൂടുതല്‍ ഹൃദ്യമാക്കി. മാധ്യമശ്രീ അവാര്‍ഡിന് ദി ടെലിഗ്രാഫ് ഡെയിലി എഡിറ്റര്‍ ആര്‍. രാജഗോപാലും മാധ്യമരത്ന പുരസ്‌കാരത്തിന് ദേശാഭിമാനി റസിഡന്റ് എഡിറ്റര്‍ വി.ബി പരമേശ്വരനും അര്‍ഹരായി. മാധ്യമ മേഖലയിലെ മികച്ച സംഭാവനയ്ക്കുള്ള പുരസ്‌കാരം മാതൃഭൂമി ഡെപ്യുട്ടി എഡിറ്റര്‍ പി.പി ശശീന്ദ്രന് ലഭിച്ചു. മാധ്യമശ്രീ പുരസ്‌കാരത്തിന് ഒരു ലക്ഷം രൂപയും മാധ്യമരത്‌ന പുരസ്‌കാരത്തിന് അമ്പതിനായിരം രൂപയും മറ്റ് പുരസ്‌കാരങ്ങള്‍ക്ക് 25,000 രൂപ വീതവുമാണ് സമ്മാനത്തുക.

മലയാളത്തിന്റെ പ്രീയ ഗായകന്‍ എംജി ശ്രീകുമാര്‍ സാന്നിധ്യം കൊണ്ടും ഗാനമാലപിച്ചും പുരസ്‌കാര നിശയുടെ ഭാഗമായി. ഐഡിയ സ്റ്റാര്‍ സിംഗറിലൂടെ പ്രേക്ഷകര്‍ക്ക് സുപരിചിതയായ ഗായിക ഡോ. ബിനിതയും മിന്നല്‍ മുരളി എന്ന ചിത്രത്തില്‍ ഉയിരേ എന്ന ഗാനമാലപിച്ചു ശ്രദ്ധേയനായ ഗായകന്‍ മിഥുന്‍ ജയരാജും തങ്ങളുടെ സ്വതസിദ്ധമായ ആലാപന ശൈലികൊണ്ട് ചടങ്ങിന് കൊഴുപ്പേകി.

മികച്ച ഇന്‍വെസ്റ്റിഗേറ്റീവ് ജേണലിസ്റ്റ്, ജോഷി കുര്യന്‍ (സ്‌പെഷ്യല്‍ കറസ്‌പോണ്ടന്റ്, ഏഷ്യാനെറ്റ് ന്യൂസ്), മികച്ച ടിവി അവതാരക: സ്മൃതി പരുത്തിക്കാട് ( സീനിയര്‍ കോഡിനേറ്റിംഗ് എഡിറ്റര്‍, മീഡിയാവണ്‍), മികച്ച ടിവി അവതാരകന്‍: ഹാഷ്മി താജ് ഇബ്രാഹിം ( സീനിയര്‍ ന്യൂസ് എഡിറ്റര്‍, 24 ന്യൂസ്), മികച്ച റേഡിയോ ജോണലിസം പുരസ്‌കാരം: ഷാബു കിളിത്തട്ടില്‍ (ന്യൂസ് ഡയറക്ടര്‍, ഹിറ്റ് 96.7എഫ്എം, ദുബായ്), മികച്ച ഫോട്ടോ ജേണലിസ്റ്റ്: വിന്‍സെന്റ് പുളിക്കല്‍ (സീനിയര്‍ ന്യൂസ് ഫോട്ടോഗ്രാഫര്‍, ദി ന്യൂ ഇന്ത്യന്‍ എക്‌സ്പ്രസ്), മികച്ച ഫീച്ചര്‍ റൈറ്റര്‍: സീമ മോഹന്‍ലാല്‍ (സബ്എഡിറ്റര്‍: രാഷ്ട്രദീപിക എന്നിവരും ഐപിസിഎന്‍എ യുടെ പുരസ്‌കാരങ്ങള്‍ക്കര്‍ഹരായി.

മാധ്യമമേഖലയിലെ മികച്ച സംഭാവനയ്ക്കുള്ള പുരസ്‌കാരം ലഭിച്ച മാതൃഭൂമി ഡെപ്യുട്ടി എഡിറ്റര്‍ പി.പി ശശീന്ദ്രന്‍ രാഷ്ട്രീയ റിപ്പോര്‍ട്ടിങ്ങിലും കായിക റിപ്പോര്‍ട്ടിങ്ങിലും പ്രാഗത്ഭ്യം തെളിയിച്ച പത്രപ്രവര്‍ത്തകനാണ്. മാഹി സ്വദേശിയാണ്. 1984 മുതല്‍ മാതൃഭൂമിയില്‍ പ്രത്യേക ലേഖകനായും ബ്യൂറോചീഫായും വാര്‍ത്താവിഭാഗം മേധാവിയായും ഡെപ്യൂട്ടി എഡിറ്ററായുമൊക്കെ സേവനമനുഷ്ഠിക്കുകയാണ്.

മികച്ച ഇന്‍വെസ്റ്റിഗേറ്റിവ് ജേര്‍ണലിസ്റ്റ് പുരസ്‌കാരം ലഭിച്ച ജോഷി കുര്യന്‍ അമേരിക്കന്‍ വിദേശകാര്യമന്ത്രാലയത്തിന്റെ പ്രീമിയര്‍ എക്‌സേഞ്ച് ഇന്റര്‍നാഷണല്‍ വിസിറ്റേഴ്‌സ് ലീഡര്‍ഷിപ്പ് പ്രോഗ്രാമിന് അര്‍ഹതനേടിയിട്ടുള്ള കട്ടപ്പന സ്വദേശിയാണ്. മാധ്യമപ്രവര്‍ത്തനരംഗത്ത് 20 വര്‍ഷം പൂര്‍ത്തിയാക്കിയ ജോഷി കുര്യന്‍ 2003 മുതല്‍ 2005 വരെ രാഷ്ട്ര ദീപികയില്‍ കോട്ടയത്ത് സബ് എഡിറ്ററായിരുന്നു. മംഗളം ദിനപ്പത്രത്തില്‍ റിപ്പോര്‍ട്ടറായും മനോരമ ന്യൂസിലെ സീനിയര്‍ റിപ്പോര്‍ട്ടറായി ആലപ്പുഴയിലും തിരുവനന്തപുരത്തും കൊച്ചിയിലും പ്രവര്‍ത്തിച്ചു. അന്വേഷണാത്മക റിപ്പോര്‍ട്ടിങ്ങിന് ഇരുപതിലധികം അവാര്‍ഡുകളും 2018 ലെ സംസ്ഥാന മാധ്യമപുരസ്‌കാരവും കരസ്ഥമാക്കിയ ജോഷി കുര്യന്‍ കഴിഞ്ഞ 8 വര്‍ഷമായി ഏഷ്യാനെറ്റ് ന്യൂസ് കൊച്ചി ബ്യൂറോ ചീഫും സ്‌പെഷ്യല്‍ കറസ്‌പോണ്ടന്റുമായി പ്രവര്‍ത്തിക്കുന്നു.

മികച്ച ഫീച്ചര്‍ റൈറ്റര്‍ക്കുള്ള അവാര്‍ഡ് നേടിയ സീമ മോഹന്‍ലാല്‍ പത്രപ്രവര്‍ത്തനം ജീവിതവ്രതമാക്കി മാറ്റിയ അപൂര്‍വ വ്യക്തിത്വമാണ്. മെട്രോ മനോരമ, കേരളകൗമുദി, ദേശാഭിമാനി, മാധ്യമം തുടങ്ങിയപത്രങ്ങള്‍ക്കൊപ്പം ഫ്രീ ലാന്‍സ് ചെയ്താണ് തുടക്കം. സ്ത്രീകളുടെ ഒറ്റയാള്‍ പോരാട്ടങ്ങള്‍, സ്ത്രീധനപീഡനങ്ങള്‍, അനാഥബാല്യങ്ങള്‍ അന്യസംസ്ഥാനതൊഴിലാളികളുടെ ജീവിതങ്ങള്‍, വിദേശയുദ്ധങ്ങള്‍ക്കിടയില്‍ പെട്ടുപോയ വിദ്യാര്‍ത്ഥിജീവിതങ്ങള്‍, ഒറ്റപ്പെട്ട വാര്‍ദ്ധക്യങ്ങള്‍ അങ്ങനെ കാലികപ്രാധാന്യമുള്ള നിരവധി വിഷയങ്ങള്‍സമൂഹമധ്യത്തില്‍ ലേഖനങ്ങളായി മാറിയപ്പോള്‍ സീമ മോഹന്‍ലാലിനെ തേടിയെത്തിയത് സീമകളില്ലാത്ത അംഗീകാരങ്ങളുടെയും പുരസ്‌ക്കാരങ്ങളുടെയും ആകാശം.

മികച്ച റേഡിയോ ജേര്‍ണലിസം പുരസ്‌കാരം നേടിയ ഷാബു കിളിത്തട്ടില്‍ (ന്യൂസ് ഡയറക്ടര്‍, ഹിറ്റ് 96.7 എഫ് എം, ദുബായ്) 18 വര്‍ഷമായി റേഡിയോ അറേബ്യന്‍ നെറ്റ് വര്‍ക്കില്‍ പ്രവര്‍ത്തിക്കുന്നു. ദൂരദര്‍ശനിലെ ശാസ്ത്രകൗതുകം എന്ന പരിപാടിയിലൂടെ മാധ്യമജീവിതം ആരംഭിച്ച ഷാബു മലയാള സാഹിത്യരംഗത്തും
വ്യക്തിമുദ്രപതപ്പിച്ച മികച്ച എഴുത്തുകാരനാണ്.തിരുവന്തപുരം ചിറയിന്‍കീഴ് സ്വദേശിയാണ്. കാലിക പ്രധാന്യമുള്ള അദ്ദേഹത്തിന്റെ നോവലുകളും ലേഖനങ്ങളും ഇതിനകം വായനക്കാര്‍ക്കിടയില്‍ വളരെയേറെ ശ്രദ്ധേയമായി മാറികഴിഞ്ഞു.

ചിത്രങ്ങള്‍: പ്രാഡ ഫോട്ടോഗ്രാഫി, Ph: .9946687344

LEAVE A REPLY

Please enter your comment!
Please enter your name here