ഹൈദരാബാദ്: രോഗനിവാരണത്തിന് സംയോജിത വൈദ്യശാസ്ത്ര സമീപനം ആവശ്യമുണ്ടെന്ന് തെലങ്കാന, പുതുച്ചേരി ഗവർണറും പ്രശസ്ത ഗൈനക്കോളജിസ്റ്റുമായ ഡോ. തമിഴിസൈ സൗന്ദരരാജൻ. ഹൈദരാബാദിൽ നടന്ന ഹോമിയോപ്പതി വിജ്ഞാന സമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അവർ.

ഹോമിയോപ്പതി സുരക്ഷിതവും ചെലവ് കുറഞ്ഞതും ഫലപ്രദവുമാണെന്നും രോഗങ്ങളുടെ മൂലകാരണം കണ്ടെത്തി ചികിത്സിക്കുന്നതാണെന്നും അവർ പറഞ്ഞു. ആരോഗ്യ പരിപാലനത്തിലെ എല്ലാ വെല്ലുവിളികളെയും നേരിടാൻ ഒരു വൈദ്യശാസ്ത്ര രീതിക്കും കഴിയില്ലെന്നും ഒരു മാർഗവും മറ്റൊന്നിന് ബദലായോ രണ്ടാംകിടയായോ കണക്കാക്കരുതെന്നും അവർ ഊന്നിപ്പറഞ്ഞു.

വിജ്ഞാന ഭാരതിയും (വിഭ) ഗ്ലോബൽ ഹോമിയോപ്പതി ഫൗണ്ടേഷനും (ജിഎച്ച്എഫ്) സംയുക്തമായി ഹൈദരാബാദിലെ ഐസിറ്റി ഓഡിറ്റോറിയത്തിൽ ഏപ്രിൽ 9ന് സംഘടിപ്പിച്ച സമ്മേളനത്തിൽ വൈദ്യശാസ്ത്ര, കോർപ്പറേറ്റ് മേഖലകളിലെ പ്രമുഖർ പങ്കെടുത്തു.

ഇന്ത്യയിലും വിദേശത്തുമായി ആസൂത്രണം ചെയ്തിട്ടുള്ള ഹോമിയോപ്പതി സമ്മേളന പരമ്പരയ്ക്ക് മുന്നോടിയായാണ് സമ്മേളനം സംഘടിപ്പിക്കപ്പെട്ടത്. അടുത്ത വർഷം കൊൽക്കത്തയിൽ നടക്കാനിരിക്കുന്ന അഞ്ച് ദിവസം നീണ്ടു നിൽക്കുന്ന ലോക ഹോമിയോപ്പതി ഉച്ചകോടിയോടെ (ദി വേൾഡ് ഹോമിയോപ്പതി സമ്മിറ്റ് 2024) പരിപാടി സമാപിക്കും.

“സമ്പൂർണ ആരോഗ്യം” എന്നതായിരുന്നു സമ്മേളനത്തിന്റെ വിഷയം. ആധുനിക വൈദ്യശാസ്ത്രം, ജീവശാസ്ത്രം എന്നീ മേഖലകളിൽ നിന്നുള്ള പ്രമുഖർ പൊതുജനാരോഗ്യ ഇടപെടലുകൾ, ആന്റി-മൈക്രോബിയൽ റെസിസ്റ്റൻസ്, ആരോഗ്യ സംരക്ഷണത്തിലേയും വൈദ്യശാസ്ത്ര പഠനത്തിലെയും പുതിയ ദിശകൾ, ഗവേഷണത്തിലെ പുതിയ മാനങ്ങൾ എന്നിവയെക്കുറിച്ച് അവരുടെ ചിന്തകൾ അവതരിപ്പിച്ചു. ക്യൂറേറ്റീവ്, പ്രിവന്റീവ്, പ്രൊമോട്ടീവ് ഹെൽത്ത് എന്നിവയിൽ ഹോമിയോപ്പതിയുടെ ശക്തിയും വെറ്ററിനറി മെഡിസിൻ എന്ന നിലയിലും കാർഷിക പരിചരണത്തിലും അതിന്റെ സാധ്യതയും ചടങ്ങിൽ ചർച്ച ചെയ്തു.

ഹോമിയോപ്പതിയിലെ ജീവിച്ചിരിക്കുന്ന രണ്ട് പ്രമുഖരായ ഡോ. ശിവശങ്കർ റെഡ്ഡി, ഡോ. ജനാർദ്ദന റെഡ്ഡി എന്നിവരെ സമ്മേളനത്തിൽ ആദരിച്ചു.

വിഭ വൈസ് പ്രസിഡന്റ് സതീഷ് ഷേണായ്, ദേശീയ സെക്രട്ടറിമാരായ പ്രവീൺ രാംദാസ്, വിവേകാനന്ദ പൈ എന്നിവർ ചടങ്ങിൽ സംസാരിച്ചു. രാജ്യത്തുടനീളവും ആഗോളതലത്തിലും ഹോമിയോപ്പതിയുടെ സ്വീകാര്യത വർധിപ്പിക്കുന്നതിന് ജിഎച്ച്എഫുമായി ചേർന്ന് പ്രവർത്തിക്കുമെന്നവർ അറിയിച്ചു.

കേന്ദ്ര ശാസ്ത്ര സാങ്കേതിക വകുപ്പ് സെക്രട്ടറി ഡോ. എസ് ചന്ദ്രശേഖറായിരുന്നു വിശിഷ്‌ടാതിഥി. വകുപ്പിന് കീഴിലുള്ള സ്ഥാപനങ്ങൾ വഴി ഹോമിയോപ്പതിയിൽ ഗവേഷണം നടത്താനുള്ള അവസരങ്ങളെക്കുറിച്ച് അദ്ദേഹം സംസാരിച്ചു. ഐഐസിടി ഡയറക്ടർ ഡോ ശ്രീനിവാസ റെഡ്ഡി ജമ്മുവിലെ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ട്രഡീഷണൽ മെഡിസിൻ ഡയറക്ടറായിരിക്കെ ആയുഷ് ഗവേഷണത്തെക്കുറിച്ചുള്ള തന്റെ അനുഭവം പങ്കുവെക്കുകയും ഹോമിയോപ്പതി രംഗത്തുള്ളവർക്ക് ഇൻസ്റ്റിറ്റ്യൂട്ടിൽ ലഭ്യമായ സൗകര്യങ്ങൾ വിപുലമായ ഗവേഷണത്തിനായി ഉപയോഗിക്കാമെന്ന് നിർദ്ദേശിക്കുകയും ചെയ്തു. ഹൈദരാബാദിലെ നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ന്യൂട്രീഷൻ ഡയറക്ടർ ആരോഗ്യപരിചരണ രംഗത്ത് പാശ്ചാത്യ മാതൃകകളിൽ നിർദ്ദേശിച്ചിട്ടുള്ള ബയോകെമിക്കൽ മാനദണ്ഡങ്ങൾ പഠിക്കേണ്ടതിന്റെ ആവശ്യകത ഉയർത്തിക്കാട്ടി. ജീവിതശൈലി രോഗങ്ങൾ നിയന്ത്രിക്കുന്നതിന് സുരക്ഷിതവും ഫലപ്രദവുമായ ഹോമിയോസ്യൂട്ടിക്കൽസ് വികസിപ്പിക്കാനും അദ്ദേഹം നിർദ്ദേശിച്ചു. ബിസിറ്റി വഴി ജാപ്പനീസ് മസ്തിഷ്ക ജ്വരത്തെ നിയന്ത്രിക്കുന്നതിൽ തെലങ്കാനയുടെ സംഭാവന ഒരു പ്രതിരോധ ആരോഗ്യ മാതൃകയായി ഉയർത്തിക്കാട്ടി. ചെന്നൈ അപ്പോളോ ആശുപത്രിയിലെ ഡോ. അബ്ദുൾ ഗഫൂർ ആന്റി-മൈക്രോബയൽ പ്രതിരോധത്തെക്കുറിച്ചും ആരോഗ്യ സംരക്ഷണത്തിൽ അതിന്റെ ഫലത്തെക്കുറിച്ചും സംസാരിച്ചു. ജിഎച്ച്എഫ് പ്രതിനിധി ഡോ എസ് പ്രവീൺ കുമാർ ആന്റി മൈക്രോബിയൽ പ്രതിരോധത്തെ നേരിടുന്നതിൽ ഹോമിയോപ്പതിയുടെ കഴിവുകൾ എടുത്തുപറഞ്ഞു. ജിംസിലെ ഡോക്ടർ നവീൻ പാവസ്‌കർ, കേരളത്തിൽ നിന്നുള്ള ഡോ വിനു കൃഷ്ണൻ, ഡോ റെജി കുമാർ, പുതുച്ചേരി അരബിന്ദോ ആശ്രമത്തിൽ നിന്നുള്ള ഡോ പച്ചെഗോങ്കർ ചെന്നൈയിൽ നിന്നുള്ള ഡോ രാജ് സംഘ്വി, പുണെ ഭാരതി വിദ്യാപീഠിലെ ഡോ അനിതാ പാട്ടീൽ, ന്യൂഡൽഹിയിലെ ഡോ പൂർണിമ ശുക്ല എന്നിവരായിരുന്നു മറ്റ് പ്രമുഖ പ്രഭാഷകർ.


വിഭയുടെ ട്രസ്റ്റിമാരുടെയും ഭാരവാഹികളുടെയും യോഗം ഹോമിയോപ്പതിയുടെ ശക്തി പഠിക്കാൻ അക്കാദമിക്, ഗവേഷണ, ആരോഗ്യസംരക്ഷണ മേഖലകളിലെ വിദഗ്ധർ അടങ്ങുന്ന ഒരു സമിതി രൂപീകരിക്കാൻ ആയുഷ്/നീതി ആയോഗ് മന്ത്രാലയത്തോട് ശുപാർശ ചെയ്യാൻ തീരുമാനിച്ചു.

ആരോഗ്യഭാരതി വൈസ് ചെയർമാനും ഇന്നൊവേറ്റീവ് ചിന്താ ഫോറത്തിന്റെ സ്ഥാപക ട്രസ്റ്റിയുമായ ശ്രീ എസ് ബി ദംഗയാച്ച് ഡ്രഗ്‌സ് ആൻഡ് കോസ്‌മെറ്റിക് നിയമത്തിൽ ഹോമിയോപ്പതിയെക്കുറിച്ച് ഉൾപ്പെടുത്തുന്നതിനുള്ള കരട് നിർമിക്കുന്നതിന് ഒരു വിദഗ്ധ സമിതി രൂപീകരിക്കാൻ ആയുഷ് മന്ത്രാലയത്തോട് ശുപാർശ ചെയ്യാൻ നിർദ്ദേശിച്ചു.

കൊൽക്കത്തയിൽ നടക്കാനിരിക്കുന്ന ഉച്ചകോടിയിൽ ലോകമെമ്പാടുമുള്ള 6000 പ്രതിനിധികൾ പങ്കെടുക്കും. പരിപാടിയുടെ ഭാഗമായി നടത്തുന്ന പ്രദർശനത്തിൽ അഞ്ചു ലക്ഷം പേർ പങ്കെടുക്കുമെന്ന് കണക്കാക്കുന്നു. നൂറു രാജ്യങ്ങളിൽ നിന്നുള്ള ട്രഡീഷണൽ കോംപ്ളിമെന്ററി മെഡിസിൻ റെഗുലേറ്റേഴ്‌സ് പങ്കെടുക്കും.

   

ഫോട്ടോ ക്യാപ്ഷൻ: തെലങ്കാന ഗവർണർ ഡോ. തമിഴിസൈ സൗന്ദരരാജൻ, ജിഎച്ച്എഫ് ചെയർമാൻ ഡോ ജയേഷ് വി സംഘവി, വിഭ ദേശീയ വൈസ് പ്രസിഡന്റ് സതീഷ് ഷേണായി, വിഭ ദേശീയ സെക്രട്ടറി വിവേകാനന്ദ പൈ, വിഭ ദേശീയ സെക്രട്ടറി പ്രവീൺ രാംദാസ്, ഡിഎസ്ടി സെക്രട്ടറി ചന്ദ്രശേഖർ.

LEAVE A REPLY

Please enter your comment!
Please enter your name here