കോഴിക്കോട്: സ്വകാര്യ ആശുപത്രിയില്‍ കാലുമാറി ശസ്ത്രക്രിയ നടത്തിയെന്ന പരാതിയില്‍ അന്വേഷണം നടത്തി റിപ്പോര്‍ട്ട് നല്‍കാന്‍ ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് ജില്ല മെഡിക്കല്‍ ഓഫീസര്‍ക്ക് നിര്‍ദേശം നല്‍കി. കോഴിക്കോട് നാഷനൽ ആശുപത്രിയിൽ ശസ്ത്രക്രിയക്ക് വിധേയയായ കക്കോടി മക്കട ‘നക്ഷത്ര’യിൽ സജിന സുകുമാരന്റെ (60) പരാതിയിലാണ് നടപടി.

അഡീഷനൽ ഡി.എം.ഒ ഡോ. ദിനേശൻ വെള്ളിയാഴ്ച റിപ്പോർട്ട് നൽകും. നടക്കാവ് പൊലീസ് ആശുപത്രിയിലെത്തി രേഖകൾ ശേഖരിച്ചിട്ടുണ്ട്. അതിനിടെ രോഗിയെ മെഡി. കോളജ് ആശുപത്രിയിലേക്ക് മാറ്റി. സ്വകാര്യ ആശുപ​ത്രി അധികൃതർ അവർക്കനുകൂലമായി രേഖകളിൽ തിരുത്തൽ നടത്തിയതായി മകൾ ഷിംന പറഞ്ഞു.

 

കഴിഞ്ഞ ചൊവ്വാഴ്ചയാണ് സജിന സുകുമാരൻ നാഷനൽ ആശുപത്രിയിൽ ചികിത്സക്ക് വിധേയയായത്. ഇടതുകാലിന്റെ ഞരമ്പിനേറ്റ ക്ഷതം പരിഹരിക്കാൻ വലതുകാലിന് ശസ്ത്രക്രിയ നടത്തി എന്നാണ് പരാതി. വലതുകാലിന് യാതൊരു ​പ്രയാസവും ഇല്ലായിരുന്നുവെന്നും ഈ കാലിൽ ശസ്ത്രക്രിയ നടത്തിയത് ഡോക്ടർക്ക് സംഭവിച്ച പിഴവാണെന്നും ബന്ധുക്കൾ പറഞ്ഞു.

അതേസമയം ഇരു കാലിനും ഉപ്പൂറ്റിക്ക് പരിക്കുള്ളതിനാലാണ് ആദ്യം വലതുകാലിന് ശസ്​ത്രക്രിയ നടത്തിയത് എന്നാണ് ശസ്ത്രക്രിയ നടത്തിയ ഓർത്തോ സർജൻ ഡോ. ബെഹിർഷാന്റെ വിശദീകരണം. എന്നാൽ ശസ്ത്രക്രിയക്കുള്ള എല്ലാ നടപടികളും പൂർത്തിയാക്കിയത് ഇടതുകാലിനായിരുന്നുവെന്നും രോഗി പറഞ്ഞു. വലതു കാലിന് സ്കാനിങ് പോലും നടത്തിയിരുന്നില്ല.

ഇടതുകാലിന്റെ ഉപ്പൂറ്റിക്ക് വാതിലിനിടയിൽ കുടുങ്ങി പരിക്കേറ്റതിനെ തുടർന്നാണ് ശസ്​ത്രക്രിയ വേണ്ടി വന്നതെന്ന് സജിന സുകുമാരൻ പറഞ്ഞു. ഒരു വർഷം മുമ്പായിരുന്നു പരിക്കേറ്റത്. മാസങ്ങളായി മരുന്ന് കഴിച്ചിട്ടും വേദന മാറാത്തതി​നെ തുടർന്നാണ് സർജനെ കാണിച്ചത്.

LEAVE A REPLY

Please enter your comment!
Please enter your name here