ദൂരദർശനും ആകാശവാണിയും ഇനി മുതൽ മതരാഷ്ട്ര പ്രചാരകരെന്ന് മന്ത്രി പി എ മുഹമ്മദ് റിയാസ്. മതവർഗീയ വാർത്തകളുടെ പ്രസരണ കേന്ദ്രമായ ഹിന്ദുസ്ഥാൻ സമാചാറുമായി വാലന്റൈൻസ് ദിനത്തിലാണ് പ്രസാർഭാരതി ബാന്ധവത്തിന് തുടക്കമിട്ടിരിക്കുന്നത്. മതനിരപേക്ഷ ഇന്ത്യ എങ്ങോട്ടാണെന്ന് പി എ മുഹമ്മദ് റിയാസ് ചോദിച്ചു. ഫേസ്ബുക്ക് കുറിപ്പിലൂടെയായിരുന്നു മന്ത്രിയുടെ പ്രതികരണം.

 

ഇതിനിടെ 2024-ലെ പൊതുതിരഞ്ഞെടുപ്പ് ലക്ഷ്യമിട്ട് ദൂരദർശനിലും ആകാശവാണിയിലും വ്യാജവിവരങ്ങളും വിദ്വേഷവും പ്രചരിപ്പിക്കാനുള്ള നീക്കമാണിതെന്ന് സി.പി.ഐ.എം. ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി വിമർശിച്ചു. അതിനിടെ ആർ.എസ്.എസ്. നിയന്ത്രിക്കുന്ന വാർത്താ ഏജൻസിയെ പ്രസാർഭാരതിയുടെ അടിസ്ഥാന വാർത്താ സ്രോതസ്സാക്കാനുള്ള തീരുമാനത്തിനെതിരേ ജനാധിപത്യവിശ്വാസികൾ രംഗത്തുവരണമെന്ന് സി.പി.എം. പി.ബി. അംഗം എം.എ. ബേബി പറഞ്ഞു.

സ്വതന്ത്ര വാർത്താ ഏജൻസികളായ പി.ടി.ഐ. (പ്രസ് ട്രസ്റ്റ് ഓഫ് ഇന്ത്യ), യു.എൻ.ഐ. (യുണൈറ്റഡ് ന്യൂസ് ഓഫ് ഇന്ത്യ) എന്നിവയെ ഒഴിവാക്കിയാണ് പ്രസാർ ഭാരതിയുടെ പുതിയ കരാർ. രാജ്യത്തെ ഏറ്റവും വലുതും വിശ്വാസ്യതയേറിയതുമായ വാർത്താ ഏജൻസിയായ പി.ടി.ഐ.യുമായുള്ള വാർത്താ കരാർ 2020-ൽ നിർത്തലാക്കിയിരുന്നു. സബ്‌സ്‌ക്രിപ്ഷൻ ഫീസ് കൂടുതലാണെന്ന കാരണത്താലാണ് നടപടിയെന്നാണ് വിവരം. പുതിയ കരാർപ്രകാരം ഹിന്ദുസ്ഥാൻ സമാചാർ ദിവസവും 100 വാർത്തകളെങ്കിലും പ്രസാർഭാരതിക്കു നൽകണം. 2025 മാർച്ചുവരെയുള്ള കരാറിലേക്ക് ഫീസായി 7.7 കോടി രൂപ സർക്കാർ നൽകും. മുമ്പ് പി.ടി.ഐ.ക്ക്‌ വർഷത്തിൽ ഒമ്പത് കോടിയോളം രൂപയായിരുന്നു ഫീസായി നൽകിയിരുന്നത്.

LEAVE A REPLY

Please enter your comment!
Please enter your name here