കാസര്‍കോട്/പാലക്കാട്: പ്രതിപക്ഷ നേതാവ് വി.എസ്. അച്യുതാനന്ദനെതിരെ നിയമനടപടിയുമായി മുന്നോട്ടുപോകുമെന്ന് മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയും ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തലയും. യു.ഡി.എഫ്. മന്ത്രിസഭയിലെ എല്ലാ മന്ത്രിമാര്‍ക്കെതിരെയും അഴിമതിക്കേസുണ്ടെന്ന വി.എസ്സിന്റെ പ്രസ്താവനയ്ക്ക് എതിരെയാണ് മുഖ്യമന്ത്രിയും ആഭ്യന്തരമന്ത്രിയും നിയമനടപടിയ്‌ക്കൊരുങ്ങുന്നത്.

വി.എസ്സിനെതിരെ തിരഞ്ഞെടുപ്പ് കമ്മീഷനില്‍ പരാതി നല്‍കിയിട്ടുണ്ടെന്ന് ഉമ്മന്‍ ചാണ്ടി പറഞ്ഞു. പ്രായത്തിന്റെ പരിഗണന നല്‍കില്ലെന്നും തിരഞ്ഞെടുപ്പ് അടുത്ത സാഹചര്യത്തില്‍ വന്ന പ്രസതാവന ആയതിനാല്‍ കേസുമായി മുന്നോട്ടുപോകുമെന്നും അദ്ദേഹം പറഞ്ഞു. കാസര്‍ക്കോട് പ്രസ് ക്ലബ്ബില്‍ ജനസഭ പരിപാടിയില്‍ പങ്കെടുക്കുകയായിരുന്നു അദ്ദേഹം.

നേരത്തേ തനിയ്‌ക്കെതിരെ 13 കേസുകളുണ്ടെന്ന് പറഞ്ഞ വി.എസ്സിനെതിരെ ഉമ്മന്‍ ചാണ്ടി രംഗത്തെത്തിയിരുന്നു. വി.എസ്സിന്റെ പ്രസംഗം വാസ്തവവിരുദ്ധമാണെന്നും തനിയ്‌ക്കെതിരെ ഒരൊറ്റ കേസുമില്ലെന്നും പറഞ്ഞ ഉമ്മന്‍ ചാണ്ടി പ്രസ്താവന പിന്‍വലിച്ച് മാപ്പു പറഞ്ഞില്ലെങ്കില്‍ നിയമനടപടി എടുക്കുമെന്നും വ്യക്തമാക്കിയിരുന്നു.

വി.എസ്സിനെതിരെ നിയമപരമായ നീക്കം നടത്തുമെന്ന് ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തലയും പറഞ്ഞു. തനിയ്‌ക്കെതിരെ അഴിമതിക്കേസുകളുണ്ടെന്ന പ്രസ്താവന പിന്‍വലിക്കാത്ത സാഹചര്യത്തിലാണ് നിയമനടപടിയിലേക്ക് നീങ്ങുന്നതെന്നും ചെന്നിത്തല കൂട്ടിച്ചേര്‍ത്തു. മുഖ്യമന്ത്രിക്കും തനിയ്ക്കുമെതിരെ കേസുണ്ടെന്ന വി.എസ്സിന്റെ പ്രസ്താവന അടിസ്ഥാനരഹിതമാണെന്നും അദ്ദേഹം പാലക്കാട്ട് പറഞ്ഞു.

LEAVE A REPLY

Please enter your comment!
Please enter your name here