
കൊച്ചി: സിനിമ – ടെലിവിഷൻ താരം സുബി സുരേഷിന് (42) ഔദ്യോഗിക ബഹുമതികളോടെ സംസ്കാരം. ചേരാനെല്ലൂർ പൊതുശ്മശാനത്തിലായിരുന്നു സംസ്കാര ചടങ്ങുകൾ നടന്നത്. അന്ത്യാഞ്ജലി അർപ്പിക്കാൻ സഹപ്രവർത്തകരും സുഹൃത്തുക്കളും ഉൾപ്പെടെ നിരവധി പേർ എത്തിയിരുന്നു.
ഇന്ന് രാവിലെ എട്ടു മണിയ്ക്ക് സുബിയുടെ വരാപ്പുഴയിലെ വീട്ടിൽ മൃതദേഹം പൊതുദർശനത്തിന് വച്ചിരുന്നു. അവിടെ നിന്ന് 10മണിയ്ക്ക് വരാപ്പുഴ പുത്തൻപള്ളി പാരീഷ് ഹാളിലും പൊതുദർശനത്തിന് വച്ച ശേഷമാണ് ചേരാനെല്ലൂർ പൊതുശ്മശാനത്തിൽ എത്തിച്ചത്.
രോഗം മൂർച്ഛിച്ച് ജനുവരി 20നാണ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. ഇന്നലെ രാവിലെ 9.25ന് മരണം സംഭവിച്ചു. ശരീരം മരുന്നുകളോട് പ്രതികരിച്ചിരുന്നില്ല. പ്ലാസ്മ തെറാപ്പി ചെയ്തെങ്കിലും ഫലമുണ്ടായില്ല. വൃക്കയും തകരാറിലായി. ഇത് ഡയാലിസിസിലൂടെ പരിഹരിച്ചപ്പോഴേക്കും ഹൃദയത്തിന്റെ പ്രവർത്തനം മന്ദീഭവിച്ചു. ചൊവ്വാഴ്ച രാത്രി വെന്റിലേറ്ററിലേക്ക് മാറ്റിയെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
എറണാകുളം ജില്ലയിലെ തൃപ്പൂണിത്തുറയിലായിരുന്നു സുബി ജനിച്ചത്. തൃപ്പൂണിത്തുറ സർക്കാർ സ്‌കൂളിലും എറണാകുളം സെന്റ് തെരേസാസിലുമായിരുന്നു സ്‌കൂൾ – കോളേജ് വിദ്യാഭ്യാസം. അച്ഛൻ: സുരേഷ്, അമ്മ: അംബിക, സഹോദരൻ: എബി സുരേഷ്. സ്‌കൂള്‍ പഠനകാലത്ത് ഡാൻസിനോടായിരുന്നു സുബിക്ക് പ്രിയം. ഇതിലൂടെയാണ് കലാരംഗത്തേക്കെത്തിയത്. വിദേശരാജ്യങ്ങളിലും ധാരാളം സ്റ്റേജ് ഷോകൾ അവതരിപ്പിച്ചിട്ടുണ്ട്. സിനിമാല, കുട്ടിപ്പട്ടാളം തുടങ്ങിയ പരിപാടികളിലൂടെ ടെലിവിഷൻ പ്രേക്ഷകരുടെ പ്രിയങ്കരിയായി.
രാജസേനൻ സംവിധാനം ചെയ്ത കനക സിംഹാസനം എന്ന ചിത്രത്തിലൂടെയാണ് സിനിമയിലെത്തിയത്. എൽസമ്മ എന്ന ആൺകുട്ടി, പഞ്ചവർണ തത്ത തുടങ്ങി ഇരുപതിലധികം സിനിമകളിൽ അഭിനയിച്ചു. അടുത്തിടെ യൂട്യൂബിലും സജീവമായിരുന്നു. കൊവിഡിന് ശേഷം സുബിക്ക് ആരോഗ്യപ്രശ്നങ്ങൾ ഉണ്ടായിരുന്നതായി സുഹൃത്തുക്കൾ പറയുന്നു.