കൊച്ചി:കൊച്ചിയിലെ പ്രശസ്തമായ ലേക്‌ഷോര്‍ ആശുപത്രിയുടെ ഉടമസ്ഥത പ്രവാസി
വ്യവസായി എം.എ. യൂസഫലിയുടെ കൈകളിലേക്ക്. ഇന്ത്യയിലെ പ്രമുഖ നഗരങ്ങളില്‍
ആശുപത്രികള്‍ തുടങ്ങുന്നതിന്റെ ഭാഗമായാണ് യുഎഇ ആസ്ഥാനമായ വിപിഎസ്
ഹെല്‍ത്ത് കെയര്‍ ലേക്‌ഷോറിന്റെ നിയന്ത്രണം ഏറ്റെടുത്തത്. പമുഖ പ്രവാസി മലയാളി എം.എ. യൂസഫലിയുടെ നേതൃത്വത്തിലുള്ള ഗ്രൂപ്പാണ് വിപിഎസ് ഹെല്‍ത്ത്‌കെയര്‍. നേരത്തെയുണ്ടായിരുന്ന ഓഹരി പങ്കാളിത്തം 70 ശതമാനമായി ഉയര്‍ത്തിയാണ് യൂസഫലിയുടെ മരുമകന്‍ ഡോ. ഷംഷീര്‍ വയലില്‍ നിയന്ത്രിക്കുന്ന
വിപിഎസ് ഹെല്‍ത്ത് കെയര്‍ ലേക്‌ഷോറിനെ സ്വന്തമാക്കിയത്. വിപിഎസ് ഹെല്‍ത്ത് കെയര്‍ ചെയര്‍മാന്‍ സ്ഥാനം ഒഴിഞ്ഞ യൂസഫലി ഡോ. ഷംഷീറിനെ ചെയര്‍മാനും എംഡിയുമായി നിയമിക്കുകയും ചെയ്തു. ഉടമസ്ഥത കൈമാറിയെങ്കിലും ലേക്‌ഷോറിന്റെ എംഡിയും സിഇഒയുമായിരുന്ന ഡോ. ഫിലിപ് അഗസറ്റിന്‍ ജൂലൈ ഒന്നു വരെ തുടരും.

ലേക്‌ഷോറിന്റെ അവകാശ ഓഹരി പുറപ്പെടുവിച്ചപ്പോള്‍ വിപിഎസ് ഹെല്‍ത്ത്
കെയര്‍ 115 കോടി രൂപയുടെ നിക്ഷേപം നടത്തുകയായിരുന്നു. വിപിഎസ് ഹെല്‍ത്ത്
കെയറിന് ഗള്‍ഫ് രാജ്യങ്ങളില്‍ 16 ആശുപത്രികളുണ്ട്. അബുദാബിയിലെ
പ്രശസ്തമായ ബുര്‍ജീല്‍, എല്‍എല്‍എച്ച്, മിഡിയോര്‍ ആശുപത്രികള്‍ അതിലുള്‍പ്പെടും. വിപിഎസിന്റെ ഇന്ത്യയിലെ ആദ്യ ആശുപത്രിയാകും ലേക്‌ഷോര്‍.
വിപിഎസ് ലേക്‌ഷോര്‍ എന്നാണ് സ്ഥാപനത്തിന്റെ പുതിയ പേര്.

ലേക്‌ഷോറിന്റെ ഏറ്റെടുക്കലും വികസനവും തുടക്കം മാത്രമാണെന്നും ഇന്ത്യയിലെ മറ്റു സംസ്ഥാനങ്ങളിലെ വന്‍ നഗരങ്ങളിലും ഒട്ടേറെ ആശുപത്രികളില്‍ നിക്ഷേപം നടത്താനൊരുങ്ങുകയാണ് വിപിഎസ് ഗ്രൂപ്പ് എന്നും സിഇഒ എസ്.കെ.അബ്ദുല്ല
അറിയിച്ചു. കോഴിക്കോട്ട് പുതിയ ആശുപത്രി നിര്‍മിക്കാനും പദ്ധതിയുണ്ട്. ഇന്ത്യയിലെ ആദ്യ ഘട്ട പ്രവര്‍ത്തനങ്ങള്‍ക്ക് ആയിരം കോടി മുതല്‍ മുടക്കും. 300 കോടി മുടക്കി രണ്ടു ലക്ഷം ചതുരശ്രയടിയില്‍ പുതിയ ബ്ലോക്ക് ലേക്‌ഷോറില്‍ പണിതു വരികയാണ്. നൂതന കാര്‍ഡിയാക് ഇലക്ട്രോ ഫിസിയോളജി ലാബ് പുതിയ ബ്ലോക്കിലുണ്ടാകുമെന്നും അദ്ദേഹം അറിയിച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here