തിരുവനന്തപുരം: വേനല്‍ ചൂടിന് ആശ്വാസമായി, സംസ്ഥാനത്ത് ആരംഭം കുറിച്ച് വേനല്‍മഴയെത്തി. വൈകിട്ടോടെ പത്തനംതിട്ടയിലും തൊട്ടുപിന്നാലെ കോട്ടയത്തും വിവിധ ഇടങ്ങളിലും മഴയെത്തി. കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ 4 മണിക്ക് ശേഷം പുറത്തിറങ്ങിയ അറിയിപ്പില്‍ പത്തനംതിട്ട അടക്കമുള്ള ജില്ലകളില്‍ മഴ ലഭിക്കുമെന്ന് പറഞ്ഞിരുന്നു.

 

ആറ് മണിയോടെ പുറത്തിറക്കിയ അറിയിപ്പില്‍ കോട്ടയം ജില്ലയില്‍ ഒറ്റപ്പെട്ടയിടങ്ങളില്‍ ഇടിയോടു കൂടിയ മഴയ്ക്കും മണിക്കൂറില്‍ 40 കീ.മി വരെ വേഗതയില്‍ വീശിയടിച്ചേക്കാവുന്ന കാറ്റിനും സാധ്യതയുണ്ടെന്നാണ്. മഴ എത്തിയ ആശ്വാസത്തിലാണ് ഇരുജില്ലകളിലെയും ആളുകള്‍. രാത്രി കൂടുതല്‍ ജില്ലകളില്‍ മഴയ്ക്ക് സാധ്യതയുണ്ടെന്നും പ്രവചിച്ചിട്ടുണ്ട്. മലപ്പുറം, പാലക്കാട് എന്നീ ജില്ലകളിലാണ് മഴ പെയ്യാന്‍ കൂടുതല്‍ സാധ്യത.

 

എന്നാല്‍ ഇതിന് പുറമേ മാര്‍ച്ച് 15 മുതല്‍ 17 വരെ കേരളത്തില്‍ ഒറ്റപ്പെട്ടയിടങ്ങളില്‍ ഇടിമിന്നലോടുകൂടിയ മഴെയ്ക്ക് സാധ്യതയുണ്ടെന്ന് പ്രവചിച്ചിട്ടുണ്ട്. തെക്ക് കേരളത്തിലും മധ്യ കേരളത്തിലുമാണ് ആദ്യം മഴ എത്തുന്നത്. ഇതിന് ശേഷം ആയിരിക്കും വടക്കന്‍ കേരളത്തില്‍ മഴ ലഭിക്കുന്നത്.

അതിനിടെ കേരള തീരത്ത് ഉയര്‍ന്ന തിരമാല ജാഗ്രതാ നിര്‍ദേശം പുറപ്പെടുവിച്ചിട്ടുണ്ട്. കേരള തീരത്ത് 16-03-2023 രാത്രി 11.30 വരെ 0.4 മുതല്‍ 0.9 മീറ്റര്‍ വരെ ഉയര്‍ന്ന തിരമാലയ്ക്കും കടലാക്രമണത്തിനും സാധ്യതയുണ്ടെന്ന് ദേശീയ സമുദ്രസ്ഥിതിപഠന ഗവേഷണ കേന്ദ്രം (INCOIS) അറിയിച്ചു. അതിനാല്‍ ബിച്ചിലുള്ള വിനോദങ്ങള്‍ ഒഴിവാക്കാനും, മത്സ്യബന്ധനം നടത്തുന്നവര്‍ ഉപകരണങ്ങളുടെ സുരക്ഷാ ഉറപ്പാക്കാനും നിര്‍ദ്ദേശമുണ്ട്.

LEAVE A REPLY

Please enter your comment!
Please enter your name here